25 May Saturday

മിതവാദം എന്ന മുഖംമൂടി

വി ബി പരമേശ്വരൻUpdated: Friday Aug 17, 2018

കേന്ദ്രത്തിൽ അധികാരത്തിലേറാനുള്ള ആർഎസ്എസിന്റെ രാഷ്‌ട്രീയ മുഖംമൂടിയായിരുന്നു വാജ്പേയി. വിദ്യാർഥിയായിരിക്കെ ആർഎസ്എസിൽ അംഗമായാണ് വാജ്പേയി പൊതുപ്രവർത്തകനായത്. വിവാദങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള മെയ്വഴക്കം കൂടപ്പിറപ്പെങ്കിലും പലപ്പോഴും അടിതെറ്റി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വന്തം ഗ്രാമക്കാരെ ഒറ്റിക്കൊടുത്ത് കേസിൽനിന്നും രക്ഷപ്പെട്ടത് കളങ്കമായി. സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള വാചാലതക്ക് അത് കൂച്ചുവിലങ്ങിട്ടു. 

ഗ്വാളിയോറിലെ വിക്ടോറിയ കോളേജായിരുന്നു ആദ്യ രാഷ്ട്രീയക്കളരി. ശ്യാമപ്രസാദ് മുഖർജിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ചുവടുറപ്പിക്കാനായി. അദ്ദേഹത്തോടൊപ്പം 1951ൽ ജനസംഘത്തിന്റെ സ്ഥാപകാംഗമായി. നിലയ്‌ക്കാത്ത വാഗ്ധോരണിയുടെയും മെയ്വഴക്കത്തിന്റെയും പിൻബലത്തോടെ സംഘത്തിൽ കുതിച്ചുയർന്നു. 55ൽ ലഖ്നൗവിൽ ലോക്‌സഭാ സ്ഥാനാർഥിയായെങ്കിലും കരകയറാനായില്ല. 57ൽ ആ മണ്ഡലംതുണച്ചു. അതോടെ നാലര പതിറ്റാണ്ട് നീണ്ട പാർലമെന്ററി ജീവിതത്തിന് തുടക്കം.77 ലെ ജനതാ മന്ത്രിസഭയിൽ വിദേശമന്ത്രിയായതോടെ  ദേശീയ ശ്രദ്ധ. അക്കാലത്തെ പാക്സന്ദർശനം സംഘപരിവാറിലെ മിതവാദിയാക്കി ചിത്രീകരിക്കാൻ കളമൊരുക്കി.

അദ്വാനിയുടെ ഉദയത്തോടെ ഒറ്റപ്പെട്ടു. അയോധ്യയിലേക്ക് രഥമുരുണ്ടപ്പോൾ കാഴ്ചക്കാരനായി.  അതേസമയം പല നിലപാടുകളോടും താദാത്മ്യം പ്രാപിക്കാനും ശ്രമിച്ചു. അദ്വാനി സർവപ്രതാപിയായി വാഴുമ്പോഴാണ് ഹവാലകേസ്. അദ്ദേഹം പ്രതിയായതോടെ വാജ്പേയിക്ക് വീണ്ടും നല്ലകാലം. 96ലെ തെരഞ്ഞെടുപ്പിൽ  പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ അദ്വാനി നിർബന്ധിതനായി. കടുത്ത ഹിന്ദുത്വ പരിപാടി കൊണ്ടുള്ള വളർച്ച പാരമ്യത്തിലെത്തിയെന്നും ഇനി കുറുക്കുവഴി തെരഞ്ഞെടുക്കണമെന്നുമുള്ള വിലയിരുത്തലും ഗുണമായി. സംഘപരിവാർ കളരിയിൽ പതിറ്റാണ്ടോളം ബഹിഷ്കൃതനായ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കപ്പെട്ടത് മറ്റൊരുഘട്ടം.

ബിജെപിക്കും സഖ്യത്തിനും ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ വാജ്പേയിയെ സഹായിച്ചത് പാർലമെന്ററി പരിചയം. 1957 ൽ  ആദ്യമായി ലോക്‌സഭയിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ ആ മണ്ഡലത്തിൽ തോറ്റെങ്കിലും രാജ്യസഭാംഗമായി. ഈ ഘട്ടത്തിലാണ് ശ്യാമപ്രസാദ മുഖർജി മരിക്കുന്നത്.

1951 ൽ ജനസംഘം അധ്യക്ഷനായതുമുതൽ മുഖർജിയുടെ സന്തതസഹചാരിയായി.അദ്ദേഹം മരിച്ചപ്പോൾ 1968ൽ ജനസംഘം പ്രസിഡന്റ്. 73വരെ തുടർന്നു. 1980 ൽ ബിജെപി രൂപംകൊണ്ടപ്പോൾ പ്രഥമ അധ്യക്ഷൻ.1984 ൽ സ്വന്തം നാടായ ഗ്വാളിയോറിൽ മാധവ്റാവു സിന്ധ്യയോട് തോറ്റത് പാർലമെന്ററി ജീവിതത്തിലെ ആഘാതമായി.  പിന്നീട് ഒമ്പത് തവണ ലോക്‌്‌സഭയിലെത്തി.  സംഘപരിവാറിലെ ലിബറൽ മുഖമായാണ് വാജ്പേയിയെ വിശേഷിപ്പിക്കാറുള്ളത്. അദ്വാനിയുമായി താരതമ്യപ്പെടുത്തിയാണ് അത്. അദ്വാനി ലോഹ്പുരുഷും വാജ്പേയി വികാസ്പുരുഷുമായി വിശേഷിപ്പിച്ച് വെങ്കയ്യനായിഡു ആ പ്രതിഛായ അരക്കിട്ടുറപ്പിക്കുകയുംചെയ്തു. വാജ്പേയിയുടെ മിതവാദ പ്രകൃതം മുഖംമൂടി മാത്രമാണെന്ന് പറഞ്ഞ ഗോവിന്ദാചാര്യ,നാണവും മാനവുമില്ലാതെ നയം മാറ്റുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേർക്കുയുമുണ്ടായി.

സ്വാതന്ത്ര്യ സമരകാലത്ത്  സഹപ്രവർത്തകരെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തത്മുതൽ ആ അവസരവാദ രാഷ്ട്രീയം തുടങ്ങുന്നു. ക്വിറ്റ് ഇന്ത്യയുടെ ഭാഗമായി ജന്മഗ്രാമമായ ബടേശ്വറിൽ നടന്ന സമരത്തിൽ പങ്കെടുത്ത കാക്കുവക്കും മഹ്വാനുമെതിരെ മജിസ്ട്രേട്ടിനു മുമ്പാകെ സത്യവാങ്മൂലംനൽകി.  സംഘപരിവാറിന്റെ ന്യൂനപക്ഷ വിരോധം പലപ്പോഴും വാജ്പേയിയും പ്രകടിപ്പിച്ചു. 70 മെയ് 14 ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ എല്ലാ കലാപങ്ങൾക്കും കാരണം മുസ്ലീങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് വേളകളിൽ പച്ചത്തലപ്പാവണിഞ്ഞ് മുസ്ലിങ്ങളെ പുകഴ്ത്താനും മടിക്കാറില്ല. ആർഎസ്എസ് നേതാവ് ലക്ഷ്മൺറാവു ഇനാംദാറെക്കുറിച്ച് നരേന്ദ്രമോഡിയെഴുതിയ പുസ്തകം പ്രകാശനംചെയ്യവെ നടത്തിയ പ്രസംഗത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ ലക്ഷ്യം മതപരിവർത്തനമാണെന്നും തുറന്നടിച്ചു. ഗാന്ധി ഘാതകർക്ക് വേണ്ടി  കേസ് വാദിച്ച ഇനാംദാറെ അതേ ചടങ്ങിൽ ഐഎൻഎക്കാരോട് ഉപമിക്കുകയും ചെയ്തു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് പ്രധാനമന്ത്രിയെന്ന നിലയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് വാജ്പേയിയെ വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോർ വ്യാജ ഹിന്ദുവെന്ന് കുറ്റപ്പെടുത്തി. അയോധ്യ പ്രസ്ഥാനത്തിനൊപ്പമാണെന്ന് വ്യക്തമാക്കാൻ ഒരവസരവും നഷ്ടപ്പെടുത്താതിരുന്ന വാജ്പേയി, ക്ഷേത്രം എല്ലാ വരുടെയും ആഗ്രഹമാണെന്നും അത് ദേശീയ വികാരമാണെന്നും പറഞ്ഞു. മസ്ജിദ് കേസിൽ കുറ്റപത്രം ലഭിച്ച അദ്വാനി ഉൾപ്പെടെയുള്ളവരെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്ന വേളയിലാണ് ആ പ്രതികരണം. എന്നാൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ കുമരകത്ത് വിശ്രമത്തിന് എത്തിയപ്പോൾ, പള്ളി തകർത്തത് നഗ്നമായ നിയമലംഘനമാണെന്ന് പറയാൻ ഒരു മടിയുമുണ്ടായില്ല.

അമേരിക്കൻ സന്ദർശന വേളയിൽ താൻ സ്വയംസേവകനാണെന്നും ആർഎസ്എസ് ആത്മാവാണെന്നും ഹിന്ദു രാഷ്ട്രമാണ് സ്വപ്നമെന്നും ഉറപ്പിച്ചു. വിവാദമായപ്പോൾ രാഷ്ട്രസേവകനെന്ന്  തിരുത്തി. രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ വാജ്പേയി സ്വീകരിച്ച നയങ്ങളും വിവാദമുയർത്തി. പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ചില തുടക്കം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയായപ്പോഴാണ് ലാഹോറിലേക്ക് ബസ് യാത്ര നടത്തിയത്. മുഷറഫുമായി ആഗ്രയിൽ സംഭാഷണം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. തുടർന്നാണ് കാർഗിൽ യുദ്ധം.  1998 ൽ 13 മാസം പ്രധാനമന്ത്രിയായ വേളയിൽ അണുസ്ഫോടനം നടത്തി ഊറ്റംകൊണ്ടു. തുടർന്നങ്ങോട്ട് അമേരിക്കക്ക് വിധേയനാവുകയുംചെയ്തു.

പ്രധാന വാർത്തകൾ
 Top