21 September Saturday

നിതി ആയോഗില്‍ ഇന്ത്യയെ അറിയാത്തവര്‍; കേന്ദ്ര നയം അസമത്വം വര്‍ധിപ്പിക്കുന്നു: ബിഎംഎസ്

സ്വന്തം ലേഖകന്‍Updated: Tuesday Aug 20, 2019

ന്യൂഡല്‍ഹി> ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരെയാണ് കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗില്‍ കുത്തിനിറച്ചിരിക്കുന്നതെന്ന് ബിഎംഎസ്. അസമത്വം വര്‍ധിപ്പിക്കുന്ന  സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്നും  ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഓട്ടോമൊബൈല്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തൊഴില്‍മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍ സമ്പദ്ഘടനയെ തകര്‍ക്കുന്നു. നയങ്ങള്‍ ആവിഷ്‌കരിക്കുന്നവര്‍ ട്രേഡ് യൂണിയനുകളുമായോ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ അറിയാവുന്ന സാമൂഹ്യ സംഘടനകളുമായോ കൂടിയാലോചിക്കുന്നില്ല.   ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങള്‍, സ്വതന്ത്ര വ്യാപാരകരാര്‍, നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ), ലോകവ്യാപാര സംഘടന എന്നിവയുടെ പ്രത്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം.

ദേശീയ മിനിമംവേതനം നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ ആവിഷ്‌കരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിണം. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങളും തൊഴില്‍നിയമ പരിഷ്‌കാരങ്ങളും അവസാനിപ്പിക്കണമെന്ന് ബിഎംഎസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 


പ്രധാന വാർത്തകൾ
 Top