12 December Thursday

അംഗസംഖ്യ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ; റെയിൽവേ ബോർഡിൽനിന്ന്‌ 50 പേർ പുറത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ന്യൂഡൽഹി > റെയിൽവേ ബോർഡിന്റെ അംഗസംഖ്യ വെട്ടിക്കുറച്ച്‌ 200ൽനിന്ന്‌ 150 ആക്കാൻ കേന്ദ്രസർക്കാർ നീക്കം. ഡയറക്ടർതലത്തിലും അതിനു മുകളിലുമുള്ള 50 ഉദ്യോഗസ്ഥരെ വിവിധ സോണുകളിലേക്ക്‌ സ്ഥലംമാറ്റാനാണ്‌ തീരുമാനമെന്ന്‌ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ്‌ ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതി നടപ്പാക്കുന്നതെന്നാണ്‌ വിശദീകരണം.

ഘട്ടംഘട്ടമായി ജീവനക്കാരെ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ നടപടിയെന്ന ആശങ്കയുണ്ട്‌. റെയിൽമന്ത്രി പീയുഷ്‌ ഗോയലിന്റെ നൂറുദിന അജൻഡയിലുള്ള പദ്ധതി ഉടൻ നടപ്പാക്കും. റെയിൽവേ ബോർഡ്‌ ചെയർമാൻ വി കെ യാദവും നീക്കത്തിന്‌ പച്ചക്കൊടി കാട്ടിയിട്ടുണ്ട്‌.

ജീവനക്കാരുടെ എണ്ണം അവലോകനം ചെയ്യാനും അധികം ജീവനക്കാരെ പ്രവൃത്തി സംബന്ധമായ ജോലികളിൽമാത്രമാക്കാനും പീയുഷ്‌ ഗോയൽ നിർദേശം നൽകിയിരുന്നു. ബോർഡ്‌ ചെയർമാൻ, ബോർഡ്‌ അംഗങ്ങൾ, സോണുകളിലെ ജനറൽ മാനേജർമാർ എന്നിവരടങ്ങുന്ന യോഗത്തിലാണ്‌ മന്ത്രി നിർദേശം നൽകിയത്‌. ഇതിനു പിന്നാലെയാണ്‌ ബോർഡിലെ അംഗസംഖ്യ കുറയ്‌ക്കുന്നത്‌. വാജ്‌പേയി മന്ത്രിസഭയാണ്‌ 2000ൽ പദ്ധതി മുന്നോട്ടുവച്ചത്‌.


പ്രധാന വാർത്തകൾ
 Top