19 May Sunday

സുപ്രീംകോടതി അന്വേഷണസമിതിയിൽ വിശ്വാസമില്ല: പരാതിക്കാരി

സ്വന്തം ലേഖകൻUpdated: Wednesday Apr 24, 2019

ന്യൂഡൽഹി > സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസിന‌് എതിരായ ലൈംഗികാതിക്രമപരാതി അന്വേഷിക്കാൻ രൂപീകരിച്ച ജഡ‌്ജിമാരുടെ സമിതിക്ക‌് എതിരെ പരാതിക്കാരി രംഗത്ത‌്. ജസ‌്റ്റിസുമാരായ എസ‌് എ ബോബ‌്ഡെ, എൻ വി രമണ, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായതാണ‌് സമിതി. ചീഫ‌്ജസ‌്റ്റിസുമായി അടുത്ത ബന്ധമുള്ള എൻ വി രമണ അംഗമായതിനെ ചോദ്യംചെയ‌്ത‌ാണ‌് പരാതിക്കാരിയായ യുവതി രംഗത്തെത്തിയത‌്.

‘ഞാൻ ചീഫ‌്ജസ‌്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ ജോലി ചെയ‌്തിരുന്ന വ്യക്തിയാണ‌്. ജസ‌്റ്റിസ‌് രമണ ചീഫ‌്ജസ‌്റ്റിസിന്റെ കുടുംബാംഗംപോലെയാണ‌്. ആ വസതിയിലെ നിത്യസന്ദർശകനാണ‌്’–- യുവതി സമിതിക്ക‌് അയച്ച കത്തിൽ ആരോപിച്ചു.
ജസ‌്റ്റിസ‌് രമണ അംഗമായ സമിതി തന്റെ പരാതിയിലും സത്യവാങ‌്മൂലത്തിലും ഉന്നയിച്ച ആരോപണങ്ങളിൽ നിഷ‌്പക്ഷവാദം നടത്തുമോയെന്നതിൽ സംശയമുണ്ട‌്.

സമിതിയെ നിയോഗിച്ച വാർത്ത മാധ്യമങ്ങളിൽ നിന്നാണ‌് അറിഞ്ഞത‌്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിശാഖ മാർഗനിർദേശം പ്രകാരം ഇത്തരം സമിതിയിൽ കൂടുതലും വനിതാപ്രതിനിധികളാണ‌് വേണ്ടത‌്. എന്നാൽ, ഈ സമിതിയിൽ ജസ‌്റ്റിസ‌് ഇന്ദിരാബാനർജി മാത്രമാണ‌് വനിതാപ്രതിനിധി. വെള്ളിയാഴ്ച സമിതി മുമ്പാകെ തന്നോട‌് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട‌്.

വാദംകേൾക്കുമ്പോൾ തന്നോടൊപ്പം ഒരു അഭിഭാഷകനെയും തന്റെ ഭാഗത്ത‌് നിന്നും ഒരാളെയും ഒപ്പംകൂട്ടാൻ അനുമതി നൽകണം. ഭാവിയിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഇല്ലാതാക്കാൻ ഈ നടപടി സഹായകമാകും. വിഷയത്തിൽ പ്രത്യേക സിറ്റിങ് നടത്തിയ ചീഫ‌്ജസ‌്റ്റിസും മറ്റ‌് ജഡ‌്ജിമാരും തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ആശങ്കയുണ്ട‌്. നടപടിക്രമം പാലിച്ചല്ല പരാതി പരിഗണിച്ചതെന്ന ആക്ഷേപവുമുണ്ട‌്. ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top