19 September Saturday
സെപ്‌തംബർ ഒന്നിന്‌ പ്രതിഷേധദിനം

ഭരണഘടന സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി ഇറങ്ങുക ; ഇടതുപാർടികളുടെ സംയുക്തപ്രസ്താവന; സെപ്‌തംബർ ഒന്നിന്‌ പ്രതിഷേധദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ന്യൂഡൽഹി
രാജ്യത്തിന്റെ ഭരണഘടന കാത്തുസൂക്ഷിക്കുമെന്നും സ്വാതന്ത്ര്യം ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞയെടുക്കാൻ അഞ്ച്‌ ഇടതുപാർടികൾ ജനങ്ങളോട്‌ ആഹ്വാനംചെയ്‌തു.

കോവിഡിനെ നേരിടാനും ജനങ്ങൾക്ക്‌ ആശ്വാസം എത്തിക്കാനും ഏകമനസ്സോടെ ശ്രമിക്കേണ്ടതിനു പകരം ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപിയുടെ കേന്ദ്രസർക്കാർ ഭരണഘടനാതത്വങ്ങൾ അട്ടിമറിക്കുന്നതിലാണ്‌ മുഴുകുന്നത്‌–- സിപിഐ എം, സിപിഐ, സിപിഐ എംഎൽ–-ലിബറേഷൻ, ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി എന്നീ പാർടികൾ സംയുക്ത പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

വർഗീയധ്രുവീകരണം ശക്തിപ്പെടുത്തി മുസ്ലിംന്യൂനപക്ഷത്തെ ലക്ഷ്യമിടുകയുമാണ് കേന്ദ്രസർക്കാരിനെ നയിക്കുന്നവർ‌. പാർലമെന്റ്‌, ജുഡീഷ്യറി, തെരഞ്ഞെടുപ്പ്‌ കമീഷൻ, സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തുടങ്ങി ഓരോ ഭരണഘടനാ സ്ഥാപനവും ആക്രമണം നേരിടുന്നു.

ജനാധിപത്യ അവകാശവും പൗരസ്വാതന്ത്ര്യവും ഭീഷണിയിലാണ്‌. സർക്കാരിനോട്‌ വിയോജിക്കുന്നവരെയും നയങ്ങളെ എതിർക്കുന്നവരെയും ‘ദേശവിരുദ്ധരായി’ മുദ്രകുത്തുന്നു. പൊതുപ്രവർത്തകരുടെയും ധൈഷണികരുടെയും പേരിൽ യുഎപിഎ, രാജ്യദ്രോഹകുറ്റം തുടങ്ങിയവ ചുമത്തുന്നു. ഫെഡറലിസത്തിനു വിരുദ്ധമായി എല്ലാ അധികാരവും കേന്ദ്രസർക്കാരിൽ നിക്ഷിപ്‌തമാക്കുന്നു.  ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം.


സെപ്‌തംബർ ഒന്നിന്‌ പ്രതിഷേധദിനം
ഇന്ത്യയെ അമേരിക്കയുടെ വിധേയപങ്കാളിയാക്കി മാറ്റുന്നതിൽ സെപ്‌തംബർ ഒന്നിന്‌ പ്രതിഷേധിക്കാനും ഇടതുപാർടികൾ ആഹാനം ചെയ്‌തു. ആഗോള മേധാവിത്വം ശക്തമായി സ്ഥാപിച്ചെടുക്കാനുള്ള അമേരിക്കയുടെ തന്ത്രപരമായ പദ്ധതികളിൽ വിധേയപങ്കാളിയായി ഇന്ത്യയെ ബിജെപി സർക്കാർ മാറ്റുന്നു‌. സ്വതന്ത്ര വിദേശനയം ഇന്ത്യ ഉയർത്തിപ്പിടിക്കണം. അമേരിക്കയ്‌ക്കോ അമേരിക്ക–- ഇസ്രയേൽ കൂട്ടുകെട്ടിനോ വഴങ്ങുന്ന വിദേശനയം ഇന്ത്യയുടെ പരമാധികാരവും ആത്മനിർഭർ ഭാരതും (സ്വാശ്രയത്വം) ഇല്ലാതാക്കും‌– -പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top