18 June Tuesday

നായിഡുവിന‌് കടുത്ത വെല്ലുവിളി ; തെലുഗുദേശത്തിന‌് കാര്യങ്ങൾ എളുപ്പമാകില്ല

വി ജയിൻUpdated: Saturday Mar 23, 2019


വിജയവാഡ
നിയമസഭാ, ലോക‌്സഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടക്കുന്ന ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ തെലുഗുദേശത്തിന‌് കാര്യങ്ങൾ എളുപ്പമാകില്ല. പാർടിക്കുള്ളിലെ പ്രശ‌്നങ്ങളും ജനരോക്ഷവും അതിജീവിച്ച‌് വിജയം നേടുക ചന്ദ്രബാബു നായിഡുവിന‌് പ്രയാസമാകും. ശക്തമായ രണ്ട‌് മുന്നണികൾ എതിർഭാഗത്തുള്ളതാണ‌് നായിഡുവിനെ കുഴയ‌്ക്കുന്നത‌്. വൈഎസ‌്ആർ കോൺഗ്രസ‌് ഒരുഭാഗത്തും നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർടി–-ഇടത‌്–-ബിഎസ‌്പി സഖ്യം മറുഭാഗത്തും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ബിജെപി സാന്നിധ്യമുണ്ട‌്. കോൺഗ്രസ‌് ചിത്രത്തിലേ ഇല്ല.
വിമതശല്യമാണ‌് നായിഡു നേരിടുന്ന വലിയ പ്രശ‌്നം. കല്യാൺദുർഗ‌് മണ്ഡലത്തിൽ തെലുഗുദേശം സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഉമാമഹേശ്വര നായിഡുവെിനെതിരെ ഉന്നം ഹനുമന്തരായ ചൗധരി രംഗത്തിറങ്ങി. പുട്ടപർത്തി, അനന്തപുർ അർബൻ മണ്ഡലങ്ങളിലും ടിഡിപി സ്ഥാനാർഥികൾക്ക‌് വിമതഭീഷണിയുണ്ട‌്. ശ്രീകാളഹസ‌്തി മണ്ഡലത്തിൽ വിമതനായി രംഗത്തിറങ്ങിയ എസ‌് സി വി നായിഡുവിന‌് സമീപ മണ്ഡലങ്ങളായ സുല്ലൂരുപേട്ട, വെങ്കിടഗിരി, സത്യവേഡു മണ്ഡലങ്ങളിലും കാര്യമായ സ്വാധീനമുണ്ട‌്.

തലസ്ഥാനമായ അമരാവതി നഗരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നായിഡുവിന‌് വലിയ വെല്ലുവിളി ഉയർത്തുന്നു. തലസ്ഥാനനഗരം വികസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമി ആയിരക്കണക്കിന‌് കർഷകരുടെ ജീവിത ഉപാധിയാണ‌്. ജീവിതം നഷ‌്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന കർഷകസമൂഹത്തിന്റെ പ്രതികരണം തെരഞ്ഞെടുപ്പിലുണ്ടാകും. മകൻ എൻ ലോകേഷിനെ ഈ മേഖലയിലെ മംഗളഗിരിയിൽ സ്ഥാനാർഥിയാക്കിയാണ‌് നായിഡു വെല്ലുവിളി നേരിടുന്നത‌്. ചിറ്റൂർ ജില്ലയിലെ കുപ്പം മണ്ഡലത്തിലാണ‌് നായിഡു ജനവിധി തേടുന്നത‌്. 1989 മുതൽ ഈ മണ്ഡലത്തിലാണ‌് നായിഡു.

അന്തരിച്ച വൈ എസ‌് രാജശേഖരറെഡ്ഡിയുടെ സഹോദരൻ വിവേകാനന്ദറെഡ്ഡിയുടെ മരണമാണ‌് ചന്ദ്രബാബുനായിഡുവിന‌് തലവേദനയായ മറ്റൊരു പ്രശ‌്നം. കഡപ്പ ജില്ലയിലെ പുലിവെണ്ടുലയിലെ വീട്ടിൽ മാർച്ച‌് 15നാണ‌് വിവേകാനന്ദറെഡ്ഡിയെ മരിച്ച നിലയിൽ കണ്ടത‌്. ഹൃദയാഘാതമാണെന്ന‌് ആദ്യം കരുതിയെങ്കിലും കൊലപ്പെടുത്തിയതാണെന്ന‌് അന്വേഷണത്തിൽ കണ്ടെത്തി. കൊലയ‌്ക്കു പിന്നിൽ നായിഡുവാണെന്ന‌് ജഗൻമോഹൻ റെഡ്ഡി ആരോപിക്കുന്നു.

ജഗന്റെ കുടുംബത്തിലെ കലഹമാണ‌് കൊലയ‌്ക്കു പിന്നിലെന്ന‌് നായിഡുവും ആരോപിക്കുന്നു. സിബിഐ അന്വേഷണമാണ‌് ജഗൻമോഹൻ റെഡ്ഡി ആവശ്യപ്പെടുന്നതെങ്കിലും വിവേകാനന്ദറെഡ്ഡിയുടെ മകൾ സുനിത പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ തൃപ‌്തയാണ‌്. വൈഎസ‌്ആർ കോൺഗ്രസ‌് നേതാവ‌് ജഗൻമോഹൻ റെഡ്ഡി പുലിവെണ്ടുല മണ്ഡലത്തിൽനിന്നാണ‌് നിയമസഭയിലേക്ക‌് മത്സരിക്കുന്നത‌്. ഏപ്രിൽ 11ന‌് ഒറ്റ ഘട്ടമായാണ‌് വോട്ടെടുപ്പ‌്.

ചെറുപ്പക്കാർക്കിടയിൽ ഏറെ ആവേശമുണ്ടാക്കാൻ യുവാവായ പവൻ കല്യാണിന‌് കഴിയുന്നുണ്ട‌്. സംസ്ഥാനത്താകെ പുതിയ ഉണർവ്വുണ്ടാക്കാൻ ഇതുമൂലം കഴിഞ്ഞു. പവൻ കല്യാൺ നാമനിർദ്ദേശപത്രിക സമർപ്പിച്ച ദിവസമുണ്ടായ തിക്കും തിരക്കും ജനപിന്തുണ തെളിയിക്കുന്നു. വിശാഖപട്ടണം ജില്ലയിലെ ഗജുവാക്ക നിയമസഭാ മണ്ഡലത്തിലാണ‌് പവൻ കല്യാൺ പത്രിക നൽകിയത‌്.  ബിഎസ‌്പിക്ക‌് ബാപത‌്‌ല, ചിറ്റൂർ, തിരുപ്പതി ലോക‌്സഭാ മണ്ഡലങ്ങളും 21 നിയമസഭാ സീറ്റുകളുമാണ‌് നൽകിയത‌്. മുന്നണിയിൽ സിപിഐ എമ്മിന‌് കർണൂൽ, നെല്ലൂർ ലോക‌്സഭാ സീറ്റുകളും കുറുപ്പം, അരകു, രാംപച്ചോഡവാരം, ഉണ്ടി, വിജയവാഡ സെൻട്രൽ, ശന്തനുതാളപ്പാഡു, കർണൂൽ നിയമസഭാ സീറ്റുകളുമാണ‌്. സിപിഐക്ക‌് അനന്തപ്പൂർ, കഡപ്പ ലോക‌്സഭാ മണ്ഡലങ്ങളും ഏഴ‌് നിയമസഭാ മണ്ഡലങ്ങളും നൽകി. ആന്ധ്രപ്രദേശിലെ കർഷകരുടെ പ്രശ‌്നങ്ങളുയർത്തി സിപിഐ എം നടത്തിയ സമരങ്ങളോട‌് പവൻ കല്യാൺ ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

 


പ്രധാന വാർത്തകൾ
 Top