18 November Monday

ഹരിയാന; ജാതിവോട്ടും തൊഴിലില്ലായ്‌മയും വിധിപറയും

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2019

ന്യൂഡൽഹി >    ചേരിപ്പോരിൽ കോൺഗ്രസും ഐഎൻഎൽഡിയും ഉലയുന്ന ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയെ വേട്ടയാടുന്നത്‌ സംസ്ഥാനത്തെ സാമ്പത്തിക തകർച്ചയും തൊഴിലില്ലാഴ്‌മയും. ജാതി വോട്ടുബാങ്കിൽ പ്രതീക്ഷയർപ്പിക്കുന്ന കോൺഗ്രസിനെ തെരഞ്ഞെടുപ്പ്‌ ഗോദയിൽ ബിജെപി നേരിടുന്നതും ജാതിധ്രുവീകരണ വോട്ട്‌ ലക്ഷ്യംവച്ചാണ്‌.

പ്രതിപക്ഷത്തിന്റെ ദൗർബല്യം മുതലെടുത്ത്‌ തൊണ്ണൂറംഗ നിയമസഭയിൽ 70 സീറ്റു നേടാനാവുമെന്നാണ്‌ ബിജെപിയുടെ അവകാശവാദം. എന്നാൽ, അഞ്ച്‌ വർഷം ഭരിച്ച മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരായ പ്രതിഷേധം തിരിച്ചടിയാകുമെന്നാണ്‌ വിലയിരുത്തൽ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വടക്കൻ ഹരിയാനയിൽനിന്ന്‌ കാര്യമായി സീറ്റുകൾ നേടാൻ കഴിഞ്ഞതാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി അധികാരത്തിലെത്തിച്ചത്‌. ജാതിധ്രുവീകരണം ലക്ഷ്യമിട്ട്‌ ജാട്ട്‌ സമുദായത്തിനു പുറത്തുള്ള ഖട്ടറിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

കോൺഗ്രസും ഐഎൻഎൽഡിയും ജാട്ട്‌ വോട്ട്‌ ബാങ്കിൽ ശ്രദ്ധയൂന്നുമ്പോൾ എതിർ ധ്രുവീകരണമാണ്‌ ബിജെപി ലക്ഷ്യം. ദളിത്‌ മുഖമായിരുന്ന അശോക്‌ തൻവറിനെ പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കി മുൻമുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡയെ പ്രചാരണസമിതി അധ്യക്ഷനാക്കിയ കോൺഗ്രസ്‌ ജാട്ട്‌വോട്ടുകളുടെ ഏകീകരണത്തിനാണ്‌ ശ്രമിക്കുന്നത്‌.

ഹൂഡസംഘത്തിനാണ്‌ കോൺഗ്രസ്‌ സീറ്റുകൾ മുഴുവൻ നൽകിയതെന്ന്‌ ആരോപിച്ച്‌ പാർടി വിട്ട തൻവർ, തന്നെ ദ്രോഹിച്ചവരുടെ പരാജയം ഉറപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചു. സീറ്റ്‌ കിട്ടാതെ മുൻധനമന്ത്രി സമ്പത്ത്‌സിങ്ങും കോൺഗ്രസിൽനിന്ന്‌ രാജിവച്ചു. ഹിസാർ, റോത്തക്ക്‌, ഭിവാനി, ജജ്ജാർ, സോനിപത്ത്‌ ജില്ലകൾ ഉൾപ്പെടുന്ന ജാട്ട്‌ മേഖലയിലാണ്‌ കഴിഞ്ഞ തവണ കോൺഗ്രസ്‌ പിടിച്ചുനിന്നത്‌.

രാജ്യത്ത്‌ തൊഴിലില്ലായ്‌മ രൂക്ഷമായ സംസ്ഥാനങ്ങളിൽ മുന്നിലാണ്‌ ഹരിയാന. സാമ്പത്തികമാന്ദ്യം കൂടിയായപ്പോൾ സ്ഥിതി വഷളായി. വ്യവസായമേഖലയായ ഗുരുഗ്രാമിലും ഫരീദാബാദിലും പതിനായിരങ്ങൾക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. ഇത്‌ ബിജെപിക്ക്‌ തിരിച്ചടിയാകും.

കശ്‌മീർവിഷയവും ദേശീയ പൗരത്വരജിസ്റ്ററും ഉയർത്തി ഇതിനെ മറികടക്കാനാണ്‌ ശ്രമം. വർഗീയതയ്‌ക്കും അഴിമതിക്കും കോർപറേറ്റ്‌ കൊള്ളയ്‌ക്കുമെതിരായി വിധിയെഴുതാൻ ആഹ്വാനംചെയ്‌ത്‌  സിപിഐ എം ഏഴ്‌ സീറ്റിൽ മത്സരിക്കുന്നു. റാലികളും യോഗങ്ങളും സ്ഥാനാർഥികളുടെ പര്യടനവും ഒക്കെയായി സിപിഐ എം  പ്രചാരണത്തിൽ  സജീവമാണ്‌.


പ്രധാന വാർത്തകൾ
 Top