17 July Wednesday

കണ്ണില്ലാത്ത ക്രൂരത : മധ്യപ്രദേശിൽ 2 കുട്ടികളെ ബലാത്സംഗംചെയ‌്ത‌് കൊന്നുതള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019


ഭോപാൽ
മധ്യപ്രദേശിൽ രണ്ട‌് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചു വയസ്സുകാരിയെയും എട്ട‌ു വയസ്സുകാരിയെയും തട്ടിക്കൊണ്ടുപോയി  ബലാത്സംഗംചെയ‌്ത‌് കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞു.

ഉജ്ജയ‌്നിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി നദിയിൽ വലിച്ചെറിഞ്ഞ സംഭവത്തില്‍  ഇരുപതുകാരനായ ശിവ മറാത്തയെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി കാണാതായ കുഞ്ഞിന്റെ മൃതദേഹം ഭോപാലില്‍നിന്ന‌് 190 കിലോമീറ്റര്‍ അകലെ ഉജ്ജയ്‌നിലെ ഷിപ്ര നദിയില്‍നിന്നാണ് കണ്ടെത്തിയത്. കുഞ്ഞ് ലൈം​ഗികാതിക്രമത്തിന് ഇരയായെന്നും തലയ‌്ക്ക‌് ഇഷ‌്ടികവച്ച‌് അടിച്ച പാടുണ്ടെന്നും പൊലീസ് അറിയിച്ചു.

തലസ്ഥാനമായ ഭോപാലില്‍ അഴുക്കുചാലില്‍ തള്ളിയനിലയിലാണ്  എട്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി ബലാത്സംഗത്തിന‌് ഇരയായതായി  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

ശനിയാഴ‌്ച രാത്രി എട്ടോടെ വീടിന‌ു സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

യുപിയിൽ 10 വയസ്സുകാരിയെ
ലഖ‌്നൗ
അലിഗഢിൽ രണ്ടുവയസ്സുകാരിയെ നിഷ‌്ഠുരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍നിന്ന‌് രാജ്യം മോചിതമാകുംമുമ്പ് ഉത്തര്‍പ്രദേശില്‍നിന്ന് വീണ്ടും പിഞ്ചുകുട്ടിയുടെ ലൈം​ഗികചൂഷണ കൊലപാതകം. ഹാമീർപുരിൽ പത്തുവയസ്സുകാരിയായ ദളിത‌് പെൺകുട്ടിയെ ബലാത്സംഗംചെയ‌്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള ശവപ്പറമ്പില്‍ ന​ഗ്നമായ നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത‌്. അച്ഛൻ ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. രാത്രിയിൽ കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് കരുതുന്നു.
കുട്ടികള്‍ക്കെതിരായ അതിക്രമം വ്യാപിക്കുന്നതില്‍ രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്ന‌് മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. പിന്നീട് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ സ്ഥലത്തെത്തി വീട്ടുകാരുമായും ഗ്രാമീണരുമായും ചർച്ചചെയ‌്തശേഷം മൃതദേഹം പോസ‌്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക‌് മാറ്റി.

 


പ്രധാന വാർത്തകൾ
 Top