31 March Tuesday

ഡൽഹി കലാപം : കൊല്ലപ്പെട്ടവർ 23 ; ഇരുനൂറിലധികം പേർക്ക്‌ പരിക്ക്‌ ; മരണസംഖ്യ ഉയർന്നേക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൗരി ഖാസ്‌ മേഖലയിൽനിന്ന്‌ ഒഴിഞ്ഞുപോകുന്നവർ


ന്യൂഡൽഹി
ഡൽഹിയിൽ നാലാം ദിവസവും തുടരുന്ന വർഗീയകലാപത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഇരുനൂറിലധികം പേർക്കാണ്‌ പരിക്കേറ്റത്‌. നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേർ ആശുപത്രി അത്യാഹിതവിഭാഗത്തിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും. വടക്കു കിഴക്കൻ ഡൽഹിയിൽ പലയിടത്തും ബുധനാഴ്‌ചയും വെടിവയ്‌പടക്കം അക്രമസംഭവങ്ങളുണ്ടായി.

കരാവൽ നഗറിൽ ആസിഫ്‌ എന്നയാൾക്ക്‌ വെടിയേറ്റു. ഭജൻപുരയിൽ രാവിലെ ബാറ്ററിക്കടയ്‌ക്ക്‌ തീവച്ചു. കഴിഞ്ഞ രണ്ടുദിവസം തീവയ്‌പുണ്ടായ ഗോകുൽപുരിയിൽ വീണ്ടും ടയർ കടകൾക്ക്‌ തീയിട്ടു. പലയിടത്തും കല്ലേറും തീവയ്‌പും ഉണ്ടായി. ഇന്റലിജൻസ്‌ ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ്‌ അങ്കിത്‌ ശർമയുടെ മൃതദേഹം ചന്ദ്‌ബാഗിലെ അഴുക്കുചാലിൽനിന്ന്‌ കണ്ടെത്തി.  

കലാപമേഖലകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ സന്ദർശിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷ ഉറപ്പാക്കുമെന്ന്‌ താൻ വാക്ക്‌ നൽകുന്നെന്നും ഡോവൽ പറഞ്ഞു.  ലക്ഷ്‌മിനഗറിൽ രാത്രി ബിജെപി എംഎൽഎ അഭയ്‌ വർമയുടെ നേതൃത്വത്തിൽ പ്രകോപനമുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു. പൊലീസിനെ കൊന്നവരെ വെടിവച്ച്‌ കൊല്ലണം എന്ന മുദ്രാവാക്യവുമായാണ്‌ പ്രകടനം നടന്നത്‌.

കൊല്ലപ്പെട്ട പൊലീസ്‌ ഹെഡ്‌ കോൺസ്റ്റിബിൾ രത്തൻ ലാലിന്റെ കുടുംബത്തിന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാനവും സാഹോദര്യവും പുലർത്തണമെന്ന്‌ ആഹ്വാനം ചെയ്‌തു.


പ്രധാന വാർത്തകൾ
 Top