04 December Friday

പാലിഗഞ്ചിൽ ജെഎൻയു തിളക്കം ; ലാലു സിന്ദാബാദിൽ അസ്വസ്ഥനായി നിതീഷ്‌

എം പ്രശാന്ത‌്Updated: Monday Oct 26, 2020


ന്യൂഡൽഹി
‌ചന്ദ്രശേഖർ പ്രസാദ്‌ മുതൽ കനയ്യ കുമാർവരെ ജെഎൻയുവിലെ ക്യാമ്പസ്‌ രാഷ്ട്രീയത്തിൽ തിളങ്ങിയ ബിഹാറുകാർ നിരവധിയാണ്‌. ജെഎൻയു ക്യാമ്പസ്‌ ബിഹാർ രാഷ്ട്രീയത്തിന്‌ സമ്മാനിച്ച യുവമുഖങ്ങളിൽ ഒന്നാണ്‌ പാലിഗഞ്ചിലെ മഹാസഖ്യം സ്ഥാനാർഥിയും സിപിഐ എംഎൽ നേതാവുമായ സന്ദീപ്‌ സൗരഭ്‌.

2013ൽ ജെഎൻയു വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു സന്ദീപ്‌. ഹിന്ദിയിൽ ഡോക്ടറേറ്റ്‌ നേടിയശേഷം ബിഹാറിലെ ഒരു കോളേജിൽ അസി. പ്രൊഫസറായി നിയമിക്കപ്പെട്ടെങ്കിലും പൂർണസമയ സംഘടനാപ്രവർത്തനത്തിലേക്ക്‌ മാറി.

പട്‌ന ജില്ലയിലെ പാലിഗഞ്ചിൽ ആദ്യഘട്ടമാണ്‌ വോട്ടെടുപ്പ്‌. സന്ദീപ്‌ സൗരഭിന്‌ എതിരാളികളായി ജെഡിയുവിന്റെ സിറ്റിങ് ജയ്‌വർധൻ യാദവും എൽജെപിയുടെ ഉഷ വിദ്യാർഥിയുമാണ്‌.  പ്രമുഖ സോഷ്യലിസ്‌റ്റ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാംലഖൻ സിങ്ങിന്റെ മകനായ ജയ്‌വർധൻ 2015ൽ മഹാസഖ്യം സ്ഥാനാർഥിയായി ആർജെഡി ടിക്കറ്റിലാണ്‌ ജയിച്ചത്‌. ഇക്കുറി സീറ്റ്‌ സിപിഐ എംഎല്ലിന്‌ നൽകിയപ്പോൾ ജെഡിയുവിലേക്ക്‌ ചേക്കേറി.

ബിജെപി ടിക്കറ്റിൽ 2010ൽ ജയിച്ച ഉഷ  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റു. ഇക്കുറി സീറ്റ്‌ ജെഡിയുവിന്‌ നൽകിയപ്പോൾ ഉഷ ബിജെപിയിൽനിന്ന്‌ എൽജെപിയിലേക്ക്‌ കൂറുമാറി.  പാലിഗഞ്ചിൽ  2005ൽ സിപിഐ എംഎൽ സ്ഥാനാർഥി  ജയിച്ചിരുന്നു.  
ജാതിസമവാക്യങ്ങൾ നിർണായകമാണ്‌ പാലിഗഞ്ചിലും.  യാദവരും ഭൂമിഹാർ അടക്കമുള്ള സവർണരുമാണ്‌  പ്രബലസമുദായങ്ങൾ. ആർജെഡിയുമായി സഖ്യത്തിലായതിനാൽ യാദവ വോട്ടുകൾ മഹാസഖ്യത്തിന്‌ അനുകൂലമാകും. സവർണ വോട്ടുകൾ ജെഡിയു–- എൽജെപി സ്ഥാനാർഥികൾക്കായി ഭിന്നിക്കപ്പെടാനാണ്‌ സാധ്യത. പിന്നോക്ക വിഭാഗക്കാർ പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പമാണ്‌.

ലാലു സിന്ദാബാദിൽ അസ്വസ്ഥനായി നിതീഷ്‌
ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ  അസ്വസ്ഥനാക്കി തെരഞ്ഞെടുപ്പ്‌ റാലികളിൽ ലാലു അനുകൂല മുദ്രാവാക്യം. നിരവധി റാലികളിൽ ഇതാവർത്തിച്ചതോടെ നിതീഷ്‌  പൊട്ടിത്തെറിച്ചു. ബിജെപിയും എൽജെപിയുമായി രഹസ്യധാരണയുണ്ടോയെന്ന സംശയം നിലനിൽക്കെയാണ്‌ സ്വന്തം റാലികളിൽ ലാലുവിന്‌ അനുകൂലമായി മുദ്രാവാക്യങ്ങൾ. ശനിയാഴ്‌ച ബഗുസരായിലെ റാലിയിലും ലാലു അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.

ആദ്യ ഘട്ട പ്രചാരണം ഇന്നവസാനിക്കും
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണം തിങ്കളാഴ്‌ച സമാപിക്കും.  ബുധനാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. തെക്കൻ ബിഹാറിലെ 71 മണ്ഡലത്തിലാണ്‌ ആദ്യ ഘട്ടവോട്ടെടുപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാസഖ്യം മുൻതൂക്കം നേടിയ മേഖലയിൽ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മേൽകൈ നേടിയിരുന്നു.

നിതീഷിനെ ജയിലിലടയ്‌ക്കുമെന്ന്‌ ചിരാഗ്‌ പാസ്വാൻ
എൽജെപി അധികാരത്തിലെത്തിയാൽ അഴിമതിക്കുറ്റങ്ങൾക്ക്‌ നിതീഷിനെ ജയിലിൽ അടയ്‌ക്കുമെന്ന്‌ ചിരാഗ്‌ പാസ്വാൻ.
താൻ ബിജെപിയ്‌ക്കൊപ്പമാണെന്നും നിതീഷ്‌ മുക്ത ബിഹാറാണ്‌ ലക്ഷ്യമെന്നും പാസ്വാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top