21 March Thursday

അലോക് വര്‍മയ‌്ക്കെതിരെ തെളിവില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018


സിബിഐ ഡയറക്ടർ അലോക‌് വർമ രണ്ടുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം ശരിവയ‌്ക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന‌് കേന്ദ്ര വിജിലൻസ‌് കമീഷൻ (സിവിസി) വെളിപ്പെടുത്തല്‍. സിബിഐയിലെ രണ്ടാമനായ സ‌്പെഷ്യൽ ഡയറക്ടർ രാകേഷ‌് അസ‌്താനയുടെ പരാതിയില്‍  പ്രാഥമിക അന്വേഷണം നടത്തിയ സിവിസി ഇക്കാര്യം വ്യക്തമാക്കി തിങ്കളാഴ്ച  സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്രസർക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന്  നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടിവന്ന അലോക‌് വർമയെ ഡയറക്ടർ സ്ഥാനത്ത‌് തിരിച്ച‌് നിയമിക്കാൻ സുപ്രീംകോടതി തിങ്കളാഴ്ചതന്നെ ഉത്തരവിടാന്‍ സാധ്യതയേറി.

ഹൈദരാബാദ‌് സ്വദേശിയായ വിവാദവ്യവസായി സത‌ീഷ‌്ബാബു സനയിൽനിന്ന‌് അലോക‌് വർമ രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന‌് അസ‌്താന ആഗസ‌്ത‌് 24നാണ‌് സിവിസിക്ക‌് പരാതി നൽകിയത്. അസ‌്താന കൈമാറിയ രേഖ സിവിസി കെ വി ചൗധ‌്‌രിയും വിജിലൻസ‌് കമീഷണർമരായ ശരദ‌്കുമാറും ടി എച്ച‌് ബാസിനും പരിശോധിച്ചു. അലോക‌് വർമയുടെയും രാകേഷ‌് അസ‌്താനയും മറ്റ‌് നിരവധി സിബിഐ ഉദ്യോഗസ്ഥരും സിവിസി മുമ്പാകെ  മൊഴി നൽകി. അലോക‌്‌ വർമ അടക്കമുള്ളവരുടെ മൊഴിയും സിവിസി ശേഖരിച്ചു. എന്നാല്‍, ആരോപണങ്ങൾ ശരിവയ‌്ക്കുന്ന വസ‌്തുനിഷ‌്ഠമായ തെളിവുകൾ  ലഭിച്ചിട്ടില്ലെന്ന് സിവിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

അതേസമയം, സതീഷ‌്സനയിൽനിന്ന‌് ഇടനിലക്കാർ മുഖേന അസ‌്താന മൂന്നു കോടിയിലേറെ രൂപ തട്ടിയെന്ന പരാതിയിൽ സിബിഐ ഒക്ടോബർ 15ന‌് കേസ‌് രജിസ‌്റ്റർ ചെയ‌്തിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ അലോക് വര്‍മ, അസ്താനയെ ചുമതലകളില്‍നിന്ന് നീക്കി. എന്നാല്‍,  അമിത്  ഷാ അടക്കമുള്ള ബിജെപി ഉന്നതര്‍ക്ക് പ്രിയപ്പെട്ടവനായ അസ്താനയുടെ നില പരുങ്ങലിലായപ്പോള്‍, കേന്ദ്രം ഇടപെട്ട‌് അലോക‌് വർമയെ തൊട്ടടുത്ത ദിവസംതന്നെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. ചട്ടം ലംഘിച്ചുള്ള നടപടി ചോദ്യംചെയ‌്ത‌ അലോക‌് വർമയുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, രണ്ടാഴ‌്ചയ‌്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാന്‍ സിവിസിക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി മുൻ ജഡ‌്ജി എ കെ പട‌്നായ‌്ക്ക‌് സിവിസി അന്വേഷണത്തിന‌് മേൽനോട്ടം വഹിക്കണമെന്ന അസാധാരണവ്യവസ്ഥയും ഏർപ്പെടുത്തിയിരുന്നു.

സർക്കാർ നിയമിച്ച സിബിഐ താൽക്കാലിക ഡയറക്ടർ എം നാഗേശ്വറാവു, സിബിഐയുടെ ദൈനംദിന ഭരണനിർവഹണത്തിൽമാത്രം ഇടപെട്ടാൽ മതിയെന്നും കോടതി നിർദേശിച്ചു. അസ‌്താനയ‌്ക്ക‌് എതിരെ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥരെ നാ​​ഗേശ്വരറാവു സ്ഥലംമാറ്റിയത‌് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ശരിയാണോയെന്നും തിങ്കളാഴ‌്ച കോടതി പരിശോ
ധിക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top