22 October Tuesday

'സമരയൗവനം കൂടെയുണ്ട്‌'; പൊരുതാനുറച്ച‌് അവർ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019


മുംബൈ > നികത്താനാവാത്ത നഷ്ടങ്ങളുടെ വേദനകൾ പേറിയാണ‌് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന‌് അവരെല്ലാം എത്തിയത‌്. വേദനയും രോഷവും പങ്കുവച്ചവർ നീതിനിഷേധത്തിനെതിരെ പൊരുതാൻ കൂടെയുണ്ടാവുമെന്ന സമരയൗവനത്തിന്റെ ഉറപ്പിൽ മടങ്ങി. മുംബൈയിൽ ഡിവൈഎഫ്ഐ ദേശീയ കൺവൻഷനിലാണ‌് വർഗീയശക്തികളുടെ ആക്രമണങ്ങൾക്ക‌് ഇരകളാക്കപ്പെട്ടവരും ബന്ധുക്കളും ഒത്തുചേർന്നത‌്.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോഡിയുടെ പങ്കിന‌് തെളിവുനൽകിയതിന്റെ വൈരാഗ്യം തീർക്കാനാണ‌് കള്ളക്കേസ് ചുമത്തി സഞ്ജീവ്‌ ഭട്ടിനെ ജയിലിലടച്ചതെന്ന‌് ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. 15 വയസ്സുമാത്രമുണ്ടായിരുന്ന തന്റെ സഹോദരനെ ട്രെയിനിൽ വച്ച് ആക്രമിക്കുമ്പോൾ ആരും അത് തടയാൻ ശ്രമിച്ചില്ല എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്ന‌് ജുനൈദ് ഖാന്റെ സഹോദരൻ മുഹമ്മദ് കാസിം മനസുതുറന്നു.

‘എന്നെ നഗ്നയാക്കി നടത്തിച്ചത് ഞാനൊരു ദളിത് സ്ത്രീ ആയതിനാലാണ്. പണവും അധികാരവുമാണ് ഒരു കൂട്ടർക്ക് നമുക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്താൻ ഊർജ്ജം പകരുന്നത്. നമ്മൾ പേടിച്ചു പ്രതികരിക്കാതിരിക്കുന്ന സ്ഥിതി ഉണ്ടാകരുത‌്. പോരാട്ടത്തിന‌് എല്ലാവരും ഒപ്പമുണ്ടാകണം’–- ലാത്തൂരിൽ സവർണർ കൂട്ടബലാത്സംഗംചെയ‌്ത ദളിത് യുവതി ഓർമിപ്പിച്ചു.

വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി പേരാടിയതിന‌് തിരുനെൽവേലിയിൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിന്റെ സഹോദരൻ സതീഷ്, 2014ൽ മോഡി അധികാരത്തിൽ വന്നയുടനെ പുണെയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, അഹമ്മദ‌് നഗറിൽ സവർണർ വധിച്ച ദളിത് വിദ്യാർഥി നിതിൻ ആഗെയുടെ അച്ഛൻ രാജു ആഗേ, ഗുജറാത്ത‌് വംശഹത്യയിലെ സംഘപരിവാർ ഭീകരത തുറന്നുകാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അശോക്  മോച്ചി, പശുസംരക്ഷകർ അഹമ്മദാബാദിൽ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരൻ ആരിഫ് മേവാത്തി, ഗുജറാത്തിലെ ഉനയിൽ സവർണരുടെ ഭീകര മർദനത്തിനിരയായ ദളിത് യുവാക്കളായ വൈഷ് റാം, അശോക് സർവയ്യ, പിയുഷ് സർവയ്യ തുടങ്ങിയവർ പങ്കെടുത്തു. യുപിയിൽ കൊലപ്പെടുത്തിയ എസ്ഐ സുബോധ്കുമാറിന്റെ ഭാര്യ രജനിസിങ‌് ഐക്യദാർഢ്യമറിയിച്ച‌് വീഡിയോ സന്ദേശമയച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top