28 February Friday
● ഭരണഘടനാ ബെഞ്ചിന്‌ വിട്ടേക്കും ● അസം, ത്രിപുര ഹർജികൾ വേറെ പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം : ഇടക്കാല ഉത്തരവില്ല ; മറുപടി നൽകാൻ കേന്ദ്രത്തിന്‌ നാലാഴ്‌ച

എം അഖിൽUpdated: Thursday Jan 23, 2020

ന്യൂഡൽഹി > പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യംചെയ്‌തുള്ള ഹർജികളിൽ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന്‌  നാലാഴ്‌ച അനുവദിച്ചു. വിഷയം ഭരണഘടനാബെഞ്ചിന്‌ വിട്ടേക്കുമെന്നും അപ്പോൾ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കുമെന്നും  ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച്‌ ഹൈക്കോടതികൾ ഹർജികൾ സ്വീകരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി നിർദേശിച്ചു. 

പൗരത്വ ഭേദഗതി നിയമവും  ജനസംഖ്യാരജിസ്‌റ്ററും നടപ്പാക്കുന്നത്‌ മാറ്റിവച്ച്‌ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നായിരുന്നു  ഹർജിക്കാരുടെ ആവശ്യം. 
നിയമത്തെ എതിർത്തും അനുകൂലിച്ചും 144 ഹർജി കോടതിയുടെ പരിഗണനയിലുണ്ട്‌. ഡിസംബർ 18ന്‌  64 ഹർജിയിൽ മറുപടി നൽകാൻ കോടതി സർക്കാരിന്‌ നോട്ടീസ്‌ അയച്ചിരുന്നു. ഇതനുസരിച്ച്‌ പ്രാഥമിക സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുണ്ടെന്നും  അതിനുശേഷം കോടതിയിൽ എത്തിയ 80 ഹർജികളിൽ മറുപടി നൽകാൻ അവസരം നൽകണമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതനുസരിച്ച്‌ 80 ഹർജിയിൽ കൂടി നിലപാട്‌ അറിയിക്കാൻ കേന്ദ്രസർക്കാരിന്‌ കോടതി നോട്ടീസ്‌ അയച്ചു. മുഴുവൻഹർജികളിലും സർക്കാർ നിലപാട്‌ അറിഞ്ഞശേഷമേ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കാൻ സാധിക്കൂ. ജസ്‌റ്റിസുമാരായ എസ്‌ അബ്‌ദുൾനസീർ, സഞ്‌ജീവ്‌ഖന്ന എന്നിവർകൂടി  അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു.

അഞ്ചാഴ്‌ചയ്‌ക്കുശേഷം മൂന്നംഗബെഞ്ച്‌ വീണ്ടും കേസ്‌ പരിഗണിക്കും. പരിഗണനാവിഷയങ്ങളും വാദംകേൾക്കലിന്റെ സ്വഭാവവും മറ്റും അന്ന്‌ തീരുമാനിക്കും. അസം, ത്രിപുര സംസ്ഥാനങ്ങളിലെ പ്രത്യേകസാഹചര്യം പരിഗണിച്ച്‌ അവിടെനിന്നുള്ള ഹർജികൾ വേറെ പരിഗണിക്കും. ഹർജികൾ വേർതിരിക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽസിബലിന്റെ സഹായം തേടും. അസം, ത്രിപുര ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന്‌ രണ്ടാഴ്‌ച  അനുവദിച്ചു.

പൗരത്വ ഭേദഗതി നിയമം വിഷയത്തിൽ  കൂടുതൽ ഹർജികൾ ഫയൽ ചെയ്യുന്നത്‌ മരവിപ്പിക്കണമെന്ന എജിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയെ സമീപിക്കുന്നതിൽ  ആരെയും വിലക്കാൻ കഴിയില്ലെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പ്രതികരിച്ചു. വിവിധ കക്ഷികൾക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽസിബൽ, മനു അഭിഷേക്‌സിങ്‌വി, കെ വി വിശ്വനാഥൻ, രാജീവ്‌ധവാൻ, വികാസ്‌സിങ്ങ്‌, ഇന്ദിരാജയ്‌സിങ്ങ്‌, പി വി സുരേന്ദ്രനാഥ്‌ തുടങ്ങിയവർ ഹാജരായി.


പ്രധാന വാർത്തകൾ
 Top