28 November Saturday

ബൊഫോഴ്‌സ്‌ മുതൽ 2ജി വരെ ; തോല്‍ക്കാതിരിക്കാന്‍ എനിക്കാവതില്ലേ

എം പ്രശാന്ത‌്Updated: Saturday Oct 10, 2020


‘ഏഴുവർഷമായി എല്ലാ പ്രവൃത്തി ദിവസവും വേനലവധിക്കാലത്തടക്കം, തുറന്ന കോടതിയിൽ പകൽ 10 മുതൽ അഞ്ചുവരെ നിയമപരമായി അംഗീകരിക്കാവുന്ന എന്തെങ്കിലും തെളിവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ  കാത്തിരുന്നു. ഒരാളും വന്നില്ല. എല്ലാം വെറുതെയായി’–- രാജ്യത്തെ ഞെട്ടിച്ച 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ മുൻ മന്ത്രി എ രാജയടക്കം എല്ലാ പ്രതികളെയും വെറുതെവിട്ട വിധിന്യായത്തിൽ പ്രത്യേക ജഡ്‌ജി ഒ പി സെയ്‌നി കുറിച്ചു. തെളിവ് നിരത്തുന്നതില്‍ പ്രോസിക്യൂഷൻ ഏങ്ങനെയെല്ലാം പരാജയപ്പെട്ടെന്ന്‌ 1552 പേജുള്ള വിധിന്യായത്തിൽ വിവരിച്ചു‌. കേസ് അന്വേഷിച്ചത് സിബിഐ.

എന്തിനോവേണ്ടി തിളച്ച 2ജി അന്വേഷണം
അന്വേഷണ ഏജൻസി എങ്ങനെ ആകരുതെന്ന പാഠപുസ്‌തകമായി‌ 2ജി കേസ്‌ വിധി. ‘വിചാരണ ആവേശത്തോടെയാണ്‌ പ്രോസിക്യൂഷൻ തുടങ്ങിയത്. കേസ്‌ പുരോഗമിച്ചതോടെ സ്ഥിതി മാറി. എന്താണ്‌ തെളിയിക്കേണ്ടതെന്നുപോലും ധാരണയില്ലാതായി. അവസാനം പ്രോസിക്യൂഷന്റെ  ദിശാബോധം നഷ്ടപ്പെട്ടു’ – വിധിന്യായത്തില്‍ പറഞ്ഞു. സ്‌പെക്ട്രം ഇടപാടിൽ 1.76 ലക്ഷം കോടി നഷ്ടമെന്നാണ് സിഎജി കണ്ടെത്തൽ. സിബിഐ കുറ്റപത്രത്തിൽ നഷ്ടം 30,984 കോടി. 2001 ലെയും 2007ലെയും ലേലത്തുകയിലെ വ്യത്യാസം കണക്കിലെടുത്താണ്‌ നഷ്ടക്കണക്കെന്ന്‌ സിബിഐ അവകാശപ്പെട്ടു. ആയിരക്കണക്കിനു രേഖ സമർപ്പിച്ചു. എന്നാൽ, കേസ്‌ ജയിക്കാൻ പര്യാപ്‌തമായ ഒന്നും രേഖകളിലുണ്ടായില്ല. വമ്പന്മാർ ഉൾപ്പെട്ട കേസിലെ വീഴ്‌ച ബോധപൂർവമാണോയെന്ന സംശയം പല കോണിലും ഉയർന്നു‌. 2014ൽ മോഡി സർക്കാർ അധികാരത്തിലെത്തിയപ്പോഴും കേസ്‌ നടത്തിപ്പിന്റെ സമീപനം മാറിയില്ല.

സാക്ഷികള്‍ പോലും തള്ളിപ്പറഞ്ഞു
സിബിഐയുടെ സാക്ഷികൾ സിബിഐയുടെ കണ്ടെത്തലുകളെ കോടതിയില്‍ തള്ളിപ്പറഞ്ഞു. അഴിമതിയിൽ ഉൾപ്പെട്ട ഡിബി റിയാലിറ്റിയുടെ ഉടമകളും മന്ത്രി എ രാജയും തമ്മിൽ 2004 മുതൽ ബന്ധമുണ്ടെന്ന്‌ സ്ഥാപിക്കാൻ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി ആശീർവാദം ആചാരിയെ ഹാജരാക്കി‌. രാജയും ഉടമകളും തമ്മിൽ 20 വട്ടം കണ്ടെന്ന്‌ ആചാരി പറഞ്ഞെങ്കിലും രേഖാമൂലമുള്ള തെളിവ് നല്‍കാനായില്ല. കലാനിധി മാരന്റെ കലൈഞ്‌ജർ ടിവിയിലേക്ക്‌ 200 കോടി കോഴ എത്തിയെന്നതും സിബിഐക്ക്‌ സ്ഥാപിക്കാനായില്ല. ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റുകൾപോലും ഹാജരാക്കാനായില്ല. കേസിൽ ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നല്‍കിയെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.

64 കോടി കോഴ അന്വേഷിക്കാന്‍ ചെലവ് 250 കോടി
ഖജനാവിന്‌ 250 കോടി രൂപയുടെ നഷ്ടം വരുത്തിയ ബൊഫോഴ്‌സ്‌ അന്വേഷണം ഖജനാവിന്‌ നഷ്ടം വന്നുവെന്നല്ലാതെ അന്വേഷണംകൊണ്ട്‌ ഒരു നേട്ടവുമുണ്ടായില്ല–- കോടതിയിൽനിന്ന്‌ ഇത്തരമൊരു പരിഹാസം സിബിഐക്ക് കേൾക്കേണ്ടി വരുന്നത്‌ ബൊഫോഴ്‌സ്‌ കേസിൽ. ‘ക്വട്‌റോച്ചിക്ക്‌ കോഴയായി 64 കോടി കിട്ടിയെന്ന് തെളിയിക്കാനുള്ള അന്വേഷണം നടത്താന്‍  2005 വരെ സിബിഐ ചെലവിട്ടത് 250 കോടി. 21 വർഷം കേസ് നടത്തി, നിയമപരമായി പരിഗണിക്കാവുന്ന ഒറ്റതെളിവും കൊണ്ടുവന്നില്ല.’ രാജീവ്‌ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും അടുപ്പക്കാരനായ ഇറ്റാലിയൻ ബിസിനസുകാരൻ ഒട്ടാവിയോ ക്വട്‌റോച്ചിയെ കേസിൽനിന്ന്‌ ഒഴിവാക്കി വിധി പറയവെയാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതി ജഡ്‌ജി വിനോദ്‌ യാദവിന്റെ പരാമര്‍ശം.

കേസ് ഏറ്റെടുത്തത് 1990ല്‍. കുറ്റപത്രം 1999ൽ. 2002ൽ ഡൽഹി ഹൈക്കോടതി കേസ്‌ റദ്ദാക്കി. സുപ്രീംകോടതി കേസ്‌ പുനഃസ്ഥാപിച്ചെങ്കിലും 2004 ഫെബ്രുവരിയിൽ രാജീവിനും മറ്റുമെതിരായ കോഴയാരോപണങ്ങൾ ഹൈക്കോടതി തള്ളി. ഹിന്ദുജ സഹോദരന്മാരെ 2005ൽ വിട്ടയച്ചു. ഏറ്റവുമൊടുവിൽ ക്വട്‌റോച്ചിയും ഒഴിവാക്കപ്പെട്ടു. കേസിൽ ചില പുതിയ കണ്ടെത്തലുകളുണ്ടെന്ന്‌ അറിയിച്ച്‌ സിബിഐ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും 2019 മെയ്‌ മാസത്തിൽ അപേക്ഷ പിൻവലിച്ചു.

തോൽവിയുടെ നീണ്ട നീണ്ട പട്ടിക
ജെഎൻയു വിദ്യാർഥി നജീബ്‌ അഹമ്മദിന്റെ തിരോധാനം‌, ആരുഷി തൽവാർ വധം‌, ധാബോൽക്കർ വധം‌, ജിയാഖാന്റെ ആത്മഹത്യ‌, എയർസെൽ–- മാക്‌സിസ്‌ ഇടപാട്‌ തുടങ്ങി സിബിഐ തോറ്റ സുപ്രധാന കേസുകളുടെ പട്ടിക നീണ്ടത്‌.

● 2016 ഒക്ടോബറില്‍‌ നജീബിനെ കാണാതായി. എബിവിപിക്കാർ നജീബിനെ മർദിച്ചിതിനു പിന്നാലെയാണ് കാണാതായത്.  2017 മെയിൽ കേസ്‌ ഏറ്റെടുത്ത സിബിഐ നജീബിനെ കണ്ടെത്താനായില്ലെന്ന്‌ അറിയിച്ച്‌ 2018 ഒക്ടോബറിൽ അന്തിമറിപ്പോർട്ട്‌ നൽകി.

● ആരുഷി തൽവാർ കേസിൽ മാതാപിതാക്കളെ വിചാരണക്കോടതി കുറ്റക്കാരായി വിധിച്ചെങ്കിലും അലഹബാദ്‌ ഹൈക്കോടതി കുറ്റവിമുക്തരാക്കി. സിനിമാകഥപോലെ സംഭവപരമ്പര എഴുതിയതല്ലാതെ തെളിവ് ഹാജരാക്കാനായില്ല.

● എയർസെൽ–- മാക്‌സിസ്‌ കേസിൽ മുൻമന്ത്രി ദയാനിധി മാരൻ, സഹോദരൻ കലാനിധി മാരൻ എന്നിവർക്കെതിരായി 2014 ആഗസ്‌തിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, 2017 ഫെബ്രുവരിയിൽ സിബിഐ കോടതി ഇവരെ കുറ്റവിമുക്തരാക്കി.

● 2013 ആഗസ്‌തിലാണ്‌ അന്ധവിശ്വാസങ്ങൾക്കെതിരായ പോരാളി നരേന്ദ്ര ധാബോൽക്കർ കൊല്ലപ്പെട്ടത്‌. 2014 ജൂലൈയിൽ കേസ്‌ ഏറ്റെടുത്തു. വർഷം ആറ്‌ കഴിഞ്ഞിട്ടും കേസ് തുടങ്ങിയിടത്തുതന്നെ.

● ബോളിവുഡ്‌ താരം ജിയാഖാൻ ആത്മഹത്യ ചെയ്‌ത കേസിലും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല.
 

തോറ്റത്‌ സുപ്രീംകോടതിയിൽ ജയിച്ച കേസ്‌
സ്‌പെക്ട്രം ലൈസൻസുകൾ വിതരണം ചെയ്‌തതിൽ ക്രമക്കേടുണ്ടെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ച ഒരു കേസിൽ സിബിഐ തോറ്റത്‌ അത്ഭുതകരമാണെന്ന്‌ മുതിർന്ന അഭിഭാഷകൻ രാജീവ്‌ ധവാൻ. സുപ്രീംകോടതിയിൽ ജയിക്കുന്ന യുദ്ധങ്ങൾ എങ്ങനെയാണ്‌ കീഴ്‌കോടതികളിൽ തോൽക്കുന്നത് എന്നതിന്‌ ഉദാഹരണമാണിതെന്നും ധവാൻ കൂട്ടിച്ചേർത്തു. 

2ജി കേസിൽ തീർത്തും അലക്ഷ്യമായ അന്വേഷണമാണ്‌ നടന്നതെന്നും കേസ്‌ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ ദവെ പറഞ്ഞു. സിബിഐ പോലൊരു മുന്തിയ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയിൽ ഗുരുതര സംശയം ഉയർത്തുന്നതാണ്‌ 2ജി കേസ് വിധിയെന്നും ദവെ ചൂണ്ടിക്കാട്ടി.

(നാളെ: കേന്ദ്രം ഉലയുമ്പോഴും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഉയരുന്ന നീതിബോധം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top