ന്യൂഡൽഹി
ഡൽഹി മെഹ്റോളിയിൽ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ സംഭവത്തിൽ കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരഭാഗങ്ങളിൽ ചിലത് കണ്ടെടുത്തു. പിടിയിലായ അഫ്താബ് അമീൻ പൂനാവാല (28)യുമായി മെഹ്റോളിയിലെ വനപ്രദേശത്ത് നടത്തിയ തെളിവെടുപ്പിനിടെയാണ് 10 ശരീരഭാഗം കണ്ടെടുത്ത്. ഇവ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.
വിവാഹം കഴിക്കാൻ നിർബന്ധിപ്പിച്ചതിന് മെയ് 18നാണ് ശ്രദ്ധയെ ഇയാൾ വാടക ഫ്ലാറ്റിൽ വച്ച് കഴുത്തുഞെരിച്ചുകൊന്നത്. 18 ദിവസംകൊണ്ടാണ് വെട്ടിമുറിച്ച ശരീരഭാഗങ്ങൾ വനത്തിൽ കൊണ്ടിട്ടത്. ശ്രദ്ധയുടെ ശരീരം ഫ്ലാറ്റിൽ സൂക്ഷിച്ചിരിക്കവേ തന്നെ ഡേറ്റിങ് ആപ് വഴി പുതിയ പെൺസുഹൃത്തുക്കളെ അഫ്താബ് വീട്ടില്‍ എത്തിച്ചതായും പൊലീസ് വെളിപ്പെടുത്തി. ഇവർ എത്തുമ്പോൾ ഇയാള്‍ മാംസാവശിഷ്ടങ്ങള്‍ ഫ്രിഡ്ജിൽനിന്ന് കബോർഡിലേക്ക് മാറ്റിയിരുന്നു.
ശരീരം കൊണ്ടുപോയി തള്ളാനുള്ള പ്ലാസ്റ്റിക് ബാഗും കത്തിയും വാങ്ങിയ കടയിൽ എത്തിച്ചും തെളിവെടുത്തു. എന്നാൽ, കത്തി കിട്ടിയിട്ടില്ല. ഇവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തത് തിരിച്ചടിയാണ്. രക്തക്കറ മായ്ക്കാനുള്ള ലായനി പ്രതി കണ്ടെത്തിയത് ഗൂഗിളിൽനിന്നാണ്. ശ്രദ്ധയുടെ കൊലപാതകം മൂടിവയ്ക്കാനായി ഇവരുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളുമായി അഫ്താബ് ചാറ്റ് നടത്തി. എന്നാൽ, രണ്ടുമാസത്തോളം ഫോൺ ഓഫായതാണ് ചില സുഹൃത്തുക്കൾക്ക് സംശയം തോന്നാനിടയാക്കിയത്. ഇത് ഇവർ ശ്രദ്ധയുടെ കുടുംബത്തെ അറിയിച്ചതോടെയാണ് അച്ഛൻ ഡൽഹിയിൽ എത്തി പരാതി നല്‍കിയത്.
ആത്മവിശ്വാസം ലഭിച്ചത്
ടിവി ഷോയിൽനിന്ന്
അമേരിക്കൻ ടിവി ഷോയായ ഡെക്സ്റ്ററിൽനിന്നാണ് പ്രതിക്ക് കൊലപാതകത്തിനുള്ള ആത്മവിശ്വാസം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
ഇതിലും കൊലപ്പെടുത്തുന്നവരുടെ ശരീരഭാഗങ്ങൾ ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. മറ്റു നിരവധി ക്രൈം സീരീസുകളും അഫ്താബ് തുടർച്ചയായി കാണാറുണ്ടായിരുന്നു. ശ്രദ്ധ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം കൈയിലെ മുറിവിന് ഇയാൾ ചികിത്സ തേടിയതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. അതേസമയം, കൊലപാതകത്തെ ലൗജിഹാദുമായി കൂട്ടിക്കെട്ടാൻ ബിജെപി ശ്രമം തുടങ്ങി. മഹാരാഷ്ട്രയിലെ നേതാവും എംഎൽഎയുമായ റാംകദം ലൗജിഹാദിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് കത്തുനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..