28 September Monday

ഉംപുൻ : ബംഗാളിൽ ലക്ഷം കോടി നഷ്ടം ; മരണം 77ആയി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കൊൽക്കത്ത
ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി മമത ബാനർജി. ബസിർഹട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ആകാശനിരീക്ഷണം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മമത. “ഇതുവരെ 77 പേർ മരിച്ചു‌. എട്ട്‌ ജില്ലയെ ഉംപുൻ സാരമായി ബാധിച്ചു‌. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 60 ശതമാനം പേർ ഇതിന്റെദുരിതം നേരിടും. ആറുകോടിയോളം പേരെ ചുഴലിക്കാറ്റ്‌ നേരിട്ടും ബാധിച്ചു’–- മുഖ്യമന്ത്രി പറഞ്ഞു.

സാധാരണസ്ഥിതി കൈവരിക്കാൻ സമയം എടുക്കുമെന്നും ലോക്‌ഡൗണിനും കോവിഡിനുമൊപ്പം ഉംപുൻകൂടി നേരിടുക വെല്ലുവിളിയേറിയ കാര്യമാണെന്നും അവർ പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്‌, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ എന്നിവർ സംസ്ഥാനത്തിന്‌ സഹായം വാഗ്ദാനം ചെയ്തു. ബംഗാളിനുശേഷം ഉംപുൻ നാശനഷ്ടമുണ്ടാക്കിയ ഒഡിഷയും പ്രധാനമന്ത്രി സന്ദർശിച്ചു. അതേസമയം, ഇതുവരെ ഒരു മരണവും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന്‌ ഒഡിഷ സർക്കാർ വെള്ളിയാഴ്ച പറഞ്ഞു. 45 ലക്ഷം വരുന്ന തീരപ്രദേശവാസികളെ ചുഴലിക്കാറ്റ്‌ ബാധിച്ചെന്നും സർക്കാർ വ്യക്തമാക്കി.

ബംഗാളിന്‌ 1000 കോടി ഇടക്കാല സഹായം
ഉംപുൻ ചുഴലിക്കാറ്റിൽ കനത്ത നഷ്ടം നേരിട്ട പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി‌ 1000 കോടിയുടെ ഇടക്കാല സഹായം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഗവർണർ ജഗ്‌ദീപ്‌ ധൻകർ, മുഖ്യമന്ത്രി മമത ബാനർജി എന്നിവർക്കൊപ്പം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തിയശേഷം വീഡിയോ സന്ദേശത്തിലൂടെയാണ്‌ സഹായം പ്രഖ്യാപിച്ചത്‌. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ രണ്ടു ലക്ഷംവീതവും പരിക്കേറ്റവർക്ക്‌ 50,000 രൂപയും സഹായം നൽകും.

“നാശനഷ്ടം സംഭവിച്ച വീടുകളുടെയും സംസ്ഥാനത്തെ കാർഷിക, ഊർജമേഖലകളെയും സംബന്ധിച്ച്‌ വിശദമായ പഠനം നടത്തും’–-പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയ്ക്ക്‌ 500കോടിയും സഹായം പ്രഖ്യപിച്ചിട്ടുണ്ട്‌.

ബംഗ്ലാദേശിൽ 22 മരണം
ഉംപുൻ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ 22 പേർ മരിച്ചതായി അധികൃതർ. തീരദേശപ്രദേശങ്ങളിലെ നിരവധിയാളുകൾക്ക്‌ വീട് നഷ്ടമായി. വീടുകൾ, മത്സ്യബന്ധനം, കന്നുകാലികൾ, കൃഷി, ജലസേചനം എന്നീ മേഖലകളിലെല്ലാംകൂടി 12.9 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായതെന്നാണ്‌ സർക്കാരിന്റെ കണക്ക്‌. രാജ്യത്തെ 26 സംസ്ഥാനത്ത്‌ ചുഴലിക്കാറ്റ്‌ നാശംവിതച്ചു. 

1100 കിലോമീറ്റർ റോഡ്‌ തകർന്നു. ഇരുനൂറിലേറെ പാലങ്ങളും കലുങ്കുകളും നശിച്ചു. രണ്ടു കോടി വൈദ്യുതി കണക്ഷനുകൾ തകരാറിലായി. ബംഗ്ലാദേശിൽ 2007ൽ  3500 പേരുടെ മരണത്തിനിടയാക്കിയ സിദ്‌ർ ചുഴലിക്കാറ്റിന്‌ ശേഷമുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top