13 November Wednesday

രാഹുൽ എസ്‌‌പിജി സുരക്ഷ തെറ്റിക്കുന്നു: കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ന്യൂഡൽഹി > വിദേശയാത്രകളിലടക്കം  രാഹുൽ ഗാന്ധിയുടെ എസ്‌പിജി സുരക്ഷയിൽ പിഴവുണ്ടാകുന്നതായി കേന്ദ്രസർക്കാർ. ഇന്ത്യയിലെ യാത്രകളിൽ ദിവസം ഒരു തവണയെങ്കിലും രാഹുൽ ബുള്ളറ്റ് പ്രൂഫ് വാഹനമൊഴിവാക്കുന്നു. വിദേശയാത്രകളിൽ എസ്‌പിജി സുരക്ഷ ഉപയോഗിക്കാൻ രാഹുൽ വിമുഖത കാണിക്കുന്നു. 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശ സന്ദർശനത്തിൽ 143 തവണയും എസ്‌പിജി സുരക്ഷ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഗാന്ധി കുടുംബം വിദേശയാത്ര നടത്തുമ്പോൾ എസ്‌പിജി സുരക്ഷ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്‌.

2015 മുതൽ ഈ വർഷം മെയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തിൽ 1892 തവണയാണ് രാഹുൽ ഡൽഹിയിൽ യാത്രചെയ്തത്.  ഈ വർഷം ജൂൺവരെ 247 തവണ ഡൽഹിക്ക് പുറത്തേക്കുള്ള യാത്രകളിലും ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ല. യുപിഎ സർക്കാർ അധികാരത്തിലിരുന്ന 2005നും 2014നുമിടയിൽ 18 തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുള്ളറ്റ്‌ പ്രൂഫില്ലാത്ത വാഹനത്തിൽ യാത്ര ചെയ്തു.    

എസ്‌പിജി സുരക്ഷയുള്ളവർക്ക് എല്ലാ സമയവും സുരക്ഷ നൽകണമെന്നാണ് ചട്ടമെന്നും വിദേശത്തും ഇത്‌ ബാധകമാണ്‌. വിദേശയാത്രകളിൽ എസ്‌പിജി സുരക്ഷ നിയമപ്രകാരം നിർബന്ധമല്ലെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നു. ചില വിദേശരാജ്യങ്ങളിൽ ആയുധം കൊണ്ടുപോകാൻ അനുവാദമില്ലെന്നും ഇവർ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ രാജ്യത്ത് നാലുപേർക്കാണ് എസ്‌പിജി സുരക്ഷയുള്ളത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുമാണ്  സുരക്ഷ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുണ്ടായിരുന്ന എസ്‌പിജി സുരക്ഷ അടുത്തിടെ പിൻവലിച്ചിരുന്നു. മൻമോഹൻ സിങ്ങിന് ഇസെഡ് പ്ലസ് സുരക്ഷയാണ് ഇപ്പോൾ നൽകുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top