25 May Monday

എൻപിആറിന്‌ രേഖ ആവശ്യപ്പെടില്ല: അമിത്‌ ഷാ

എം പ്രശാന്ത‌്Updated: Thursday Mar 12, 2020


ന്യൂഡൽഹി
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻപിആർ) ഭാഗമായി വ്യക്തികളിൽനിന്ന്‌ ഒരു രേഖയും ആവശ്യപ്പെടില്ലെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ആളുകൾ അവർക്ക്‌ താൽപ്പര്യമുള്ള ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകിയാൽ മതി. ഉത്തരം നൽകാൻ താൽപ്പര്യമില്ലാത്ത ചോദ്യങ്ങൾ ഒഴിച്ചിടാം. ഇത്തരത്തിൽ ചോദ്യങ്ങൾ ഒഴിച്ചിടുന്നവരെ ‘സംശയിക്കപ്പെടുന്നവർ’എന്നരീതിയിൽ തരംതിരിക്കില്ല–-രാജ്യസഭയിൽ ഡൽഹി കലാപത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി പറഞ്ഞു. 

ആഭ്യന്തര മന്ത്രാലയവും മന്ത്രിയുമാണ്‌ കലാപത്തിന്‌ ഉത്തരവാദികളെന്നും ഡൽഹി പൊലീസ്‌ കാഴ്ചക്കാരായി നിന്നെന്നും പ്രതിപക്ഷാംഗങ്ങൾ ചർച്ചയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമർശത്തിൽ പ്രതിരോധത്തിലായ അമിത്‌ ഷാ പൗരത്വ ഭേദഗതിനിയമം ആരുടെയും പൗരത്വം എടുത്തുകളയാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന്‌ വ്യക്തമാക്കി. നിയമത്തിൽ അത്തരം വ്യവസ്ഥയില്ല. എന്നിട്ടും പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്‌–-അമിത്‌ ഷാ പറഞ്ഞു.  പൗരത്വം എടുത്തുകളയാനുള്ളതാണ്‌ ഭേദഗതിയെന്ന്‌ ആരും പറഞ്ഞിട്ടില്ലെന്നും പുതിയ വ്യവസ്ഥകളാണ്‌ സംശയകരമെന്നും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ്‌ എൻപിആറിന്റെ ഭാഗമായി രേഖ ആവശ്യപ്പെടില്ലെന്ന്‌ ഷാ വ്യക്തമാക്കിയത്‌. പ്രതിപക്ഷവുമായി ചർച്ചയ്‌ക്ക്‌ സന്നദ്ധമാണെന്നും സമരം അവസാനിപ്പിക്കാൻ സമയമായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കലാപത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്‌. പണവും മറ്റും വന്നിട്ടുണ്ട്‌. ഇത്തരം ഇടപാടുകളിൽ അഞ്ചുപേർ അറസ്‌റ്റിലായി. കൂടുതൽ അന്വേഷണം നടക്കുന്നു. രാഷ്ട്രീയം നോക്കാതെ കുറ്റക്കാർക്കെതിരായി നടപടിയെടുക്കും. കുറ്റക്കാരെ കണ്ടെത്താൻ മുഖം തിരിച്ചറിയൽ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ട്‌. ഡ്രൈവിങ്‌ ലൈസൻസും തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡും മറ്റും ഉപയോഗിച്ചാണ്‌ ഈ പരിശോധന. ആധാർ ഉപയോഗിക്കുന്നില്ല.  സിഎഎ വന്നതുമുതലുള്ള വിദ്വേഷപ്രസംഗങ്ങൾ കലാപത്തിന്‌ വഴിയൊരുക്കിയിട്ടുണ്ട്‌. യുപിയിൽനിന്നും മറ്റും കലാപകാരികൾ എത്തി.  ജഡ്‌ജിയുടെ സ്ഥലംമാറ്റം നടപടിക്രമം പാലിച്ചാണ്‌‐ - മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top