20 November Wednesday

ഭീകരത നേരിടാൻ തടസ്സം ജുഡീഷ്യറിയും മാധ്യമങ്ങളും ; ആക്ഷേപിച്ച്‌ സുരക്ഷാ ഉപദേഷ്‌ടാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


ന്യൂഡൽഹി
ജുഡീഷ്യറിയുടെ സമീപനവും മാധ്യമങ്ങളുടെ നിലപാടും ഭീകരതയെ നേരിടുന്നതിൽ വലിയ വെല്ലുവിളിയാണെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്ത്‌ ഡോവൽ. ഭീകരാക്രമണ കേസുകളെയും സാധാരണ കുറ്റങ്ങളെയും ഒരേപോലെ പരിഗണിക്കുന്ന ജുഡീഷ്യറിയുടെ സമീപനം പ്രശ്‌നമാണെന്നും ഭീകരവിരുദ്ധ സ്‌ക്വാഡുകളുടെയും പ്രത്യേക ദൗത്യസംഘങ്ങളുടെയും തലവൻമാരുടെ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യവെ ഡോവൽ പറഞ്ഞു.

മാധ്യമങ്ങൾ നിശ്ശബ്‌ദത പാലിച്ചാൽ തീവ്രവാദം അവസാനിക്കുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാർഗരറ്റ്‌ താച്ചർ പറഞ്ഞിരുന്നു. ആക്രമണങ്ങൾ നടത്തുന്നത്‌ ആളുകൾ അറിയാനാണ്‌. എങ്കിൽ മാത്രമേ അവർക്ക്‌ ജനങ്ങളെ ഭയപ്പെടുത്താനാകൂ. എവിടെയെങ്കിലും 10 പേർ കൊല്ലപ്പെടുകയും അതാരും  അറിയാതിരിക്കുകയും ചെയ്‌താൽ ആരും ഭയപ്പെടില്ല. അതുകൊണ്ടാണ്‌ മാധ്യമനയത്തിൽ മാറ്റം വരേണ്ടത്‌. മാധ്യമങ്ങളോട്‌ ഒന്നും പറയാതിരുന്നാൽ അവർ ഊഹങ്ങൾ പ്രചരിപ്പിക്കും. അത്‌ കൂടുതൽ ഭയം സൃഷ്ടിക്കും.

ജുഡീഷ്യറിയുടെ സമീപനം വലിയ വെല്ലുവിളിയാണ്‌. സാധാരണ കേസുകളെപ്പോലെയാണ്‌ ഭീകരാക്രമണ കേസുകളെയും കൈകാര്യം ചെയ്യുന്നത്‌. ഭീകരാക്രമണ കേസുകളിൽ  ദൃക്‌സാക്ഷികളെ കിട്ടില്ല. മാത്രമല്ല, ആരും മൊഴി നൽകാൻ ധൈര്യപ്പെടില്ല. ജെയ്‌ഷെ, ലഷ്‌കർ തുടങ്ങിയ ഭീകരസംഘടനകൾക്കെതിരായി കോടതിയിൽ മൊഴി നൽകുക സാധാരണക്കാർക്ക്‌ എളുപ്പമല്ല–- ഡോവൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top