23 October Wednesday

കോൺഗ്രസ‌് നേതാവ‌് ജിതിൻ പ്രസാദ ബിജെപിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

ന്യൂഡൽഹി > മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ കോൺഗ്രസ‌് നേതാവുമായ ജിതിൻ പ്രസാദ ബിജെപിയിലേക്കെന്ന‌് അഭ്യൂഹം. ആരോപണം തള്ളാൻ ജിതിൻ തയ്യാറായില്ല. കോൺഗ്രസ‌് കേന്ദ്രനേതൃത്വവുമായുള്ള അസംതൃപ‌്തിയെ തുടർന്ന‌് ബിജെപി അധ്യക്ഷൻ അമിത‌് ഷായുമായി ജിതിൻ പ്രസാദ ചർച്ച നടത്തിയെന്നാണ‌് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ജിതിൻ ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പ‌് പാർടി വിട്ടാൽ കോൺഗ്രസിന‌് കനത്ത ആഘാതമാകും. ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ജിതിനുമായി കൂടിക്കാഴ‌്ച നടത്തി അനുനയിപ്പിച്ചു. വാർത്ത അസംബന്ധമാണെന്ന‌് കോൺഗ്രസ‌് വക്താവ‌് രൺദീപ‌് സിങ‌് സുർജെവാല പറഞ്ഞു.

മുൻ നേതാവ‌് ജിതേന്ദ്ര പ്രസാദിന്റെ മകനും ഉത്തർപ്രദേശിലെ പ്രമുഖ നേതാവുമാണ‌് ജിതിൻ. ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ‌് പ്രഖ്യാപിച്ചതിൽ ധൗരാഹ‌്രയിൽ ജിതിന്റെ പേരാണുള്ളത‌്. 184 പേരുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ധൗരാഹ‌്രയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബ്രാഹ്മണ സമുദായാംഗമായ ജിതിനെ പാർടിയിലെത്തിക്കാനാണ‌് ബിജെപി ശ്രമിക്കുന്നതെന്നാണ‌് വിവരം.
പ്രധാനമന്ത്രിമാരായ രാജീവ‌്ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും ഉപദേശകനായിരുന്നു ജിതിന്റെ പിതാവ‌് ജിതേന്ദ്ര. 1999ൽ പാർടി അധ്യക്ഷപദവിക്കുവേണ്ടി സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര മത്സരിച്ചിരുന്നു. സോണിയ ഗാന്ധിയിൽനിന്ന‌് അധ്യക്ഷപദവി രാഹുൽ ഏറ്റെടുക്കണമെന്ന‌് 2017ൽ ജിതിൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top