26 March Tuesday

ബിജെപിയെ ചെറുക്കാന്‍ സംസ്ഥാനസഖ്യങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ന്യൂഡൽഹി > ബിജെപിയും സംഘപരിവാറും ഉയർത്തുന്ന വർഗീയതയ‌്ക്കെതിരായി സഖ്യങ്ങൾ രൂപപ്പെടുക സംസ്ഥാനതലത്തിലാകുമെന്ന് യുപിയിലെ എസ‌്പി–- ബിഎസ‌്പി സഖ്യം അടിവരയിടുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്പായി ദേശീയതലത്തിൽ കോൺ​ഗ്രസ് നേതൃത്വത്തിൽ വിശാലസഖ്യം രൂപീകരിക്കുകയെന്നത് യാഥാർഥ്യമാകാനിടയില്ല. ബിജെപിയെ എതിർക്കാൻ തങ്ങൾക്ക‌് മാത്രമാണ‌് കഴിയുകയെന്ന കോൺഗ്രസ‌് വാദവും ദുർബലമായി.

പത്തിലധികം ലോക‌്സഭാ മണ്ഡലങ്ങളുള്ള വലിയ സംസ്ഥാനങ്ങളിൽ നാലിടത്ത‌് മാത്രമാണ‌് കോൺഗ്രസ‌ും ബിജെപിയും മുഖാമുഖം മൽസരിക്കുന്നത‌്. ഗുജറാത്ത‌്, രാജസ്ഥാൻ, മധ്യപ്രദേശ‌്, ഛത്തിസ‌്ഗഢ‌് എന്നീ നാല‌് സംസ്ഥാനങ്ങളിലായി 90 സീറ്റുമാത്രമാണുള്ളത‌്. യുപിയേക്കാൾ പത്ത‌് സീറ്റ‌് മാത്രം അധികം. 48 സീറ്റുള്ള മഹാരാഷ്ട്രയിൽ ബിജെപിയ‌്ക്കെതിരായി കോൺഗ്രസിന‌് പുറമെ  എൻസിപിയുമുണ്ട‌്.  കോൺഗ്രസിനൊപ്പം മറ്റ‌്  മതേതര പാർടികളെയും ഉൾപ്പെടുത്തിയുള്ള വിശാലസഖ്യത്തിനാണ‌് എൻസിപി ഇവിടെ താൽപര്യപ്പെടുന്നത‌്.

കർണാടകത്തിൽ ജെഡിഎസും അസമിൽ എഐയുഡിഎഫും ബിജെപിയ‌്ക്കെതിരായി രംഗത്തുണ്ട‌്. കേരളം, തമിഴ‌്നാട‌്, ആന്ധ്രപ്രദേശ‌്, തെലങ്കാന സംസ്ഥാനങ്ങളിലാകട്ടെ ബിജെപി ശക്തമല്ല. ബംഗാളിൽ തൃണമൂലും ഇടതുപക്ഷവും ബിജെപിയുമാണ‌് മൽസരരംഗത്ത‌്. ഒഡിഷയിൽ നവീൻ പട‌്നായിക്കിന്റെ ബിജു ജനതാദളും ബിഹാറിൽ ലാലുപ്രസാദ‌് യാദവിന്റെ ആർജെഡിയും യുപിയിൽ എസ‌്പി–- ബിഎസ‌്പി സഖ്യവുമാണ‌് എൻഡിഎയെ എതിരിടുന്നത‌്. ഐഎൻഎൽഡി സജീവമായ ഹരിയാനയിലും ആംആദ‌്മി പാർടി ശക്തമായ ഡൽഹിയിലും ത്രികോണ മൽസരത്തിനാണ‌് കളമൊരുങ്ങുന്നത‌്.

തമിഴ‌്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലും ബീഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുമുള്ള മതേതര സഖ്യത്തിന്റെ ഭാഗം മാത്രമായിരിക്കും കോൺഗ്രസ‌്. ഇടതുപക്ഷമുള്ളതിനാൽ രണ്ട‌് സംസ്ഥാനങ്ങളിലെയും മതേതര സഖ്യത്തെ യുപിഎ ആയി പരിഗണിക്കാനുമാവില്ല. ആന്ധ്രയിൽ തെലുങ്കുദേശം, തെലങ്കാനയിൽ ടിആർഎസ‌്, ഒഡീഷയിൽ ബിജെഡി തുടങ്ങിയ കക്ഷികൾ തെരഞ്ഞെടുപ്പിന‌് ശേഷം മതേതര സഖ്യത്തോട‌് ചേരാനിടയുള്ള കക്ഷികളാണ‌്. തൃണമൂൽ കോൺഗ്രസും ബിജെപി വിരുദ്ധ ചേരിയോടൊപ്പമാകും.

മതേതര ചേരിയിലുള്ള പല പാർടികൾക്കും ബിജെപിയോടെന്ന ‌പോലെ കോൺഗ്രസുമായും വിയോജിപ്പുകളുണ്ട‌്. യുപിയിൽ എസ‌്പിയും ബിഎസ‌്പിയും കോൺഗ്രസിനെ അകറ്റിനിർത്തിയതും ഇത്തരം വിയോജിപ്പുകളാലാണ‌്. കോൺഗ്രസ‌് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനവും ബിജെപിയുടേതിന‌് സമാനമായ സാമ്പത്തികനയ നിലപാടുകളുമാണ‌് പല പാർടികളെയും അവരെ അകറ്റുന്നത‌്. ഒപ്പം യുപിഎ കാലത്തെ അഴിമതികളും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി പ്രതിപക്ഷപാർടികളെ ദുർബലപ്പെടുത്താൻ നടത്തിയ നീക്കങ്ങളും കോൺഗ്രസുമായി യോജിക്കുന്നതിന‌് പല പാർടികൾക്കും തടസ്സമാകുന്നു.
യുപിയിൽ  80 സീറ്റിലും മൽസരിക്കുമെന്ന കോൺഗ്രസ‌് പ്രഖ്യാപനം വർഗീയതയെ ചെറുക്കുന്ന കാര്യത്തിൽ അവർക്കുള്ള ആത‌്മാർത്ഥത ചോദ്യംചെയ്യുന്നു.  ഡൽഹിയിൽ ആംആദ‌്മി പാർടിയുമായി ചേർന്ന‌് മൽസരിക്കുന്നതിനും കോൺഗ്രസ‌് വിസമ്മതിക്കുകയാണ‌്. സഖ്യത്തിന‌് എഎപി താൽപ്പര്യമെടുത്തിരുന്നെങ്കിലും കോൺഗ്രസ‌് ഒഴിഞ്ഞുമാറി.


പ്രധാന വാർത്തകൾ
 Top