20 August Tuesday

കമൽനാഥിനെതിരായ റെയ‌്ഡ‌് ; റവന്യൂ സെക്രട്ടറി തെരഞ്ഞെടുപ്പ‌് കമീഷനെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019



ന്യൂഡൽഹി
മധ്യപ്രദേശ‌് മുഖ്യമന്ത്രി കമൽനാഥിന്റെ സഹായികളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ‌് നടത്തിയ റെയ‌്ഡ‌് വിവാദമായ പശ‌്ചാത്തലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ റവന്യൂ സെക്രട്ടറിയെയും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ‌് അധ്യക്ഷനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. റവന്യൂ സെക്രട്ടറി എ ബി പാണ്ഡെ, സിബിഡിടി അധ്യക്ഷൻ പി സി മോഡി എന്നിവരെയാണ‌് ചൊവ്വാഴ‌്ച തെരഞ്ഞെടുപ്പ‌് കമീഷൻ ഓഫീസിൽ വിളിച്ചുവരുത്തിയത‌്.

റെയ‌്ഡിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ‌് കമീഷനെ അറിയിച്ചു. സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസറെ അറിയിക്കാതെ റെയ‌്ഡു നടത്തിയതിലുള്ള അതൃപ‌്തി കമീഷൻ പ്രകടമാക്കി. കമൽനാഥിന്റെ ഒഎ‌സ‌്ഡിയായിരുന്ന പ്രവീൺ കക്കാഡ‌്, ഉപദേശകനായിരുന്ന രാജേന്ദ്ര മിഗ്ലാനി എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ‌് റെയ‌്ഡ‌് നടത്തിയത‌്. കമൽനാഥിന്റെ ചില ബന്ധുക്കളുടെ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുടെ ഓഫീസുകളിലും റെയ‌്ഡുണ്ടായി.

20 കോടിയോളം രൂപ ഹവാല വഴി ഡൽഹിയിലെ ഒരു രാഷ്ട്രീയ പാർടിയുടെ ഓഫീസിലേക്ക‌് എത്തിച്ചുവെന്നും തുഗ്ലക്ക‌് റോഡിൽ താമസിക്കുന്ന ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ വസതിയിൽ നിന്നാണ‌് പണം പോയതെന്നും ഐടി വകുപ്പ‌് അറിയിച്ചു. കണക്കിൽപ്പെടാത്ത 14.6 കോടി രൂപ പിടിച്ചെടുത്തു. 2542 മദ്യക്കുപ്പികൾ, ആയുധങ്ങൾ, കടുവാത്തോൽ എന്നിവയും കണ്ടെടുത്തു.

മധ്യപ്രദേശിലെ റെയ‌്ഡിൽ 281 കോടി രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ‌്ത റാക്കറ്റിനെ പുറത്തു കൊണ്ടുവരാനായി. ബിസിനസ‌്, രാഷ്ട്രീയം, പൊതുസേവനം എന്നീ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നവരിൽ നിന്നാണ‌് ഇത്രയും പണം സമാഹരിച്ചത‌്. ഡൽഹിയിൽ ഒരു മുതിർന്ന പൊതുപ്രവർത്തകന്റെ അടുത്ത ബന്ധുവിന്റെ വസതിയിലെ റെയ‌്ഡിൽ കള്ളപ്പണ ഇടപാടിന്റെ വലിയ തെളിവുകൾ ലഭിച്ചു. 230 കോടി രൂപയുടെ കള്ളപ്പണ ഇടപാട‌് രേഖപ്പെടുത്തിയ കാഷ‌് ബുക്ക‌്, കള്ളബില്ലുകൾ വഴി 242 കോടി രൂപയുടെ വെട്ടിപ്പ‌് നടത്തിയതിന്റെ വിവരങ്ങൾ, കള്ളപ്പണ കേന്ദ്രങ്ങളായി അറിയപ്പെടുന്ന രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൺപതോളം കമ്പനികളുടെ വിവരങ്ങൾ എന്നിവയാണ‌് ലഭ്യമായത‌്. ഡൽഹിയിലെ ആഡംബര മേഖലകളിൽ സമ്പാദിച്ചിട്ടുള്ള ബിനാമി സ്വത്തുക്കളുടെ വിവരങ്ങളുമുണ്ട‌്–- ഐടി വകുപ്പ‌് അറിയിച്ചു.

തെരഞ്ഞെടുപ്പ‌് സമയത്തെ ഐടി വകുപ്പിന്റെ പക്ഷപാതപരമായ ഇടപെടൽ പെരുമാറ്റചട്ട ലംഘനമാണെന്ന‌് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ‌് കമീഷനെ സമീപിച്ചിരുന്നു. റെയ‌്ഡുകൾ നടത്തുന്നതിന‌് മുമ്പായി നടപടിയെടുക്കാൻ തക്കവിധമുള്ള ഇന്റലിജൻസ‌് വിവരങ്ങൾ ലഭിക്കേണ്ടതുണ്ട‌്. അങ്ങനെയെങ്കിൽ മാത്രമേ ഐടി വകുപ്പിന‌് ഇടപെടാനാകൂ. ഈ നിബന്ധന പാലിക്കാറുണ്ട‌്. അത‌് തുടരും–- തെരഞ്ഞെടുപ്പ‌് കമീഷനുള്ള മറുപടിയിൽ റവന്യൂ വകുപ്പ‌് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top