21 September Saturday

രാഹുലിന്റെ രാജി സന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

ന്യൂഡല്‍ഹി > കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി . പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യോഗത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രാഥമിക കാരണങ്ങള്‍ വിലയിരുത്തിയെങ്കിലും രാഹുലിന്റെ രാജിയാണ് മുഖ്യ ചര്‍ച്ചയായത്. ലോക്സഭാ തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2014 നേക്കാള്‍ എട്ടുസീറ്റുകള്‍ കൂടുതല്‍ നേടാനെ കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. ആകെയുള്ള 543 സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 44 ആയിരുന്നു. അതില്‍ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് രണ്ടക്കം കടക്കാനായതും. അമേഠിയിലെ രാഹുലിന്റെ തോല്‍വിയും കനത്ത തിരിച്ചടി നല്‍കി.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top