08 July Wednesday
കേരള വിളകളെ അവഗണിച്ചു

കൃഷി കരിഞ്ചന്തയ്ക്ക് ; മുന്‍കൂട്ടി വില നിശ്ചയിച്ച് വിള വാങ്ങി സംഭരിക്കാം, ഇ - വ്യാപാരത്തിനും അനുമതി

സാജൻ എവുജിൻUpdated: Saturday May 16, 2020


ന്യൂഡൽഹി
വൻതോതിൽ പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കും ഊഹക്കച്ചവടത്തിനും വഴിയൊരുക്കി  കേന്ദ്ര സര്‍ക്കാര്‍. കോവിഡ്‌ പ്രതിസന്ധി മറികടക്കാനുള്ള പാക്കേജിന്റെ മറവിൽ അവശ്യവസ്‌തുനിയമം ഭേ​ദ​ഗതി ചെയ്യാൻ തീരുമാനമായി. കാർഷികോൽപ്പന്നങ്ങളുടെ അന്തർസംസ്ഥാന കടത്തിനുള്ള നിയന്ത്രണങ്ങളും എടുത്തുകളയും. 20 ലക്ഷം കോടിയുടെ  പാക്കേജിന്റെ മൂന്നാംഘട്ടമായാണ് ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചത്‌. കോർപറേറ്റ്‌ നിക്ഷേപത്തിനാണ്‌ ഊന്നല്‍.കോടിക്കണക്കിനു ചെറുകിട–-ഇടത്തരം–-നാമമാത്ര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ പദ്ധതികളില്ല.

സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും അവശ്യവസ്‌തുക്കൾ സംഭരി‌ക്കുന്നതിനും വിതരണം ചെയ്യുന്നതിനും വില നിശ്ചയിക്കുന്നതിനും പരിധി വ്യവസ്ഥ ചെയ്യുന്ന 1955ലെ നിയമമാണ്‌  ഭേദഗതി ചെയ്യുന്നത്‌. കയറ്റുമതിക്കും മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനും കാർഷികവിള സംഭരിക്കാൻ പരിധിയില്ല. ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ, എണ്ണവിത്തുകൾ, ഉള്ളി, പലവ്യഞ്ജനങ്ങൾ, ഉരുളക്കിഴങ്ങ്‌ എന്നിവയെല്ലാം നിയന്ത്രണാതീതമായി സംഭരിക്കാം.

കാർഷികോൽപ്പന്ന വിപണി സമിതികളുടെ ലൈസൻസുള്ളവർക്കു ‌ മാത്രം കർഷകർ  വിള വിൽക്കണമെന്ന നിബന്ധന ഇല്ലാതാകും. ആർക്കുവേണമെങ്കിലും വിള സംഭരിക്കാം. വിതയ്‌ക്കുന്ന സമയത്തുതന്നെ വില നിശ്ചയിച്ച്‌ ഉൽപ്പന്നം വാങ്ങാനും എത്രവേണമെങ്കിലും സംഭരിക്കാനും കഴിയും. ഏതു ഭാഗത്തുനിന്നും എവിടേക്കും ഉൽപ്പന്നങ്ങൾ കടത്താം. ഇ–-വ്യാപാരത്തിനും അനുമതി നൽകും. കാർഷികമേഖലയിൽ സ്വകാര്യനിക്ഷേപം ആകർഷിക്കാനാണ്‌ ഇതെന്ന്‌ മന്ത്രി പറഞ്ഞു.


 

കേരള വിളകളെ അവഗണിച്ചു
തനതു വിളകൾക്ക്‌ പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ പദ്ധതിയില്‍ കേരളത്തിന് അവ​ഗണന. ആന്ധ്രയിലെ മുളക്‌, കർണാടകത്തിലെ റാഗി, ബിഹാറിലെ മഖാന, ഉത്തർപ്രദേശിലെ മാങ്ങ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുള, തമിഴ്‌നാട്ടിലെ മരച്ചീനി എന്നിവയ്‌ക്കാണ്‌ ‌ പ്രത്യേക സഹായം‌. കേരളത്തിലെ റബർ, ഏലം, ചുക്ക്‌‌ തുടങ്ങിയവ ഒഴിവാക്കി.


പ്രധാന വാർത്തകൾ
 Top