09 August Sunday

ഇപിഎഫ് അടുത്തമാസംവരെ ‌കേന്ദ്രം അടയ്‌ക്കും ; സൗജന്യ റേഷൻ 5 മാസത്തേക്ക് കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


ന്യൂഡൽഹി
ചെറുകിട സ്ഥാപനങ്ങളിലെ ഇപിഎഫ്‌ വിഹിതം ആഗസ്‌ത്‌ വരെ കേന്ദ്രസർക്കാർ അടയ്‌ക്കും. നൂറിൽ താഴെ ജീവനക്കാർ ഉള്ള, 90ശതമാനം പേരും 15,000 രൂപയിൽ താഴെ വേതനം വാങ്ങുന്ന സ്ഥാപനങ്ങളിൽ തൊഴിലാളികളുടെയും തൊഴിലുടമയുടെയും വിഹിതം അടയ്‌ക്കുന്ന പദ്ധതി നീട്ടാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.  മാർച്ചുമുതൽ മെയ് വരെയാണ് ആദ്യം  പ്രഖ്യാപിച്ചത്.

കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യറേഷൻ പദ്ധതി നവംബർവരെ നീട്ടും. 81 കോടി പേര്‍ക്ക് പ്രതിമാസം അഞ്ചു കിലോ വീതം അരി അല്ലെങ്കിൽ ഗോതമ്പ്, ഒരു കിലോ കടല എന്നിവ വീതം നല്‍കും. സൗജന്യ പാചകവാതക പദ്ധതി പ്രകാരമുള്ള ആനുകൂല്യം ജൂലൈ ഒന്നുമുതൽ മൂന്നുമാസത്തേക്ക് നീട്ടി.

●നഗരങ്ങളിലെ കുടിയേറ്റക്കാർക്കും പാവപ്പെട്ടവർക്കും വിദ്യാർഥികൾക്കും കുറഞ്ഞ വാടകയിൽ ഭവനസമുച്ചയം നിർമിക്കും. ഒഴിഞ്ഞുകിടക്കുന്നതും സർക്കാർ സഹായത്തോടെ നിർമിച്ചതുമായ ഭവനസമുച്ചയങ്ങൾ 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത് നവീകരിച്ച് നല്‍കും. പദ്ധതിക്കായി 600 കോടി ചെലവിടും.

● കാർഷിക മേഖലയിൽ ഒരു ലക്ഷം കോടി രൂപവരെ ഇടക്കാല,- ദീർഘകാല വായ്പ നൽകുന്ന കാർഷിക പശ്‌ചാത്തല ഫണ്ടിനും (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) അംഗീകാരം. 10,000 കോടിയിൽ തുടങ്ങി അടുത്ത ഓരോ സാമ്പത്തിക വർഷവും 30,000 കോടി വീതം നാലു വർഷം കൊണ്ട്‌ വായ്പ നല്‍കും. പ്രതിവർഷം മൂന്നുശതമാനം വീതം ഏഴുവർഷം പലിശയിളവ് ലഭിക്കും. ആറുമാസംമുതൽ പരമാവധി രണ്ടു വർഷംവരെ തിരിച്ചടവിന് മൊറട്ടോറിയം ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top