17 February Sunday

ഡിജിപി നിയമനം: മുൻ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട ഹർജി തള്ളി

സ്വന്തം ലേഖകൻUpdated: Thursday Jan 17, 2019

ന്യൂഡൽഹി > ഡിജിപി തെരഞ്ഞെടുപ്പും നിയമനവുമായി ബന്ധപ്പെട്ട  മുൻഉത്തരവ‌് ഭേദഗതി ചെയ്യണമെന്ന അഞ്ച‌് സംസ്ഥാനങ്ങളുടെ ആവശ്യം സുപ്രീംകോടതി തള്ളി. സ്ഥിരം ഡിജിപിമാരുടെ തെരഞ്ഞെടുക്കലും നിയമനവുമായി ബന്ധപ്പെട്ട‌് സുപ്രീംകോടതി 2018 ജൂലൈ മൂന്നിന‌്  വിശദമായ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

നിലവിലെ ഡിജിപി വിരമിക്കുന്നതിന‌് മൂന്ന‌ുമാസം മുമ്പ‌ുതന്നെ സംസ്ഥാനങ്ങൾ അടുത്ത ഡിജിപിയായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക യുപിഎസ‌്സിക്ക‌് കൈമാറണമെന്നും യുപിഎസ‌്സി  തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്ന്‌ നിയമനം നടത്തണമെന്നുമായിരുന്നു നിർദേശം.
എന്നാൽ, 2006ലെ പ്രകാശ‌്സിങ് കേസിലെ സുപ്രീംകോടതി ഉത്തരവ‌് പ്രകാരം ഡിജിപി നിയമനത്തിന‌് വ്യക്തമായ നിയമങ്ങൾ സംസ്ഥാനതലത്തിലുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അനുവദിക്കണമെന്ന‌ും ആവശ്യപ്പെട്ട‌് കേരളം, ബിഹാർ, പഞ്ചാബ‌്, ഹരിയാന, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്.

കഴിഞ്ഞവർഷം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പൊതുജനതാൽപ്പര്യം മുൻനിർത്തിയാണെന്നും അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് നിരീക്ഷിച്ചു. ഡിജിപിമാരാകുന്ന ഉദ്യോഗസ്ഥർക്ക‌് ഔദ്യോഗിക വിരമിക്കൽ തീയതി കണക്കിലെടുക്കാതെ ചുരുങ്ങിയത‌് രണ്ട‌ുവർഷം സേവനകാലയളവ‌് നൽകണമെന്ന‌് പ്രകാശ‌്സിങ് കേസിൽ ഉത്തരവിട്ടിരുന്നു.
കേരളം ഉൾപ്പെടെ കോടതി ഉത്തരവ‌് പാലിച്ച‌ു. 

മഹാരാഷ്ട്ര, ഉത്തർപ്രദേശ‌്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ഉത്തരവ‌് പാലിച്ചില്ലെന്ന‌് പ്രകാശ‌്സിങ് കോടതിയലക്ഷ്യഹർജി ഫയൽ ചെയ‌്തു.  പ്രകാശ‌്സിങ് കേസിലെ മാർഗനിർദേശങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട‌് കേന്ദ്രസർക്കാരും കോടതിയെ സമീപിച്ചു.  2018 ജൂലൈയിൽ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ആക്ടിങ് ഡിജിപിമാരെ നിയമിക്കരുത‌് ‌എന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യം കോടതി തള്ളിയതോടെ യുപിഎസ‌്സി തന്നെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും.


പ്രധാന വാർത്തകൾ
 Top