20 January Monday

സാമ്പത്തിക വളർച്ച കള്ളക്കണക്ക്‌ ; വെളിപ്പെടുത്തലുമായി മുൻ കേന്ദ്ര ഉപദേഷ‌്ടാവ‌്

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019


ന്യൂഡൽഹി
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പെരുപ്പിച്ചുകാട്ടി. ആറുവർഷത്തെ സാമ്പത്തികവളർച്ച  യഥാർഥനിരക്കിൽനിന്ന‌്  രണ്ടരശതമാനം ഉയർത്തിക്കാട്ടിയതായി  ഒന്നാം മോഡി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ‌് അരവിന്ദ‌് സുബ്രഹ‌്മണ്യൻ വെളിപ്പെടുത്തി. രണ്ടാം മോഡിസർക്കാർ ആദ്യബജറ്റ‌് അവതരിപ്പിക്കാൻ തയ്യാറെടുക്കവെയാണ‌് കഴിഞ്ഞഎൻഡിഎ സർക്കാരിന്റെ  സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ‌് സുബ്രഹ‌്മണ്യന്റെ ഗവേഷണ റിപ്പോർട്ട‌് പുറത്തുവന്നത‌്. ഏറ്റവും  ഉയർന്ന വളർച്ചനിരക്ക‌് നിലനിൽക്കുന്ന രാജ്യം എന്ന‌് അവകാശപ്പെട്ട‌്  കേന്ദ്രം സാമ്പത്തികപരിഷ‌്കാരങ്ങൾ നടപ്പാക്കവെയാണ‌് പൊള്ളത്തരം പുറത്തുവന്നത‌്.

രാജ്യം 2011–-12 മുതൽ 2016–-17 വരെ ശരാശരി ഏഴ‌് ശതമാനം വളർച്ച കൈവരിച്ചെന്നാണ‌് ഔദ്യോഗിക കണക്ക‌്.  യഥാർഥ വളർച്ച 4.5 ശതമാനം മാത്രമായിരുന്നു. വളർച്ച കണക്കാക്കുന്ന സമ്പ്രദായത്തിൽ രണ്ടാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത‌് വരുത്തിയ അശാസ‌്ത്രീയമാറ്റമാണ‌് വസ‌്തുതാപരമല്ലാത്ത നിഗമനങ്ങളിലേക്ക‌് നയിച്ചത‌്. ഉയർന്ന വളർച്ചനിരക്ക‌്  രാഷ്ട്രീയമുതലെടുപ്പിന‌് സഹായമാകുമെന്ന‌് കരുതി മോഡി സർക്കാരും ഈവഴി പിന്തുടർന്നു. ഉയർന്ന വളർച്ചനിരക്ക‌് അവകാശപ്പെടുമ്പോഴും രാജ്യത്ത‌് തൊഴിലവസരങ്ങൾ വർധിച്ചില്ല. ധനമേഖലയിലെ കടുത്ത പ്രതിസന്ധി  സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള അവകാശവാദം കെട്ടുകഥയാണെന്ന‌് തെളിയിക്കുന്നു.

 

സാമ്പത്തികവളർച്ച നിർണയിക്കുന്ന 17 മുഖ്യസൂചകങ്ങൾ പരിശോധിച്ചാണ‌് അരവിന്ദ‌് സുബ്രഹ‌്മണ്യൻ സർക്കാരിന്റെ അവകാശവാദം പൊളിച്ചത‌്. 2001–-02 മുതൽ 2017–-18 വരെയുള്ള വൈദ്യുതി ഉപയോഗം, ഇരുചക്രവാഹനം, വാണിജ്യവാഹനം, ട്രാക്ടർ എന്നിവയുടെ വിൽപ്പന, വിമാനയാത്രികരുടെ എണ്ണം, വിദേശവിനോദസഞ്ചാരികളുടെ  വരവ‌്, റെയിൽവേ ചരക്ക‌് ഗതാഗതം, വ്യവസായ ഉൽപ്പാദന സൂചിക, നിർമിതോൽപ്പന്ന മേഖലസൂചിക, ഉപഭോക‌്തൃസൂചിക, പെട്രോളിയം, സിമന്റ‌്, ഉരുക്ക‌് ഉൽപ്പാദനം,  മൊത്തം വായ‌്പവിതരണം, വ്യവസായവായ‌്പകൾ, ചരക്ക‌്–-സേവന കയറ്റുമതിയും ഇറക്കുമതിയും എന്നിവയാണ‌് പരിഗണിച്ചത‌്. 2011–-12നു മുമ്പും അതിനുശേഷവുമുള്ള കാലയളവുകളിൽ ഈ മേഖലകളിലെ പ്രകടനം പരിശോധിച്ചു. ഇന്ത്യയിലെ സൂചകങ്ങളെ  മറ്റ‌് 71 രാജ്യങ്ങളിലെ സൂചകങ്ങളുമായി താരതമ്യംചെയ‌്തു. ഇതിൽനിന്നാണ‌്  ഇന്ത്യയുടെ യഥാർഥ വളർച്ചനിരക്ക‌്  4.5 ശതമാനം മാത്രമാണെന്ന‌് വ്യക്തമായത‌്.

തെറ്റായ വളർച്ചനിരക്ക‌ിന്റെ അടിസ്ഥാനത്തിൽ നയങ്ങൾ ആവിഷ‌്കരിക്കുന്നത‌് രാജ്യത്തിന്റെ സാമ്പത്തികആരോഗ്യത്തിന‌് ഹാനികരമാണെന്ന‌് അരവിന്ദ‌് സുബ്രഹ‌്മണ്യൻ സമർഥിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ സർക്കാരിന്റെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ചിരുന്നു.  പരസ്യമായി  വിയോജിപ്പും അറിയിച്ചു. 2017 ജൂലൈയിൽ പ്രസിദ്ധീകരിച്ച സാമ്പത്തിക സർവേയിൽ ഇതു പ്രകടമാണ‌്– -അദ്ദേഹം പറയുന്നു.

നിഷ‌്പക്ഷവും സ്വതന്ത്രവുമായ ഏജൻസിയെ ഉപയോഗിച്ച‌് വളർച്ച നിരക്ക‌് പരിശോധിക്കണമെന്നും അരവിന്ദ‌് സുബ്രഹ‌്മണ്യൻ ആവശ്യപ്പെട്ടു. മോഡിസർക്കാർ 2014ൽ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച അരവിന്ദ‌് സുബ്രഹ‌്മണ്യൻ 2018 ജൂണിൽ രാജിവയ‌്ക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മിക്ക സ്ഥിതിവിവരക്കണക്കുകളും വിവാദമായി. തൊഴിൽവളർച്ച സംബന്ധിച്ച‌് തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ട‌് സർക്കാർ തടഞ്ഞുവച്ചു. തെരഞ്ഞെടുപ്പിനുശേഷമാണ‌് പുറത്തുവിട്ടത‌്.

അതേസമയം, കാലാനുസൃതമായാണ‌് വളർച്ചനിരക്ക‌് കണക്കാക്കുന്ന സമ്പ്രദായം പരിഷ‌്കരിച്ചതെന്ന‌് സ്ഥിതിവിവരക്കണക്ക‌് മന്ത്രാലയം പ്രതികരിച്ചു. ജിഡിപി വളർച്ചനിരക്ക‌് കണക്കാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാണ‌്. ദേശീയ സ്ഥിതിവിവരക്കണക്ക‌് സംവിധാനം സ്വതന്ത്രമാണ‌്. വളർച്ചനിരക്ക‌് നിർണയിക്കുന്നത‌് സങ്കീർണമായ രീതിയിലാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top