18 October Friday

ഈദ്‌ ദിനത്തിൽ പ്രാർഥന മാത്രം ; കശ്‌മീരിൽ അമർഷവും നിരാശയും

എം പ്രശാന്ത്‌Updated: Tuesday Aug 13, 2019


ശ്രീനഗർ
കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലിൽ ജമ്മു കശ്‌മീർ ഈദ്‌ ആചരിച്ചു.  ഇക്കുറി ഒത്തുചേരലുകളും ആഘോഷങ്ങളും കശ്‌മീർ നിവാസികൾ ഒഴിവാക്കി. ഈദ്‌ ആഘോഷത്തിന്‌ സമാധാനപൂർണമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം പാഴായി.

ഈദ്‌ഗാഹ്‌ മൈതാനം, ഹസ്രത്ത്‌പാൽ പള്ളി, ജാമിയാ മസ്‌ജിദ്‌, സെയ്‌ദ്‌ സാഹേബ്‌ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രാർഥനയ്‌ക്ക്‌ അനുമതി നൽകിയില്ല. അതത്‌ മൊഹല്ലകളിലെ  (പ്രദേശം) ചെറിയ പള്ളികളിൽ മാത്രമാണ്‌ പ്രാർഥനയ്‌ക്ക്‌ സൗകര്യമൊരുക്കിയത്‌. ഞായറാഴ്‌ച വൈകിട്ടുതന്നെ ശ്രീനഗറിലെ നഗരകേന്ദ്രത്തിലേക്കുള്ള പ്രധാന വഴികൾ അടച്ചു.  കഴിഞ്ഞ ഈദിനു ലഭിച്ചകച്ചവടത്തിന്റെ 10 ശതമാനംപോലും ഇക്കുറി ലഭിച്ചില്ലെന്ന്‌ കച്ചവടക്കാർ പറഞ്ഞു.

ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ  പോയവരെ സുരക്ഷാഉദ്യോഗസ്ഥർ തടഞ്ഞതായും പരാതിയുണ്ട്‌. അക്രമസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ്‌ സുരക്ഷ ശക്തമാക്കിയതെന്ന്‌ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഒരാഴ്‌ചയിലധികമായി തടവിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്‌ദുള്ള, ഒമർ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി തുടങ്ങിയവർക്ക്‌ പ്രാർഥനക്ക്‌ സൗകര്യമൊരുക്കിയതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. രാഷ്ട്രീയനേതാക്കളിൽ ചിലർക്ക്‌ സെന്റോർ ഹോട്ടലിൽ പ്രാർഥനയ്‌ക്ക്‌ സൗകര്യമൊരുക്കിയിരുന്നു.

പൊലീസ്‌ കസ്റ്റഡിയിൽ എടുത്തിട്ടുള്ള സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി എവിടെയാണെന്നത്‌ സംബന്ധിച്ച്‌ കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല.

ശ്രീനഗറിലെ പൊതുപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും  തരിഗാമി എവിടെയാണെന്ന്‌ അറിയില്ല.  കശ്‌മീരിൽ ശാന്തിയും സമാധാനവും നിറഞ്ഞ ഈദ്‌ ആഘോഷങ്ങൾ നടന്നതായി പൊലീസ്‌ അവകാശപ്പെട്ടു. ദേശീയസുരക്ഷാഉപദേഷ്ടാവ്‌ അജിത്‌ഡോവൽ തിങ്കളാഴ്‌ചയും ചില മേഖലകൾ സന്ദർശിച്ചു. ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ അനുവദിച്ചതായും പൊലീസ്‌ അവകാശപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top