18 June Tuesday

നിയമസഭാ തെരഞ്ഞെടുപ്പ‌്: ജമ്മു കശ‌്മീരിനെ ഒഴിവാക്കിയത‌് ബിജെപി സമ്മർദത്താൽ

സാജൻ എവുജിൻUpdated: Saturday Mar 23, 2019

ന്യൂഡൽഹി >ജമ്മു കശ‌്മീരിൽ ലോക‌്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്താത്തത‌് ബിജെപിയുടെ സമ്മർദം കാരണം. മാർച്ച‌് ആദ്യവാരം തെരഞ്ഞെടുപ്പ‌് കമീഷന്റെ സമ്പൂർണസംഘം ജമ്മു -കശ‌്മീർ സന്ദർശിച്ച‌് രാഷ്ട്രീയ പാർടികളുടെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ലോക‌്സഭ–-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച‌ു നടത്തണമെന്ന‌് ബിജെപി ഒഴികെയുള്ള എല്ലാ പാർടികളും ആവശ്യപ്പെട്ടു. ബിജെപിയുടെ ആവശ്യം അംഗീകരിച്ച കമീഷൻ നിയമസഭാ തെരഞ്ഞെടുപ്പ‌് നീട്ടിവയ‌്ക്കുകയായിരുന്നു.

ആവശ്യത്തിന‌് സുരക്ഷാ സേനാംഗങ്ങളെ ലഭ്യമാകാത്തതാണ‌് നിയമസഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കാത്തതിനു കാരണമായി മുഖ്യ തെരഞ്ഞെടുപ്പ‌ു കമീഷണർ സുനിൽ അറോറ വിശദീകരിച്ചത‌്. എന്നാൽ, ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് ഒരുക്കുന്ന സന്നാഹങ്ങൾ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിനും വേണ്ടതുള്ളൂ. സ്ഥാനാർഥികളുടെ എണ്ണം കൂടുന്നുവെന്നല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനു മാത്രമായി എന്ത‌് പ്രത്യേക സുരക്ഷയാണ‌് വേണ്ടതെന്ന ചോദ്യമാണ‌് ഉയരുന്നത‌്.

അനന്ത‌്നാഗ‌് ലോക‌്സഭാ മണ്ഡലത്തിൽ മൂന്ന‌ു ഘട്ടമായാണ‌് വോട്ടെടുപ്പ‌് നടത്തുന്നത‌്. സമാനമായ സുരക്ഷാ സംവിധാനം മറ്റു മണ്ഡലങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട‌്. ഈ സാഹചര്യത്തിൽ നിയമസഭയിലേക്കു കൂടി വോട്ടെടുപ്പ‌് നടത്താൻ പ്രയാസമില്ല. നിയമസഭാ തെരഞ്ഞെടുപ്പ‌ുകൂടി നടത്തിയാൽ സ്വാഭാവികമായും ജനങ്ങളിൽ താൽപ്പര്യം കൂടുകയും പോളിങ‌് ശതമാനം ഉയരുകയും ചെയ്യും. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ‌് നിയമസഭാ തെരഞ്ഞെടുപ്പ‌് നീട്ടുന്നതെന്ന വിശദീകരണം ബിജെപിയുടെ രാഷ്ട്രീയ പദ്ധതിക്കുള്ള മറയാണ‌്.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞടുപ്പ‌ു കമീഷന്റെ വിശ്വാസ്യത മോഡി ഭരണത്തിൽ പലതവണ ചോദ്യംചെയ്യപ്പെട്ടു. ഗുജറാത്ത‌് നിയമസഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിൽ നടത്തിയ ഒളിച്ചുകളി, വോട്ടുചെയ‌്തശേഷം മോഡി റോഡ‌്ഷോ നടത്തിയത‌് കണ്ടില്ലെന്ന‌് നടിച്ചത‌്, ഡൽഹിയിൽ ആംആദ‌്മി പാർടിയുടെ 20 എംഎൽഎമാരെ തിരക്കിട്ട‌് അയോഗ്യരാക്കിയത‌് തുടങ്ങിയവയെല്ലാം കമീഷന്റെ നിഷ‌്പക്ഷതയിൽ കരിനിഴൽ വീഴ‌്ത്തി. സുനിൽ അറോറയുടെ നിയമനവും മതിയായ കൂടിയാലോചന നടത്താതെയായിരുന്നു.

ജമ്മു -ജശ‌്മീരിൽ ഏതുസമയത്തും തെരഞ്ഞെടുപ്പ‌് നടത്താൻ തയ്യാറാണെന്ന‌് കഴിഞ്ഞ ഡിസംബർ 28ന‌് ആഭ്യന്തരമന്ത്രി രാജ‌്നാഥ‌്സിങ‌് ലോക‌്സഭയിൽ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ‌് നടത്താൻ കമീഷൻ തീരുമാനിച്ചാൽ സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ‌് ഉറപ്പാക്കാൻ ആവശ്യമായ സേനാംഗങ്ങളെ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ഈ പ്രസ‌്താവനയുടെ മൂന്നാംനാളിലാണ‌് നിയമസഭ പിരിച്ചുവിട്ട‌് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത‌്. ഇതുസംബന്ധിച്ച‌് ജനുവരി മൂന്നിനു രാജ്യസഭയിൽ നടന്ന ചർച്ചയിൽ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്താൻ കമീഷന‌് ആഗ്രഹമുണ്ടെങ്കിൽ സർക്കാർ എതിർപ്പ‌് പ്രകടിപ്പിക്കില്ലെന്നും മന്ത്രി ആവർത്തിച്ചു. ലോക‌്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ‌്, അരുണാചൽപ്രദേശ‌്, ഒഡിഷ, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചപ്പോൾ ജമ്മു കശ‌്മീരിനെ മാത്രം ഒഴിവാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top