15 May Saturday

കുംഭമേള: ജൂന അഖാഡയും പിൻവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021


ന്യൂഡൽഹി
കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ഹരിദ്വാർ കുംഭമേളയിൽനിന്ന്‌ പിൻവാങ്ങിയതായി പ്രമുഖ സന്യാസി കൂട്ടായ്‌മയായ ജൂന അഖാഡ അറിയിച്ചു. രണ്ടാമത്തെ പ്രമുഖ അഖാഡയായ നിരഞ്‌ജിനി അഖാഡ വെള്ളിയാഴ്‌ചതന്നെ പിൻവാങ്ങൽ അറിയിച്ചിരുന്നു. രണ്ട്‌ പ്രമുഖ അഖാഡകളുടെ പിൻവാങ്ങലോടെ ശേഷിക്കുന്ന രണ്ട്‌ ഷാഹി സ്‌നാനുകൾ പ്രതീകാത്മകം മാത്രമായേക്കും.

കോവിഡ്‌ വ്യാപനം കാരണം കുംഭമേളയിലെ ചടങ്ങുകൾ ചുരുക്കാൻ പ്രധാനമന്ത്രി ശനിയാഴ്‌ച ജൂന അഖാഡ തലവൻ അവധേശാനന്ദ ഗിരിയോട്‌‌ അഭ്യർഥിച്ചിരുന്നു. ജീവൻ രക്ഷിക്കുകയെന്നത്‌ പുണ്യമാണ്‌. ആചാരപരമായ സ്‌നാനത്തിൽ വലിയതോതിൽ പങ്കെടുക്കരുതെന്ന്‌ അഭ്യർഥിക്കുകയാണ്‌. ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ്‌ മുഖ്യപരിഗണന. രോഗവ്യാപനം കണക്കിലെടുത്ത്‌ എല്ലാ ദൈവങ്ങളുടെയും നിമജ്ജനം നിർവഹിച്ചു. ജൂന അഖാഡയെ സംബന്ധിച്ച്‌ കുംഭമേള പൂർത്തിയായി–- അവധേശാനന്ദ ഗിരി അറിയിച്ചു.

കോവിഡ്‌ പടരുമ്പോഴും ലക്ഷങ്ങൾ പങ്കെടുത്ത്‌ കുംഭമേള തുടരുന്നത്‌ വിമർശിക്കപ്പെട്ടിരുന്നു. നൂറോളം സന്യാസിമാരുൾപ്പെടെ മേളയിൽ പങ്കെടുത്ത അയ്യായിരത്തോളംപേർക്ക്‌ കോവിഡ്‌ ബാധിച്ചു. മഹാനിർവാണി അഖാഡ മഹാമണ്ഡലേശ്വർ സ്വാമി കപിൽദേവ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അഖാഡ പരിഷത്ത്‌ തലവൻ മഹന്ത്‌ നരേന്ദ്രഗിരിയും കോവിഡ്‌ ബാധിതനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top