25 May Monday

സിഎഎ സമരക്കാരുടെ ചിത്രം : യുപി സർക്കാരിന്‌ സുപ്രീംകോടതിയുടെ വിമർശം

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


ന്യൂഡൽഹി
വ്യക്തികളുടെ ചിത്രങ്ങൾ വച്ച്‌ ബോർഡുകൾസ്ഥാപിക്കാൻ യുപി സർക്കാരിന്‌ ഒരു നിയമത്തിന്റെയും പിൻബലമില്ലെന്ന്‌ സുപ്രീം കോടതി. സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരുടെ ചിത്രംവച്ച ബോർഡുകൾ നീക്കണമെന്ന അലഹബാദ്‌ ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. 

സിഎഎ വിരുദ്ധ  സമരത്തിന്റെ ഭാഗമായുണ്ടായ സ്വത്തുനാശത്തിനും മറ്റും  നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നുമുള്ള മുന്നറിയിപ്പോടെയാണ്‌ ചിത്രമടങ്ങിയ ബോർഡ്‌ സ്ഥാപിച്ചത്‌.

സ്വകാര്യതയുടെ ലംഘനമാണെന്നും ബോർഡുകൾ നീക്കി 16ന്‌ സ്ഥിതിവിവര റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും അലഹബാദ്‌ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ യുപി സർക്കാർ സമർപ്പിച്ച അപ്പീലാണ്‌ ജസ്‌റ്റിസുമാരായ യു യു ലളിത്‌, അനിരുദ്ധ ബോസ്‌ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച്‌ വ്യാഴാഴ്‌ച പരിഗണിച്ചത്‌. ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെ ആവശ്യം കോടതി നിരാകരിച്ചു.

ഹർജി അടുത്തയാഴ്‌ച ഉചിതമായ ബെഞ്ച്‌ പരിഗണിക്കുന്നതിനായി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ തീരുമാനത്തിന്‌ വിട്ടു. ചീഫ്‌ജസ്‌റ്റിസ്‌ നിശ്ചയിക്കുന്ന മൂന്നംഗ ബെഞ്ചാകും അടുത്തയാഴ്‌ച യുപി സർക്കാരിന്റെ അപ്പീൽ പരിഗണിക്കുക.


പ്രധാന വാർത്തകൾ
 Top