19 September Thursday

കശ്‌മീരിൽ വീണ്ടും നിയന്ത്രണങ്ങൾ; സ്‌കൂളുകള്‍ തുറന്നിട്ടും കുട്ടികള്‍ എത്തുന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ന്യൂഡൽഹി > ചെറിയ സംഘർഷങ്ങൾ ഉണ്ടായതോടെ കശ്‌മീർ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്‌. മൂന്നിടത്ത്‌  കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായെന്നും രണ്ടുപേർക്ക്‌ പരിക്കേറ്റെന്നും ജമ്മു കശ്‌മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത്‌ കൻസാൽ പറഞ്ഞു. മൂന്നിൽ രണ്ട്‌ ഭാഗം ലാൻഡ്‌ ഫോൺലൈനും പുനഃസ്ഥാപിച്ചെന്ന്‌ ഗവർണറുടെ ഉപദേഷ്ടാവ്‌ കെ വിജയകുമാർ പറഞ്ഞു.

പതിനഞ്ചു ദിവസമായി അടച്ചിട്ട സ്‌കൂളുകൾ തുറന്നെങ്കിലും പലയിടത്തും കുട്ടികൾ എത്തിയില്ല. സ്വകാര്യസ്‌കൂളുകൾ തുറന്നില്ല. ബെമിനയിലെ പൊലീസ്‌ പബ്ലിക്‌ സ്‌കൂളും ചില കേന്ദ്രീയവിദ്യാലയങ്ങളും തുറന്നെങ്കിലും വളരെക്കുറച്ച്‌ വിദ്യാർഥികളാണ്‌ എത്തിയത്‌. ശ്രീനഗറിലെ 900 പ്രൈമറി സ്‌കൂളിൽ 190 എണ്ണമാണ്‌ തിങ്കളാഴ്‌ച തുറന്നതെന്ന്‌ ഡെപ്യൂട്ടി കമീഷണർ ഷാഹിദ്‌ ഇഖ്‌ബാൽ പറഞ്ഞു. അതിനിടെ ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും കൂടിക്കാഴ്‌ച നടത്തി. കശ്‌മീരിൽ 10 ദിവസത്തെ സന്ദർശനത്തിനുശേഷം മടങ്ങിയെത്തിയ ഡോവൽ സ്ഥിതിഗതികൾ ഷായെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ്‌ ഗൗബയും പങ്കെടുത്തു. 

ശ്രീനഗറിലെ മിക്ക മേഖലയിലും നിയന്ത്രണം വീണ്ടും കർശനമാക്കി. ജമ്മുവിലെ ചില മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ്‌ അനുവദിക്കാനുള്ള തീരുമാനവും പിൻവലിച്ചു. ബാരാമുള്ള ജില്ലയിലെ പഠാൻ, പൽഹലൻ, സിങ്‌പോര, ബാരാമുള്ള, സോപോർ പട്ടണങ്ങളിൽ സ്‌കൂളുകൾ തുറന്നില്ല. ശ്രീനഗറിലെ സംഘർഷമില്ലാത്ത മേഖലകളിൽനിന്ന്‌ ബാരിക്കേഡുകൾ മാറ്റിയെങ്കിലും കടകൾ തുറന്നില്ല. പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. സ്വകാര്യവാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങിയിട്ടുണ്ട്‌.

ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ്‌ ജമ്മു കശ്‌മീരിലേക്ക്‌ തിരിച്ചയച്ചത്‌ ചോദ്യംചെയ്‌ത്‌ ഐഎഎസിൽനിന്ന്‌ രാജിവച്ച്‌ രാഷ്ട്രീയ പാർടി രൂപീകരിച്ച ഷാ ഫൈസൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബോസ്റ്റണിലെ ഹാർവാഡ്‌ സർവകലാശാലയിലേക്ക്‌ പോയ തന്നെ തടവിൽവയ്‌ക്കുകയായിരുന്നെന്ന്‌ ഷാ ഫൈസൽ ഹർജിയിൽ പറഞ്ഞു. രണ്ട്‌ ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന്‌ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന്‌ കേസ്‌ വെള്ളിയാഴ്‌ച പരിഗണിക്കുമെന്ന്‌ ജസ്റ്റിസുമാരായ മൻമോഹനും സംഗീത ധിൻഗ്ര സെഹ്‌ഗാളും  ഉൾപ്പെട്ട ബെഞ്ച്‌ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top