23 February Saturday

വാചാല മൗനങ്ങളുടെ നേതൃരൂപം

അനിൽകുമാർ എ വിUpdated: Friday Aug 17, 2018

ഇരട്ട മുഖവും ഇരട്ട നാക്കും ഫാസിസ്റ്റ് നേതൃത്വങ്ങളുടെ പൊതുപ്രകൃതമാണ്. സോഷ്യലിസത്തെയും തൊഴിലാളികളെയുംകുറിച്ച് വാചാലമാകവെയാണ് ഹിറ്റ്ലർ മനുഷ്യത്വത്തിന്റെ ആരാച്ചാരായത്. എന്നിട്ടും അയാളെ ചിലർ വിശേഷിപ്പിച്ചത് സസ്യഭുക്കെന്ന്. കൂട്ടക്കശാപ്പ് നടത്തിയ മുസോളിനിക്കാകട്ടെ വളർത്തു മൃഗങ്ങളോട് അളവറ്റ സ്നേഹമായിരുന്നത്രെ! ഇതിന്റെ ഇന്ത്യൻ പരിഭാഷയായി ചിലപ്പോഴെല്ലാം സൂചിപ്പിക്കപ്പെട്ട പേരാണ് വാജ്പേയിയുടേത്. 'കവിയും മിതവാദി’യുമായ അദ്ദേഹം മൂന്നുവട്ടം പ്രധാനമന്ത്രിയായപ്പോഴും എതിർ സൂചന ഉയരുന്നത് തടയാൻ സംഘടിത മാധ്യമ ശ്രമമുണ്ടായി.

ക്രൂരതയുടെ വാൾത്തല വീശി മുന്നേറുമ്പോഴും ഹിറ്റ്ലർ കുട്ടികൾക്കും പൂവുകൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ജർമൻ പത്രങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. വാജ്പേയിയെ കവി, പുസ്തകപ്രേമി, ഫലിതപ്രിയൻ, ഗണിതകാരൻ‐ എന്നിങ്ങനെയെല്ലാമായിരുന്നു വാഴ്ത്തിയത്. ഏറ്റവും പ്രാകൃതങ്ങളായ ആശയങ്ങൾക്കും ഫാസിസ്റ്റ് സംഘടനക്കും അകത്തുനിന്ന് വാജ്പേയ് മാത്രം മിതവാദിയാകുന്നതെങ്ങനെ? അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായ ദിവസം പ്രധാന പത്രങ്ങളുടെ തലക്കെട്ടുകൾ അതിരുകടന്നു. രാഷ്ട്രീയവും നിലപാടുകളും മറച്ച് 'ശുദ്ധകലാ’ വ്യക്തിത്വത്തെ പൊലിപ്പിച്ചെടുത്തു അവ. കവിതയും ഗണിതശാസ്ത്രവും തുളുമ്പുന്ന  ആ മനസ് വരച്ചുകാട്ടിയവർ ന്യൂനപക്ഷ ഗവൺമെന്റിന് ഭൂരിപക്ഷമൊപ്പിക്കാനുള്ള കള്ളക്കണക്ക്‌ കണ്ടതേയില്ല. ഹിറ്റ്ലർ മിതവാദികൾക്കും ഉഗ്രവാദികൾക്കും നടുവിൽ കഴിയുന്നതായി ബെർലിനിലെ ഫ്രഞ്ച് അംബാസഡർ 1938 ഡിസംബർ ഒന്നിന് പറഞ്ഞത് ഓർക്കാം. ഗീബൽസിനെയും ഹിറ്റ്‌ലറെയുംപോലുള്ള ഉഗ്രവാദികൾ ഒരുവശത്തും ഗോറിങ്ങിനെപ്പോലുള്ളവർ മറുവശത്തുമെന്നായിരുന്നു വിലയിരുത്തൽ. മൂന്ന് മാസത്തിനുള്ളിൽ എല്ലാം തകിടംമറിഞ്ഞു. ചെക്കോസ്ലാവാക്യ പിടിച്ചടക്കിയ ഹിറ്റ്ലർ സെപ്തംബറിൽ ലോകയുദ്ധത്തിന് തിരികൊളുത്തി. ആ ചരിത്രപാഠം ഓർമപ്പെടുത്തേണ്ടവരാണ് കൊച്ചുവർത്തമാനം പറഞ്ഞ് രസിച്ചത്. ഇന്ത്യൻ മതസൗഹാർദത്തിന്റെ പ്രതീകങ്ങളിലൊന്നായ ബാബറി മസ്ജിദ് തകർത്ത് കാവിക്കൊടി ഉയർത്തിയ 1992 ഡിസംബർ ആറിന്റെ മുറിവുകളോട് വാജ്പേയിയുടെ നിലപാടെന്തായിരുന്നു? രാജ്യത്തിന്റെ മുഖത്തേറ്റ കറുത്തപാട് എന്ന വിശേഷണം കാപട്യമായിരുന്നില്ലേ. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിന് ആഘാതമേൽപ്പിച്ച അതിന് ഒരു രാത്രിമാത്രം മുമ്പ് അദ്ദേഹം ലഖ്നൗവിൽ കർസേവകരെ അഭിസംബോധന ചെയ്ത് ഹിന്ദുക്കളുടെ ആരാധനയെക്കുറിച്ച് പറഞ്ഞപ്പോൾ ഗൂഢാലോചനയെപ്പറ്റി നല്ല തിട്ടമുണ്ടായിരുന്നു. കപട മതനിരപേക്ഷത എന്ന രൂപീകരണം പലവട്ടം പുറത്തെടുത്ത വാജ്പേയ് വർഗീയതയെ എതിർക്കുന്നവരെ സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കാനും ശ്രമിച്ചു.

 പഴയ കുടുംബചിത്രം. നിൽക്കുന്നവരിൽ വലത്തേയറ്റം  വാജ്‌പേയ്‌

പഴയ കുടുംബചിത്രം. നിൽക്കുന്നവരിൽ വലത്തേയറ്റം വാജ്‌പേയ്‌

ഗുജറാത്ത് വംശഹത്യ ഒഴുക്കിയ ചോരപ്പുഴകണ്ട് ചകിതനായ മനുഷ്യസ്നേഹിയായും വാജ്പേയിയെ ചിലർ വരച്ചുവച്ചു. അക്കാലത്ത് പ്രധാനമന്ത്രിയായ അദ്ദേഹം ഷാ ആലം അഭയാർഥി ക്യാമ്പ് സന്ദർശിച്ചത് മോഡിയുടെ കൈപിടിച്ചാണ്‌. ആ രംഗം കണ്ട ഇരകളുടെ ബന്ധുക്കൾ മോഡി വിരുദ്ധ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു. സ്വന്തം രാജ്യത്ത് അഭയാർഥികളായ ജനങ്ങളെക്കുറിച്ച് കാവ്യാത്മകമായി സൂചിപ്പിച്ചായിരുന്നു വാജ്പേയിയുടെ ചെറുഭാഷണം. മറ്റ് രാജ്യങ്ങളിൽ പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക്  ഭൂരിപക്ഷമുള്ള ഇടങ്ങൾ സന്ദർശിക്കുമ്പോൾ തന്റെ മുഖംകുനിയാതിരിക്കുന്നതെങ്ങനെയെന്നും കൂട്ടിച്ചേർത്തു.  അതിനുത്തരവാദിയായ മോഡിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനാവില്ലെന്ന് വ്യക്തമാക്കുകയുമുണ്ടായി.

“ നിങ്ങൾക്ക്  സുഹൃത്തുക്കളെ മാറ്റാം എന്നാൽ അയൽക്കാരെ മാറ്റാനാവില്ലെന്ന’’ വലിയ തത്ത്വചിന്ത വിളമ്പിയത് ആർക്ക് ഭക്ഷിക്കാനായിരുന്നു. 1971ൽ ഗ്വാളിയോറിൽനിന്ന് പാർലമെന്റംഗമായപ്പോൾ വാജ്പേയ് തെരുവുകൾതോറും സൈക്കിൾ സവാരി നടത്തുമായിരുന്നത്രെ. പിന്നീട് അത് അസാധ്യമാക്കുംവിധം ഇന്ത്യൻ പ്രദേശങ്ങൾ മാറ്റിയത് ഏത്‌  ശക്തിയാണെന്നതിനെക്കുറിച്ച്‌ അദ്ദേഹം എപ്പോഴും മൗനമവലംബിച്ചു.

നാല്‌ സംസ്ഥാനങ്ങളിൽനിന്ന് പാർലമെന്റിൽ എത്തിയ ജനനേതാവ് എന്ന വിശേഷണവും  വാജ്പേയിക്ക് നൽകുന്നവരുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ് എന്നിവയാണവ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മൃഗീയത ചാലുകീറിയ വഴികളിലൂടെയായിരുന്നു വിജയരഥം. 1977ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശ മന്ത്രി. ചെറിയ കാലാവധികളിലായിരുന്നെങ്കിലും മൂന്നുവട്ടം പ്രധാനമന്ത്രിയുമായി.

കോൺഗ്രസ് തുടക്കമിട്ട തുറന്ന സ്വകാര്യവൽക്കരണത്തിന്റെ പ്രചാരകനും പ്രയോക്താവുമായി മാറി അവസാന ഊഴത്തിൽ. 1998ലെ അണ്വായുധ പരീക്ഷണവും കാർഗിൽ യുദ്ധ സന്നാഹങ്ങളും തീവ്ര ഹിന്ദുത്വത്തിന്റെ അജൻഡയാണെന്ന് തെളിയിക്കുകയുമുണ്ടായി. വാജ്പേയ് മന്ത്രിസഭ അധികാരത്തിലിരുന്ന 13 ദിവസത്തെ അത്ഭുതത്തിനിടയിൽ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് എൻറോൺ കരാർ പുനരുജ്ജീവനമായിരുന്നു. പിന്നീട് ശവപ്പെട്ടി കുംഭകോണത്തിലൂടെയും കുപ്രസിദ്ധനായി.
ഗുജറാത്തിലെ വംശഹത്യയ്ക്കുശേഷം സംഘപരിവാരം പ്രധാന അജൻഡയായി ഉയർത്തിക്കാണിച്ചത് പശു എന്ന ചിഹ്നമായിരുന്നു. ഇനി അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിപോലും പശുവാകാനിടയുണ്ട് എന്ന ഫലിതവും അക്കാലത്ത്വന്നു. ഇതിനെതിരെ വാജ്പേയ് ഒരക്ഷരം ഉരിയാടിയിരുന്നില്ല. മോഡി  ഗൗരവ് യാത്ര ആരംഭിച്ചത് ഭദീജി ക്ഷേത്രത്തിൽനിന്നായിരുന്നല്ലോ. അത് പശുവുമായി ബന്ധപ്പെട്ട ക്ഷേത്രവുമാണ്.

പിന്നെ ചത്ത പശുവിന്റെ പേരിൽ പല ഗ്രാമങ്ങളിലും  ദളിതരെ കൊന്നപ്പോൾ വാജ്പേയ്  മൗനത്തിലായിരുന്നു. പൊക്രാൻ അണുവിസ്ഫോടന പരമ്പരകളുടെ മുഴക്കം. ചൈനക്കെതിരായ കൊലവിളി. ഇന്ത്യ‐ പാക് അതിർത്തിയിലെ യുദ്ധസന്നാഹങ്ങൾ‐ ഇവയ്ക്കെല്ലാം ഒപ്പമായിരുന്നു ഹിരോഷിമയെയും നാഗസാക്കിയെയും കുറിച്ച് കവിതയെഴുതിയ  അദ്ദേഹം. സ്വാതന്ത്ര്യസമരകാലത്ത് ത്രികോണ യുദ്ധത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ജനമുന്നേറ്റത്തെ വഞ്ചിക്കുകയുംചെയ്ത സംഘടനയായിരുന്നു ആർഎസ്എസ്. വാജ്പേയുടെ അക്കാലത്തെ പങ്ക് പരസ്യവുമാണ്. വഞ്ചനയുടെ മുഖമാണ് അടിയന്തരാവസ്ഥകാലത്തും ഉണ്ടായത്. പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് എഴുതിക്കൊടുത്ത് നേടിയ ആനുകൂല്യം ഏവർക്കുമറിയാം.

പ്രധാന വാർത്തകൾ
 Top