26 October Monday

പോരാടി പ്രതിപക്ഷം ; നയിച്ചത്‌ ഇടതുപക്ഷം ; ഉയർത്തിയത്‌ കർഷകശബ്​ദമെന്ന് ഇടത്‌ എംപിമാർ

എം പ്രശാന്ത്‌Updated: Monday Sep 21, 2020


ന്യൂഡൽഹി
കര്‍ഷകദ്രോഹ ബില്ലുകൾക്കെതിരെ പ്രതിപക്ഷം രാജ്യസഭയിൽ കാഴ്‌ചവച്ചത്‌ ഐതിഹാസിക പോരാട്ടം. കോർപറേറ്റുകൾക്കായി ഏതറ്റംവരെയും പോകാൻ മടിക്കാത്ത മോഡി സർക്കാർ സഭാധ്യക്ഷന്‌ ചുറ്റും മാർഷലുകളെ അണിനിരത്തിയാണ്‌ ബില്ലുകൾ ശബ്‌ദവോട്ടോടെ പാസാക്കിയതായി പ്രഖ്യാപിച്ചത്‌‌.  അകാലിദൾ, ടിആർഎസ്‌, എഐഡിഎംകെ തുടങ്ങിയ കക്ഷികൾ ബില്ലിനെതിരായതോടെ  വോട്ടിനിട്ടാല്‍ ബിൽ അനിശ്‌ചിതത്വത്തിലാകുമെന്ന്‌‌ സർക്കാരിന്‌ ബോധ്യപ്പെട്ടതോടെയാണിത്.

രാജ്യസഭയുടെ സമയം പകൽ ഒന്നുവരെയാണ്‌ തീരുമാനിച്ചിരുന്നത്‌. ഈ ഘട്ടത്തിൽ ചർച്ച പൂർത്തിയായതേയുള്ളൂ. നിശ്‌ചിത സമയത്തിനുശേഷം സഭ നീട്ടണമെങ്കിൽ അംഗങ്ങളുടെ അനുമതി തേടണം‌. അത്‌ ചെയ്യാതെ കൃഷിമന്ത്രിയെ മറുപടിക്കായി ഉപാധ്യക്ഷൻ ക്ഷണിച്ചു. മറുപടി അടുത്ത ദിവസത്തേക്ക്‌ മാറ്റണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. കെ കെ രാഗേഷ്‌ കൊണ്ടുവന്ന നിരാകരണ പ്രമേയം വോട്ടിനിടണമെന്ന ആവശ്യം നിരസിച്ച ഉപാധ്യക്ഷൻ, ശബ്‌ദവോട്ടോടെ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. ബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന നോട്ടീസും ശബ്‌ദവോട്ടിൽ തള്ളുന്നതായി പ്രഖ്യാപിക്കപ്പെട്ടു.  സിപിഐ എം സഭാനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌ തുടങ്ങിയവർ സമർപ്പിച്ച പത്തിലേറെ ഭേദഗതികളും തള്ളിയതായി പ്രഖ്യാപിച്ചു. ഇതോടെ  പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി. ഗ്യാലറിയിലായിരുന്ന കെ കെ രാഗേഷ്‌ അടക്കമുള്ളവർ നടുത്തളത്തിലേക്ക്‌ ഓടിയെത്തി. എംപിമാരെ ജീവനക്കാർ തള്ളി. രാഗേഷ്‌, കോൺഗ്രസ്‌ അംഗം റിപുൻ ബോറ, എഎപിയുടെ സഞ്‌ജയ്‌ സിങ്‌ തുടങ്ങിയവർ സുരക്ഷാജീവനക്കാരുടെ തള്ളിൽ നിലത്തുവീണു. ബഹളത്തിനിടയിലും സഭാനടപടികൾ തുടർന്ന ഉപാധ്യക്ഷൻ ശബ്‌ദവോട്ടിൽ ബില്ലുകൾ പാസായതായി പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു. അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്‌ മൂന്നിന്‌ ചേരേണ്ട ലോക്‌സഭാ സമ്മേളനം വൈകി.

നയിച്ചത്‌ ഇടതുപക്ഷം
രാജ്യസഭയിൽ കർഷകദ്രോഹ ബില്ലുകൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം മുന്നിൽനിന്ന്‌ നയിച്ച്‌‌ ഇടതുപക്ഷം.  കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ കോൺഗ്രസ്‌ പരാജയപ്പെട്ടപ്പോൾ അതിനെ മറികടന്നത്‌ ഇടതുപക്ഷത്തിന്റെ ഇടപെടൽ. ചട്ടപ്രകാരമുള്ള ഇടപെടലുകൾക്കും പ്രതിഷേധത്തിനും ഒരുപോലെ നേതൃത്വം നൽകുന്നതിൽ ഇടതുപക്ഷം വിജയിച്ചു. കേന്ദ്ര മന്ത്രിസഭായോഗം നേരത്തെ പാസാക്കിയ ഓർഡിനൻസുകൾക്ക്‌ പകരമായുള്ള രണ്ട്‌ ബില്ലാണ്‌ ഞായറാഴ്‌ച സഭ പരിഗണിച്ചത്‌. ഓർഡിനൻസ്‌ മാർഗത്തിലൂടെ നിയമനിർമാണം കൊണ്ടുവന്നതിനെതിരായി സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവർ നിരാകരണ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതുകൂടാതെ ബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടുള്ള നോട്ടീസും ഇടതുപക്ഷാംഗങ്ങൾ നൽകി. രണ്ട്‌ ബില്ലിലുമായി 11 ഭേദഗതി നിർദേശവും സമർപ്പിച്ചു.

ഒരു മണിക്ക്‌ സഭ പിരിയാതെ മന്ത്രിയെ മറുപടി‌ക്ക്‌ ക്ഷണിച്ചപ്പോൾതന്നെ ബില്ലുകൾ ഏകപക്ഷീയമായി പാസാക്കാനുളള നീക്കത്തിലാണ്‌ കേന്ദ്രമെന്ന്‌ ബോധ്യപ്പെട്ടു. നിരാകരണ പ്രമേയത്തിൽ സംസാരിക്കെ സർക്കാർ നീക്കത്തെ രാഗേഷ്‌ നിശിതമായി വിമർശിച്ചു. പ്രമേയം വോട്ടിനിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ശബ്‌ദവോട്ടിൽ പ്രമേയം തള്ളിയതായി ഉപാധ്യക്ഷൻ ഹരിവംശ്‌ പ്രഖ്യാപിച്ചതോടെ സഭാതലം പ്രക്ഷോഭവേദിയാക്കാൻ മുന്നിട്ടിറങ്ങിയതും ഇടതുപക്ഷ അംഗങ്ങൾ.

ഉയർത്തിയത്‌ കർഷകശബ്​ദം:‌ ഇടത്‌ എംപിമാർ
രാജ്യത്തെ ലക്ഷക്കണക്കിന്‌ കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചതെന്ന് സിപിഐ എം കക്ഷിനേതാവ് എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാചട്ടങ്ങളെല്ലാം ലംഘിച്ചും പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്തും അടിച്ചമർത്തി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാർ ശ്രമം. ചട്ടപ്രകാരം സഭാനടപടികൾ കൊണ്ടുപോകുന്നതിൽ ഉപാധ്യക്ഷൻ പരാജയപ്പെട്ടു. അദ്ദേഹത്തിനെതിരായി അവകാശലംഘന നോട്ടീസ്‌ സെക്രട്ടറി ജനറലിന്‌ സമർപ്പിച്ചു. നോട്ടീസിന്മേൽ ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കണം. അതുവരെ അധ്യക്ഷപദവിയിൽ അദ്ദേഹം ഇരിക്കാൻ പാടില്ല. പിഡിഎസ്‌ സംഭരണത്തിൽ വരുന്ന നഷ്ടം സംസ്ഥാനങ്ങൾ നികത്തണമെന്നാണ്‌ ബില്ലിൽ പറയുന്നത്‌. പൊതുവിതരണത്തിനായി ഗോതമ്പും അരിയും സംഭരിക്കുക വഴി 293.21 കോടിയുടെ നഷ്ടം വന്നിട്ടുണ്ട്‌. ഇതെങ്ങനെയാണ്‌ സംസ്ഥാനങ്ങൾക്ക്‌ നികത്താനാകുക–- എളമരം കരീം ചോദിച്ചു. ബിനോയ് വിശ്വം, കെ കെ രാഗേഷ്, എം വി ശ്രേയാംസ്‌കുമാർ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top