07 April Tuesday

കോവിഡ് 19: സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ന്യൂഡല്‍ഹി > കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്ന് പാക്കേജ് പ്രഖ്യാപിച്ച്‌കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. രണ്ട് തവണയായി ഇത് വാങ്ങാവുന്നതാണ്. കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ ഉടന്‍ നല്‍കും. 20 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കും. മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവര്‍ക്ക് മൂന്നു മാസത്തേക്ക് എല്‍പിജി സിലിണ്ടര്‍ സൗജന്യം. സംഘടിത മേഖലയിലെ പി.എഫ് വിഹിതം മൂന്നു മാസത്തേത് സര്‍ക്കാര്‍ അടയ്ക്കും. 100 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ ഇ.പി.എഫ് വിഹിതമാണ് നല്‍കുക. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top