16 November Saturday

സലാം ഭൂമി; ചാന്ദ്രയാൻ മുന്നോട്ട്‌ ; യാത്ര നിർണായക ദിശയിലേക്ക്‌

ദിലീപ‌് മലയാലപ്പുഴUpdated: Thursday Aug 15, 2019



തിരുവനന്തപുരം
ഭൂമിയുടെ വലയം ഭേദിച്ച ചന്ദ്രയാൻ–-2 പേടകത്തിന്റെ യാത്ര ഏറെ നിർണായക ദിശയിലേക്ക്‌. മൂന്നര ലക്ഷത്തിലധികം കിലോമീറ്റർ താണ്ടി ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക്‌ കടക്കുക എന്നത്‌ ഏറെ സങ്കീർണം. ഭൂമിയെ വലംവച്ചുകൊണ്ടിരുന്ന പേടകത്തെ ബുധനാഴ്‌ച പുലർച്ചെയാണ്‌ ചന്ദ്രനിലേക്ക്‌ തൊടുത്തുവിട്ടത്‌. പേടകത്തിലെ ലിക്വിഡ്‌ അപോജി മേട്ടോർ(ലാം) 20.5 മിനിറ്റ്‌ ജ്വലിപ്പിച്ചാണ്‌ വഴിതിരിച്ചുവിട്ടത്‌. മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ്‌ ഇപ്പോൾ ചാന്ദ്രയാന്റെ സഞ്ചാരം.

ചന്ദ്രന്‌ സമീപത്തേക്ക്‌ എത്തുമ്പോൾ പേടകത്തിന്റെ വേഗത വർധിക്കും. ഈ ഘട്ടത്തിൽ  പേടകം നിയന്ത്രണം വിടാനുള്ള സാധ്യത ഏറെയാണ്‌. മിക്ക രാജ്യങ്ങളുടെയും ചാന്ദ്ര പദ്ധതികൾ പരാജയപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌.  ചന്ദ്രന്‌ 60000 കിലോമീറ്റർ അടുത്തെത്തുമ്പോൾ പേടകത്തെ എതിർദിശയിൽ തിരിച്ച്‌ ലാം ജ്വലിപ്പിച്ച്‌ വേഗത കുറയ്‌ക്കും. 20ന്‌  രാവിലെ 8.30 നാണ്‌ ചാന്ദ്രയാന്റെ ചന്ദ്രപ്രവേശം. തുടർന്ന്‌  കുറഞ്ഞ ദൂരം 118 കിലോമീറ്ററും കൂടിയ ദൂരം 18000 കിലോമീറ്ററുമെന്ന ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകത്തെ ഉറപ്പിക്കും. 21 മുതൽ സെപ്‌തംബർ ഒന്നുവരെ നാല്‌  തവണയായി പേടകത്തിന്റെ പഥം താഴ്‌ത്തി ചന്ദ്രപ്രതലത്തിലേക്ക്‌ അടുപ്പിക്കും.  അടുത്തമാസം ഏഴിന്‌ പുലർച്ചെയാണ്‌ ചാന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുക.


പ്രധാന വാർത്തകൾ
 Top