16 September Monday

ചീഫ്‌ ജസ്റ്റിസ്‌ മുഖ്യാതിഥി; ബിരുദദാന ചടങ്ങ്‌ റാങ്ക്‌ ജേതാവ്‌ ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ന്യൂഡൽഹി > സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ മുഖ്യാതിഥിയായ ബിരുദദാനച്ചടങ്ങ്‌  എൽഎൽഎം റാങ്ക്‌ ജേതാവ്‌ ബഹിഷ്‌കരിച്ചു. കോടതിജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതി  കൈകാര്യം ചെയ്‌ത രീതിയിൽ പ്രതിഷേധിച്ചാണ്‌ നടപടി. നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എൽഎൽഎമ്മിന്‌ ഒന്നാംസ്ഥാനവും സ്വർണമെഡലും സ്വന്തമാക്കിയ സുരഭികാർവയാണ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ചത്‌.

ചീഫ്‌ ജസ്റ്റിസാണ്‌ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന്‌ അറിഞ്ഞതിനുശേഷം ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്‌ സുരഭി ദേശീയമാധ്യമത്തോട്‌ പ്രതികരിച്ചു. നിയമക്ലാസുകളിൽനിന്ന്‌ പഠിച്ചതിന് വിരുദ്ധമായാണ്‌ ചീഫ്‌ ജസ്റ്റിസ്‌ യുവതിയുടെ പരാതി കൈകാര്യം ചെയ്‌തത്‌. പുരസ്‌കാരം ബഹിഷ്‌കരിച്ചിട്ടില്ലെന്നും ചീഫ്‌ ജസ്റ്റിസിൽനിന്ന്‌ അത്‌ വാങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു. 2019 ഏപ്രിൽ 20നാണ്‌ ലൈംഗികാതിക്രമ പരാതിയുമായി കോടതി മുൻ ജീവനക്കാരി രംഗത്തെത്തിയത്‌. ചീഫ്‌ ജസ്റ്റിസ്‌ രൂപീകരിച്ച  ആഭ്യന്തര അന്വേഷണ സമിതി ക്ലീൻചിറ്റ്‌ നൽകി. ചീഫ്‌ ജസ്റ്റിസിനെതിരെ ആസൂത്രിത നീക്കം നടന്നെന്ന പരാതിയിൽ സുപ്രീംകോടതി മുൻ ജഡ്‌ജി എ കെ പട്‌നായിക്‌ അന്വേഷണം നടത്തുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top