21 February Thursday

സൈന്യത്തിൽ സ്വവർഗരതി വേണ്ട: കരസേനാമേധാവി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ന്യൂഡൽഹി > ഇന്ത്യൻ സൈന്യത്തിൽ സ്വവർഗരതി അനുവദിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധി സൈന്യത്തിൽ നടപ്പാക്കാനാകില്ല. സ്വവർഗരതിയെക്കുറിച്ച് കരസേനയ്‌ക്ക് സ്വന്തം നിയമങ്ങളുണ്ട്. സൈന്യം രാജ്യത്തെ നിയമങ്ങൾക്കു മുകളിലല്ല. എന്നാൽ, ഒരാൾക്ക് ലഭിച്ചിരുന്ന ചില അവകാശങ്ങളും അധികാരങ്ങളും സേനയുടെ ഭാഗമാകുന്നതുമുതൽ ആ നിലയിൽ ഉണ്ടാകില്ല. സേന വളരെ യാഥാസ്ഥിതികമാണ്. അവിടേക്ക് അതിക്രമിച്ചു കടക്കാൻ അനുവദിക്കില്ല–- ഡൽഹിയിലെ വാർഷിക വാർത്താസമ്മേളനത്തിൽ റാവത്ത് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ താലിബാനുമായുള്ള ചർച്ചയിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കരുതെന്ന് റാവത്ത് പറഞ്ഞു. താലിബാനുമായി ചർച്ചയ്ക്കില്ലെനലൊണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. താലിബാനെ പൊതു രംഗത്തെത്തിക്കാനുള്ള സമാധാന നീക്കങ്ങൾ അഫ്ഗാനിസ്ഥാൻ നടത്തുന്നുണ്ട്. ഇത് അഫ്ഗാൻ നയിക്കുന്നതും അഫ്ഗാൻ നിയന്ത്രിക്കുന്നതുമാകണമെന്നും അവരുടെ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാകണമെന്നുമുള്ള നിബന്ധനയിലാണ് ഇന്ത്യ പിന്തുണയ്ക്കുന്നത‌്. കഴിഞ്ഞവർഷം മോസ്കോയിൽ അഫ്ഗാനും താലിബാനും പങ്കെടുത്ത ചർച്ചയിൽ ഇന്ത്യൻ പ്രതിനിധികൾ അനൗദ്യോഗികമായി പങ്കെടുത്തിരുന്നു.

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി പരിഹാരം കാണാൻ കഴിയില്ലെന്ന് റാവത്ത് പറഞ്ഞു. താലിബാൻ വിഷയത്തിൽ സ്വീകരിക്കുന്ന നയം കശ്മീർ പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റാവത്ത്. പാകിസ്ഥാൻ, ചൈന അതിർത്തികൾ സേന മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ജമ്മു -കശ്മീരിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് റാവത്ത് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top