12 November Tuesday

വളർച്ചയിൽ ഭിന്നത ; അവിശ്വാസം ; റിസർവ്‌ ബാങ്ക്‌ നടപടി അതിരുകടന്നതെന്ന്‌ നിതി ആയോഗ്‌ ഉപാധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


ന്യൂഡൽഹി
റിസർവ്‌ ബാങ്ക്‌ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ അവിശ്വാസം പ്രകടിപ്പിച്ച്‌ നിതി ആയോഗ്‌ ഉപാധ്യക്ഷൻ. രാജ്യത്തിന്റെ പ്രതീക്ഷിത വളർച്ചനിരക്ക്‌ വെട്ടിക്കുറച്ച റിസർവ്‌ ബാങ്ക്‌ നടപടി അതിരുകടന്നതാണെന്ന്‌ നിതി ആയോഗ്‌ ഉപാധ്യക്ഷൻ രാജീവ്‌കുമാർ പറഞ്ഞു. മാന്ദ്യം നേരിടുന്നതിൽ വാണിജ്യ ബാങ്കുകളുടെ ശേഷിയെ ചോദ്യംചെയ്‌തു അദ്ദേഹം ഇനിയുള്ള മാസങ്ങളിൽ സാമ്പത്തിക വളർച്ചനിരക്ക്‌ ഉയരുമെന്ന അവകാശവാദവും ഉന്നയിച്ചു.  അതേസമയം, രാജ്യത്തെ ബാങ്കുകളുടെ ശേഷിയിൽ ധനമന്ത്രി നിർമല സീതാരാമൻ മതിപ്പ്‌ പ്രകടിപ്പിച്ചു.

സാമ്പത്തിക തകർച്ചയുടെ പേരിൽ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഭിന്നത ഇതോടെ പുറത്തായി.  ഇന്ത്യൻ സമ്പദ്‌ഘടനയുടെ വളർച്ച കൂപ്പുകുത്തുമെന്ന ലോകബാങ്ക്‌, ഐഎംഎഫ്‌, എഡിബി, ലോക സാമ്പത്തികഫോറം, മൂഡീസ്‌ ഇന്റർനാഷണൽ തുടങ്ങിയ രാജ്യാന്തര ഏജൻസികളുടെ നിരീക്ഷണത്തിനിടെയാണ്‌ നയ രൂപീകരണ ഏജൻസികളുടെ പഴിചാരൽ. പ്രതിസന്ധി രൂക്ഷമായിട്ടും  സാമ്പത്തികത്തകർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവർ നിശ്ശബ്ദതയിലാണ്‌.

തൊഴിൽ സൃഷ്ടിക്കുന്നതു സംബന്ധിച്ച ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്‌എസ്‌ഒ) റിപ്പോർട്ടിനേക്കാൾ വിശ്വാസം സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി) റിപ്പോർട്ടാണ്‌. കൃഷി, വാണിജ്യം, ഉൽപ്പാദനം, വിദേശ ഇടപാടുകൾ എന്നിങ്ങനെ ഓരോ മേഖലയിലും വെവ്വേറെ ബാങ്കുകൾ സ്ഥാപിക്കണം. അടിമുടി സ്വകാര്യവൽക്കരണമാണ്‌ വേണ്ടതെന്നാണ്‌ നിതി ആയോഗ്‌ ഉപാധ്യക്ഷന്റെ നിർദേശം.

ബാങ്കുകൾക്ക്‌  കരുത്തുണ്ടെന്ന്‌ ധനമന്ത്രി
ബാങ്കുകളുടെ കൈവശം ആവശ്യത്തിനു പണമുണ്ടെന്നാണ്‌  ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത്‌.  ഒക്ടോബർ ഒന്നുമുതൽ ഒമ്പതുവരെ ബാങ്കുകൾ 81,781 കോടി രൂപയുടെ വായ്‌പ നൽകി. പൊതുമേഖലാ ബാങ്കുകളുടെ മേധാവിമാരുമായി നടത്തിയ ചർച്ചയ്‌ക്കുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കയായിരുന്നു ധനമന്ത്രി. ചർച്ചയിൽ കാര്യമായ തീരുമാനം ഉണ്ടായില്ല.   21  മുതൽ 25 വരെ വീണ്ടും വായ്‌പാമേള നടത്താൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.

വിമർശനവുമായി ധനമന്ത്രിയുടെ ഭർത്താവ്‌
കേന്ദ്രസർക്കാർനയങ്ങളെ രൂക്ഷമായി വിമർശിച്ച്‌ ധനമന്ത്രിയുടെ  ഭർത്താവ്‌ പരകാല പ്രഭാകർ രംഗത്തുവന്നു. സാമ്പത്തിക രംഗത്തെ വെല്ലുവിളി നേരിടാൻ കേന്ദ്രസർക്കാരിന്‌ തന്ത്രപരമായ കാഴ്‌ചപ്പാടില്ലെന്ന്‌ ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top