07 July Tuesday

റഫേൽ: ചോദ്യങ്ങൾ ബാക്കി ; സാങ്കേതിക തീരുമാനങ്ങളിൽ ഇടപെടുന്നതിന്‌ പരിമിതിയുണ്ടെന്ന്‌ വിലയിരുത്തൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


ന്യൂഡൽഹി
റഫേൽയുദ്ധവിമാന ഇടപാടിൽ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി ആവർത്തിക്കുമ്പോഴും ചോദ്യങ്ങള്‍ ബാക്കി. സാങ്കേതിക തീരുമാനങ്ങളിൽ ഇടപെടുന്നതിന്‌ പരിമിതിയുണ്ടെന്നാണ്‌ കോടതി വിലയിരുത്തൽ. എന്നാല്‍, ആദ്യകരാര്‍ അട്ടിമറിച്ചതിലൂടെ  രാജ്യത്തിനുണ്ടായ നഷ്ടം കോടതി പരിഗണനയിൽ വന്നില്ല.

36വിമാനം മതിയോ?
126 യുദ്ധവിമാനം വാങ്ങാനായിരുന്നു ആദ്യകരാർ. 18 എണ്ണം ഫ്രാൻസിൽ നിർമിച്ചുനൽകും. ശേഷിക്കുന്നവ സാങ്കേതികവിദ്യ കൈമാറ്റം വഴി പൊതുമേഖലാ സ്ഥാപനമായ എച്ച്‌എഎൽ നിർമിക്കും.

മോഡിസർക്കാരിന്റെ കാലത്തെ കരാർവഴി 36 വിമാനം മാത്രമാണ്‌ കിട്ടുക. ഇത് തികച്ചും  അപര്യാപ്തമാണെന്ന് വ്യോമസേനയിലെ ഉന്നതർ ചൂണ്ടിക്കാട്ടുന്നു. തന്ത്രപരമായ ആസൂത്രണത്തിന്റെ ഭാ​ഗമായാണ്  126 വിമാനം വാങ്ങാൻ തീരുമാനിച്ചത്. വിവിധ ആവശ്യങ്ങൾക്കായി വിമാനങ്ങൾ ഏഴ് സ്‌ക്വാഡ്രൺ  ആക്കാനായിരുന്നു  പദ്ധതി. തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായാലും റഫേൽ വിമാനങ്ങളുടെതുപോലുള്ള പങ്കുവഹിക്കാൻ അവയ്‌ക്ക്‌ കഴിയില്ല.

റിലയന്‍സ് എങ്ങനെവന്നു?
മോഡിയുടെ കരാര്‍ പരിഷ്കരണത്തിലൂടെ യുദ്ധവിമാനം നിർമിച്ച്‌ പരിചയമുള്ള എച്ച്‌എഎൽ പുറത്തായപ്പോൾ  അനിൽ അംബാനി ഗ്രൂപ്പ്‌  തിരക്കിട്ട്‌  തട്ടിക്കൂട്ടിയ  റിലയൻസ്‌ ഡിഫൻസ്‌ കരാറിൽ പങ്കാളിത്തസ്ഥാപനമായി. ഇതിന്‌ കൃത്യമായ വിശദീകരണം നൽകാൻ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. ഡൽഹി മെട്രോയുടെ എയർപോർട്ട് എക്‌സ്‌പ്രസ്‌  ലൈൻ നിർമാണച്ചുമതല റിലയൻസിനാണ്. മതിയായ ലാഭം കിട്ടുന്നില്ലെന്ന പേരിൽ ഇത്‌ പാതിവഴിയിൽ ഉപേക്ഷിച്ചു. അതിനുശേഷം ഡൽഹി മെട്രോയാണ് എയർപോർട്ട്  ലൈൻ ഏറ്റെടുത്തുനടത്തുന്നത്. റിലയൻസ് പവർ നടത്തുന്ന രണ്ട്  വൈദ്യുതിനിലയങ്ങളുടെയും സ്ഥിതി സമാനം. വ്യവസ്ഥകൾക്ക് വിരുദ്ധമായി കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നു.

വിമാനവില മൂന്നിരട്ടി
 യുപിഎ ഭരണകാലത്ത്  527  കോടി രൂപയാണ് ഒരു വിമാനത്തിന്‌ വിലയിട്ടത്. എന്നാല്‍, ഇപ്പോഴത്തെ വിമാനവില വെളിപ്പെടുത്താൻ കേന്ദ്രംതയ്യാറല്ല.  മൊത്തം കരാർ 59,000 കോടി രൂപയുടേതാണെന്നാണ്‌  പ്രതിരോധമന്ത്രിയും ഫ്രഞ്ച് അധികൃതരും വ്യക്തമാക്കിയത്. അങ്ങനെ നോക്കുമ്പോൾ  വിമാനമൊന്നിന്‌  1670 കോടി. മൂന്നിരട്ടിയായി വില ഉയർന്നത് പ്രതിരോധവിദഗ്‌ധർ ചോദ്യംചെയ്യുന്നു.

പുനഃപരിശോധനയ്‌ക്ക്‌ വഴിവച്ചത്‌ ‘ചോർന്ന’ രേഖകൾ
റഫേൽ കേസിൽ പുനപരിശോധനാഹർജികൾ സമർപ്പിക്കുന്നതിന്‌ വഴിതുറന്നത്‌ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച രേഖകൾ. പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്നാണ്‌ ഇതിനെ പ്രതിരോധിക്കാൻ കേന്ദ്രംമുന്നോട്ടുവച്ച വാദം.  സിബിഐ അന്വേഷിക്കാൻ ഉത്തരവിടണമെന്ന ഹർജി 2018 ഡിസംബറിൽ തള്ളിയതിനുപിന്നാലെ പ്രതിരോധമന്ത്രാലയത്തിൽനിന്ന്‌ ചോർന്ന രേഖകൾ ‘ദി ഹിന്ദു’ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്നായിരുന്നു റിപ്പോർട്ട്‌.

തെളിവുണ്ടെന്ന്‌ ബോധ്യപ്പെടുത്താനായില്ല: ജസ്‌റ്റിസ്‌ എസ്‌ കെ കൗൾ
ആക്ഷേപങ്ങളിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്‌ ബോധ്യപ്പെടുത്താൻ ഹർജിക്കാർക്ക്‌ കഴിഞ്ഞില്ലെന്ന്‌ ഭൂരിപക്ഷവിധി തയ്യാറാക്കിയ ജസ്‌റ്റിസ്‌ എസ്‌ കെ കൗൾ പറഞ്ഞു. ഇക്കാര്യങ്ങൾ കോടതിയിൽ വിശദമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും അതിനാൽ അന്വേഷണം ആവശ്യമില്ലെന്നും വിധിയിൽ വ്യക്തമാക്കി. ഇത്തരം കരാറുകളിൽ ഏകീകൃത മാനദണ്ഡം അസാധ്യമാണ്‌. സാങ്കേതികകാര്യങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടാകാം. ഈ വിഷയത്തിൽ നുഴഞ്ഞുകയറിയുള്ള അന്വേഷണത്തോട്‌ യോജിക്കാൻ കഴിയില്ലെന്ന്‌ ജസ്‌റ്റിസ്‌ കൗൾ പറഞ്ഞു.

കഴമ്പുണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ടുപോകാം
പരാതികളിൽ കഴമ്പുണ്ടെന്ന്‌ ബോധ്യമായാൽ സിബിഐക്ക്‌ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ പ്രത്യേക വിധിയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top