20 November Wednesday

അമേരിക്കന്‍ ആശ്രിതത്വം; ആയുധക്കച്ചവടം 1,30,000 കോടിക്ക്

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

ന്യൂഡൽഹി >  പ്രതിരോധമേഖലയിൽ ഇന്ത്യയുമായുള്ള വ്യാപാരം  ഇക്കൊല്ലം അവസാനത്തോടെ 1,30,000 കോടിയോളം രൂപയായി ഉയരുമെന്ന്‌ അമേരിക്കൻ പ്രതിരോധസംഭരണ അണ്ടർ സെക്രട്ടറി എല്ലൻ എം ലോർഡ്‌. ഇരു പ്രതിരോധസേനകളും സഹകരണവും ബന്ധവും ശക്തിപ്പെടുത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും വാഷിങ്‌ടണിൽ പെന്റഗൺ ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ അവർ പറഞ്ഞു. അടുത്തയാഴ്‌ച ന്യൂഡൽഹിയിൽ ഇന്ത്യ–- അമേരിക്ക പ്രതിരോധ സാങ്കേതികവിദ്യ, വാണിജ്യ (ഡിടിടിഐ)  ഗ്രൂപ്പ്‌ ചർച്ച നടക്കാനിരിക്കെയാണ്‌ പ്രസ്‌താവന.

രണ്ടായിരത്തിഎട്ടിൽ ഒന്നും നടക്കാതിരുന്ന സ്ഥാനത്താണ്‌ 2019ൽ ഉഭയകക്ഷി പ്രതിരോധവ്യാപാരം 1800 കോടി ഡോളർ (1,30,000 കോടി രൂപ) ആയി ഉയർന്നതെന്ന്‌ എല്ലൻ എം ലോർഡ്‌ പറഞ്ഞു. ഉയർന്ന സാങ്കേതികവിദ്യയിലുള്ള പ്രതിരോധസാമഗ്രികൾ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്യാൻ അമേരിക്കൻ കമ്പനികൾക്ക്‌ അനുമതി നൽകി.

 ഇതിനായി ഇന്ത്യയെ ഒന്നാം തട്ടിലുള്ള  തന്ത്രപ്രധാന വ്യാപാരപങ്കാളിയായി അംഗീകരിച്ചു. നാറ്റോ സഖ്യകക്ഷികൾക്ക്‌ നൽകിവരുന്നതിനു തുല്യമായ പരിഗണനയാണിത്‌. ഇന്ത്യ–- പസഫിക്‌ മേഖലയിലെ വിഷയങ്ങളിൽ ഇരുരാജ്യവും സമാനകാഴ്‌ചപ്പാടിൽ സഹകരിച്ച്‌ നീങ്ങുന്നതിന്റെ  ഉദാഹരണമാണ് ഇതെന്നും അമേരിക്കൻ അണ്ടർ സെക്രട്ടറി പറഞ്ഞു.

ചർച്ചകൾക്കായി എത്തുന്ന അമേരിക്കൻ സംഘത്തെ നയിക്കുന്നത്‌ എല്ലൻ എം ലോർഡാണ്‌. ഇന്ത്യൻ സംഘത്തെ പ്രതിരോധ സംഭരണ സെക്രട്ടറി അപൂർവ ചന്ദ്ര നയിക്കും. ഇറക്കുമതി തീരുവയുടെ പേരിൽ  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തർക്കം അവസാനിപ്പിക്കാനെന്ന പേരിൽ പ്രതിരോധനിർമാണമേഖല മോഡിസർക്കാർ തുറന്നുകൊടുക്കുകയാണ്‌.

 അമേരിക്കയിൽനിന്നുള്ള പ്രതിരോധസംഭരണം വിപുലീകരിക്കാൻ സെപ്‌തംബറിൽ ഇന്ത്യ ആ രാജ്യവുമായി കോംകാസ (ആശയവിനിമയ പൊരുത്ത, സുരക്ഷ ഉടമ്പടി)യിൽ ഒപ്പിട്ടു. ഇന്ത്യ–-അമേരിക്ക സംയുക്ത സൈനികാഭ്യാസങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്‌. അമേരിക്കൻ സേനാനീക്കത്തിന്‌ ഇന്ത്യൻ താവളങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന കരാറിലും ഒപ്പുവച്ചു.

പ്രതിരോധനിർമാണമേഖലയിൽ വിദേശനിക്ഷേപം അനുവദിച്ചതിനു പിന്നാലെയാണ്‌ അമേരിക്കയുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top