16 July Tuesday
എന്‍ഡിഎ 177 സീറ്റിലൊതുങ്ങും

ബിജെപിയ്ക്ക് വന്‍ തിരിച്ചടിയെന്ന് സര്‍വേ പ്രവചനം; അബദ്ധത്തില്‍ എക്‌സിറ്റ് പോള്‍ പുറത്തുവിട്ട് ഇന്ത്യ ടുഡേ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ന്യൂഡല്‍ഹി> ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അബദ്ധത്തില്‍ എക്‌സിറ്റ് പോള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം ഇന്ത്യ ടുഡേ. എന്‍ഡിഎ 177 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇന്ത്യ ടുഡേ പറയുന്നു. 

ഇന്ത്യ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നുമാണ് വീഡിയോ ചോര്‍ന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റുമാണ് പ്രവചിക്കുന്നത്. രാജ്യത്തെ 543 ലോക്സഭ മണ്ഡലങ്ങളിലായി ഏഴ് ലക്ഷത്തിലധം വോട്ടര്‍മാരെയാണ് സാമ്പിളാക്കിയത് എന്ന് ഇന്ത്യ ടുഡേ പറയുന്നു.

ഇന്ത്യ ടുഡെ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന് രാഹുല്‍ കന്‍വാല്‍ പറയുന്നു. 2017ല്‍ യുപിയില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു.  ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു; കന്‍വാല്‍ പറഞ്ഞു.

ഐഎഎന്‍എസിനും എക്കണോമിക് ടൈംസിനും നിയമവിരുദ്ധമായി എക്സിറ്റ് പോള്‍ പുറത്തുവിട്ടതിന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.ഇതിനുപിന്നാലെയാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍വ്വേ പ്രചരിക്കുന്നുണ്ട്‌


 


പ്രധാന വാർത്തകൾ
 Top