24 October Thursday

വണ്ടി വാങ്ങാനാളില്ല; രണ്ട്‌ പതിറ്റാണ്ടിലെ വലിയ കൂപ്പുകുത്തൽ

എം അഖിൽUpdated: Tuesday Sep 10, 2019

ന്യൂഡൽഹി > രാജ്യത്തെ വാഹനവിപണി നേരിടുന്നത്‌ രണ്ട്‌ പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി. ഈ വർഷം യാത്രാവാഹനങ്ങളുടെ വിൽപ്പന 31.60 ശതമാനം ഇടിഞ്ഞെന്നും ഇത്രയും മോശം സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും  സൊസൈറ്റി ഓഫ്‌ ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്‌ചേഴ്‌സ്‌ (എസ്‌ഐഎഎം) വെളിപ്പെടുത്തി. 

വാഹനങ്ങളുടെ മൊത്തവിൽപ്പന സംബന്ധിച്ച വിവരം 1997–-1998 മുതൽ രേഖപ്പെടുത്താറുണ്ട്.  2018 ആഗസ്‌തിലെ  കണക്കുമായി തട്ടിച്ചാല്‍ ഇക്കുറി വന്‍ ഇടിവുണ്ടായി. കാറുകളുടെയും ആഡംബരവാഹനങ്ങളുടെയും (എസ്‌യുവി) വിൽപ്പന 41 ശതമാനം ഇടിഞ്ഞു. ബസുകളുടെയും ട്രക്കുകളുടെയും വിൽപ്പന 39 ശതമാനവും ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 22 ശതമാനവും കുറഞ്ഞു. മാരുതി സുസുക്കി വിൽപ്പനയിൽ 36 ശതമാനവും മഹീന്ദ്ര ആൻഡ്‌ മഹീന്ദ്ര 31 ശതമാനവും ഹ്യുണ്ടായ്‌ മോട്ടോർ ഇന്ത്യ 17 ശതമാനവും  കുറഞ്ഞു. ഹോണ്ട കാർസ്‌ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്‌ തുടങ്ങിയ കമ്പനികൾക്കും വൻ നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ആഗസ്‌തിൽ വിറ്റതിന്റെ പകുതി കാറുകൾ മാത്രമേ ഈ ആഗസ്‌തിൽ വിറ്റിട്ടുള്ളുവെന്ന്‌ കമ്പനി  അറിയിച്ചു. വാണിജ്യവാഹനങ്ങളുടെ വിൽപ്പനയിലും 39 ശതമാനം ഇടിവ്‌ രേഖപ്പെടുത്തി.

ജനുവരി മുതൽ ആഗസ്‌ത്‌ വരെ വാഹനവിൽപ്പനയിൽ തുടർച്ചയായ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. ജനുവരി (1.87 ശതമാനം), ഫെബ്രുവരി (1.11), മാർച്ച്‌ (2.96), ഏപ്രിൽ (17.07), മെയ്‌ (20.55), ജൂൺ (17.54), ജൂലൈ (30.98), ആഗസ്‌ത്‌ (31.60) എന്നിങ്ങനെയാണ്‌ 2019ൽ യാത്രാവാഹനങ്ങളുടെ വിൽപ്പനയിൽ രേഖപ്പെടുത്തിയ ഇടിവ്‌. 

ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിലുണ്ടായ പിന്നോട്ടടി ഹീറോ മോട്ടോർ കോർപ്, ഹോണ്ട മോട്ടോർ സൈക്കിൾ, സ്‌കൂട്ടേഴ്‌സ്‌ ഇന്ത്യ, ബജാജ്‌ ഓട്ടോ, ടിവിഎസ്‌ മോട്ടോഴ്‌സ്‌ തുടങ്ങിയ കമ്പനികളെയും പ്രതിസന്ധിയിലാക്കി. ചരിത്രത്തിലെ വൻപ്രതിസന്ധി നേരിടുന്ന വാഹനവിപണിയെ ഉത്തേജിപ്പിക്കാൻ  സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ കേന്ദ്രസർക്കാർ വാഗ്‌ദാനം ചെയ്‌തിരുന്നു.  വാഗ്‌ദാനങ്ങൾക്കും അവകാശവാദങ്ങൾക്കും ഇടയിലും പ്രതിസന്ധി  രൂക്ഷമാകുകയാണെന്ന്‌ വിദഗ്‌ധർ പ്രതികരിച്ചു.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌ഘടനയായ ഇന്ത്യയുടെ ജിഡിപിയുടെ ഏഴ്‌ ശതമാനം വാഹനവിപണിയില്‍ നിന്നാണ് എത്തുന്നത്. കോടിക്കണക്കിന്‌ ആളുകൾക്ക്‌ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയുടെ കൂപ്പുകുത്തൽ സാമ്പത്തികവിദഗ്‌ധർ ആശങ്കയോടെയാണ്‌ കാണുന്നത്‌.


പ്രധാന വാർത്തകൾ
 Top