26 November Thursday

ദുരിതക്കയത്തിലും പിടിച്ചുപറി തുടരുന്നു; വിലക്കയറ്റം ആസന്നം

സ്വന്തം ലേഖകൻUpdated: Tuesday Jun 23, 2020

ന്യൂഡൽഹി > കോവിഡ്‌ പ്രതിസന്ധിക്കിടയിലും ലാഭക്കൊതിയോടെ ഇന്ധനവില  വർധിപ്പിക്കുന്നത്‌ രാജ്യത്ത് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കും. തുടർച്ചയായി പതിനേഴാം  ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. അടച്ചിടല്‍മൂലം കാർഷിക, വ്യാവസായിക മേഖല മന്ദീഭവിച്ചത്‌ അവശ്യവസ്‌തു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന ആശങ്കക്കിടെയാണ്‌ ഇന്ധനവില കൂട്ടുന്നത്. സാധാരണക്കാർക്കും ഓട്ടോ, ടാക്‌സി തൊഴിലാളികൾക്കും വിലവര്‍ധന അസഹനീയമായി.

ഡീസൽ വില രാജ്യത്ത് എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. ഡീസല്‍ വിലയിലെ നേരിയ ചാഞ്ചാട്ടംപോലും രാജ്യത്തെ വാണിജ്യ​ഗതാ​ഗതമേഖലയില്‍ സാരമായ പ്രതിഫലനമുണ്ടാക്കും. ചരക്കുനീക്കത്തിന്റെ ചെലവും  കാർഷിക ഉൽപ്പാദനച്ചെലവും വർധിക്കും. ട്രാക്ടർ വാടക ഇനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നാലുമടങ്ങ്‌ വർധനയാണ്‌ ഉണ്ടായത്‌. ഡീസൽ പമ്പുകളെ ആശ്രയിച്ചുള്ള ജലസേചനം തുടങ്ങി യന്ത്രവൽകൃതമായ പ്രവർത്തനങ്ങളുടെയെല്ലാം ചെലവേറും.

ദയാരഹിതം

മേയിൽ ക്രൂഡ്‌ ഓയിൽ വില വീപ്പയ്‌ക്ക് 20 ഡോളറായി കുറഞ്ഞതിനനുസൃതമായി രാജ്യത്ത്‌ വിലക്കുറവുണ്ടായില്ല. ഇന്ധനവില താഴാതിരിക്കാന്‍ കേന്ദ്രം പെട്രോളിനും ഡീസലിനും പ്രത്യേക അധിക എക്‌സൈസ്‌ തീരുവയും റോഡ് സെസും ചേർത്ത്‌ യഥാക്രമം 10 രൂപയും 13 രൂപയും കൂട്ടി. രണ്ടുലക്ഷം കോടി രൂപയുടെ അധികവരുമാനം കേന്ദ്രത്തിന് ലഭിച്ചു. (നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം തീരുവ യഥാക്രമം  32.98 രൂപയും 31.83 രൂപയുമാണ്‌. മോഡിസർക്കാർ 2014ൽ അധികാരത്തിൽവരുമ്പോൾ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു.)

ഇരുപത് ഡോളറില്‍നിന്ന്‌ എണ്ണവില ജൂൺ ആറിന്‌ വീപ്പയ്‌ക്ക്‌ 42 ഡോളറായി ഉയര്‍ന്നു. പിന്നീട്‌ 37 ഡോളർവരെ താഴ്‌ന്നെങ്കിലും  നിലവിൽ വില 42 ഡോളറിന്‌ മുകളിലേക്ക്‌ പോയിട്ടില്ല. അതായത്‌ ഏറ്റവും ചുരുങ്ങിയത്‌ ജൂൺ ഏഴിലെ ഇന്ധന വിലയെങ്കിലും രാജ്യത്ത്‌ നിലനിർത്താന്‍ കേന്ദ്രത്തിനാകും.

ഇന്ധനവില ഉടൻ കുറയ്‌ക്കണം: ഇടതുപാർടികൾ

ന്യൂഡൽഹി > പെട്രോളിയം ഉൽപ്പന്നങ്ങളുടെ തീരുവയും വിലയും ഉടൻ വെട്ടിക്കുറയ്‌ക്കണമെന്ന്‌ അഞ്ച്‌ ഇടതുപാർടികൾ സംയുക്തമായി കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയിലേറെയായി പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിപ്പിച്ചത് കോടിക്കണക്കിനാളുകളുടെ ജീവിതം ദുരിതമയമാക്കി.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ്‌ തീരുവ ലോകത്ത്‌ ഏറ്റവും ഉയർന്ന നിരക്കിൽ നിലനിൽക്കുന്ന രാജ്യമായി ഇന്ത്യമാറി. ഇതുവഴി  കേന്ദ്രസർക്കാർ വൻതോതിൽ അധികവരുമാനം നേടുന്നു. എണ്ണവിപണന കമ്പനികൾക്ക്‌ കൊള്ളലാഭം  ലഭിക്കുന്നു. വില കുറയ്‌ക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന്‌ സീതാറാം യെച്ചൂരി(സിപിഐ എം), ഡി രാജ(സിപിഐ), ദീപാങ്കർ ഭട്ടാചാര്യ(സിപിഐ എംഎൽ), മനോജ്‌ ഭട്ടാചാര്യ(ആർഎസ്‌പി), ദേബബ്രത ബിശ്വാസ്‌(എഐഎഫ്‌ബി) എന്നിവർ ആവശ്യപ്പെട്ടു.

കൽക്കരിത്തൊഴിലാളികൾ ജൂലൈ രണ്ടുമുതൽ നാലുവരെ നടത്തുന്ന പണിമുടക്കിനു ഇടതുപാർടികൾ പിന്തുണ പ്രഖ്യാപിച്ചു. ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയുടെ നേതൃത്വത്തിൽ ജൂലൈ നാലിനു നടത്തുന്ന അവകാശദിനാചരണത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ മതനിരപേക്ഷ കക്ഷികളുമായി ചേർന്ന്‌ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധദിനം ആചരിക്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top