19 September Saturday

മണിപ്പുരിൽ കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ന്യൂഡൽഹി
രാജസ്ഥാനിൽ സർക്കാരിനെ പിടിച്ചുനിർത്താൻ കഴിഞ്ഞ കോൺഗ്രസിന്‌  മണിപ്പുരിൽ കാലിടറി. എട്ട്‌ എംഎൽഎമാർകൂടി കോൺഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേക്കേറി. ഇവരിൽ ആറുപേർ എംഎൽഎ സ്ഥാനം രാജിവച്ചു. ബാക്കി രണ്ടുപേർ വൈകാതെ രാജിവച്ചേക്കും. കഴിഞ്ഞ ദിവസം നിയമസഭയിലെ വിശ്വാസവോട്ടിൽനിന്ന്‌ എട്ട്‌ വിമത കോൺഗ്രസ്‌ എംഎൽഎമാരും വിട്ടുനിന്നു. തുടർന്ന്‌ ശബ്ദവോട്ടിലൂടെ ബിജെപി സർക്കാർ വിശ്വാസവോട്ട്‌ നേടി.

2017ലെ തെരഞ്ഞെടുപ്പിൽ അറുപതംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്‌ 28 സീറ്റോടെ കോൺഗ്രസായിരുന്നു. എന്നാൽ, 22 സീറ്റിൽമാത്രം ജയിച്ച ബിജെപി ചെറുകക്ഷികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. പിന്നീട്‌ നാല്‌ കോൺഗ്രസ്‌ എംഎൽഎമാരെ സ്‌പീക്കർ അയോഗ്യരാക്കി. മൂന്ന്‌ ബിജെപി എംഎൽഎമാർ രാജിവച്ചു. കഴിഞ്ഞ ദിവസം വിശ്വാസവോട്ടിലേക്ക്‌ നീങ്ങിയ ഘട്ടത്തിൽ കോൺഗ്രസിന്‌ 24ഉം ബിജെപിക്ക്‌ 19ഉം ആയിരുന്നു അംഗബലം. എട്ട്‌ കോൺഗ്രസ്‌ എംഎൽഎമാർ എത്താതിരുന്നത് ബിജെപിക്ക്‌ ജയം എളുപ്പമായി.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഒക്രാം ഇബോബി സിങ്ങിന്റെ അനന്തരവൻ ഒക്രാം ഹെൻറി സിങ്ങിന്റെ നേതൃത്വത്തിലാണ്‌ കോൺഗ്രസിലെ ഇപ്പോഴത്തെ വിമതനീക്കം. നിലവിലെ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകനും കോൺഗ്രസ്‌ എംഎൽഎയുമായ ഇമോ സിങ്ങും ഒപ്പംനിന്നു. വിമതർ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നതോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 16 ആയി ചുരുങ്ങും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top