26 November Thursday

കാണ്‍പുര്‍ കൂട്ടക്കൊല : വികാസ്‌ വീണ്ടും പൊലീസിനെ വെട്ടിച്ച്‌ കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


ന്യൂഡൽഹി
കാൺപുരിൽ എട്ട്‌ പൊലീസുകാരെ വധിച്ച കൊടുംകുറ്റവാളി വികാസ്‌ ദുബെ വീണ്ടും പൊലീസിനെ വെട്ടിച്ച് കടന്നു. ഡൽഹിക്കടുത്ത്‌ ഫരീദാബാദിലെ ഹോട്ടലിൽ വികാസ്‌ നിൽക്കുന്ന‌ സിസിടിവി ദൃശ്യം പുറത്തുവന്നെങ്കിലും പൊലീസ് എത്തുംമുമ്പ്‌ ‌ രക്ഷപ്പെട്ടു. ഒളിവില്‍പോകാന്‍ സഹായിച്ച അങ്കുർ, ശ്രാവൺ, കാർത്തികേയ്‌ എന്നിവരെ അറസ്റ്റ്‌ ചെയ്‌തു.യുപി പൊലീസിലെ ഉന്നതരുമായി ഇയാള്‍ക്ക് ഇപ്പോഴും ബന്ധമുള്ളതിനാലാണ് രക്ഷപ്പെടാനായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇയാള്‍ ഡല്‍ഹിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ട്. വിവരം നൽകുന്നവർക്കുള്ള പാരിതോഷികം 2.5 ലക്ഷത്തിൽനിന്ന്‌ അഞ്ച്‌ ലക്ഷമാക്കി യുപി പൊലീസ് ഉയര്‍ത്തി.
കൂട്ടാളി കൊല്ലപ്പെട്ടു

അതിനിടെ, വികാസ്‌ ദുബെയുടെ അടുത്ത അനുയായി അമർ ദുബെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വലതുകാൽമുട്ടിന്‌ വെടിയേറ്റ മറ്റൊരു അനുയായി ശ്യാമു ബാജ്‌പേയി അറസ്റ്റിലായി. ബുധനാഴ്‌ച രാവിലെ‌ ഹാമിർപുരിലെ മൗദാഹയിലാണ് ഏറ്റുമുട്ടലുണ്ടായത്.

രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍
വികാസ്‌ ദുബെയെ രക്ഷപ്പെടാൻ സഹായിച്ച ഇൻസ്‌പെക്ടർ വിനയ്‌ തിവാരി അറസ്റ്റിൽ. ചൗബേപുർ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസറായിരുന്ന ഇയാളെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. സ്‌റ്റേഷനിലെ ബീറ്റ്‌ ഇൻ ചാർജ്‌ കെ കെ ശർമയും അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്‌ച വികാസ്‌ ദുബെയെ അറസ്റ്റ്‌ ചെയ്യാൻ പോയ സംഘത്തിലുണ്ടായിരുന്ന ഇരുവരും സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സംഭവസ്ഥലത്തുനിന്ന്‌ കടന്നതായി  വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top