26 May Tuesday

അടച്ചുപൂട്ടൽ : വരുമാനം ഇടിഞ്ഞ്‌ സംസ്ഥാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020


ന്യൂഡൽഹി
കോവിഡും അടച്ചുപൂട്ടലും സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. വരുമാനം നഷ്ടപ്പെട്ട സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചു.  പ്രത്യാഘാതം നേരിടാൻ സംസ്ഥാനങ്ങൾ 1.60 ലക്ഷം കോടി രൂപ അധികം ചെലവിടേണ്ടിവരുമെന്ന്‌ എസ്‌ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്‌ സൗമ്യ കാന്തി ഘോഷ്‌ പറഞ്ഞു.
അടച്ചുപൂട്ടലിന്റെ ആദ്യ ആഴ്‌ചയിൽ(മാർച്ച്‌ 25–-31) സംസ്ഥാനങ്ങളുടെ നികുതിവരുമാനം വൻതോതിൽ ഇടിഞ്ഞു. ഏപ്രിൽ 14 വരെയാണ്‌ നിലവിൽ അടച്ചുപൂട്ടൽ. നീണ്ടുപോകാനാണ്‌ സാധ്യത.

സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം ആശ്വാസം നൽകണമെന്ന്‌ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌ പറഞ്ഞു. ശമ്പളം നൽകാനും ഇതര ആവശ്യങ്ങൾക്കുമായി പഞ്ചാബ്‌ കേന്ദ്രത്തോട്‌ 6,000 കോടി രൂപ ആവശ്യപ്പെട്ടു. പശ്‌ചിമ ബംഗാളിന്റെ വരുമാനകമ്മി കുടിശ്ശിക 5,013 കോടി രൂപ 1,671  കോടി വീതമുള്ള മൂന്ന്‌ ഗഡുവായി നൽകണമെന്ന്‌ സംസ്ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. കടമെടുപ്പിനുള്ള പരിധി സംസ്ഥാന ജിഡിപിയുടെ മൂന്ന്‌ ശതമാനം എന്നത്‌ അഞ്ച്‌ ശതമാനമായി ഉയർത്തണമെന്നും പശ്‌ചിമ ബംഗാൾ ആവശ്യപ്പെട്ടു. ഈ പരിധി ഉയർത്തണമെന്ന്‌ കേരളവും ആവശ്യപ്പെട്ടിട്ടുണ്ട്‌. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും  ശമ്പളവിതരണം രണ്ട്‌ ഘട്ടമാക്കി. തെലങ്കാനയിൽ ശമ്പളം ഗണ്യമായി വെട്ടിക്കുറച്ചു.

രണ്ടാഴ്‌ചയിൽ അഞ്ച്‌ കോടിയോളം പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടുവെന്ന്‌ സർവേകൾ വ്യക്തമാക്കുന്നു. സർവസ്‌പർശിയായ സ്‌തംഭനമാണ്‌ സാമ്പത്തിക–-സാമൂഹ്യജീവിതത്തിൽ സംഭവിച്ചത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top