14 August Friday

യുപിയിൽ ഗുണ്ടകൾ 8 പൊലീസുകാരെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


ന്യൂഡൽഹി
ഉത്തർപ്രദേശിലെ കാൺപുരിൽ ഡിവൈഎസ്‌പിയും മൂന്ന്‌ എസ്‌ഐമാരുമടക്കം എട്ട്‌ പൊലീസുകാരെ ക്രിമിനൽ സംഘം വെടിവച്ചുകൊന്നു. കൊലപാതകമടക്കം അറുപതോളം കേസിൽ പ്രതിയായ ഗുണ്ടാനേതാവ്‌ വികാസ്‌ ദുബേയെ അറസ്റ്റ്‌ ചെയ്യാനെത്തിയ പൊലീസ്‌ സംഘത്തെയാണ്‌ കൊലപ്പെടുത്തിയത്‌. ചൗബേപുർ ബിക്രു ഗ്രാമത്തിൽ വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെയുണ്ടായ ആക്രമണത്തിൽ നാട്ടുകാരനും ആറ്‌‌ പൊലീസുകാർക്കും പരിക്കേറ്റു. അക്രമിസംഘം എകെ 47 തോക്കുകൾകൊണ്ടാണ്‌ വെടിയുതിർത്തതെന്ന്‌ പൊലീസ്‌ പറഞ്ഞു.

പൊലീസ്‌ നീക്കം മുൻകൂട്ടി അറിഞ്ഞ അക്രമികൾ കെണി ഒരുക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രംകൊണ്ട്‌ ഗ്രാമത്തിലേക്കുള്ള വഴിതടഞ്ഞായിരുന്നു ആക്രമണം. പൊലീസ്‌ സംഘം വാഹനങ്ങളിൽനിന്ന്‌ പുറത്തിറങ്ങിയതോടെ സമീപത്തെ കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്നവർ വെടിയുതിർത്തു. പൊലീസ്‌ പ്രത്യാക്രമണം നടത്തിയെങ്കിലും അക്രമികൾ ഇരുട്ടിൽ രക്ഷപ്പെട്ടു.ഡിവൈഎസ്‌പി ദേവേന്ദ്രമിശ്ര, സ്‌റ്റേഷൻ ഓഫീസർ മഹേഷ്‌ യാദവ്‌, സബ്‌ ഇൻസ്‌പെക്ടർമാരായ അനൂപ്‌ കുമാർ, ബാബുലാൽ, കോൺസ്റ്റബിൾമാരായ സുൽത്താൻ സിങ്‌, രാഹുൽ, ജിതേന്ദ്ര, ബാബ്‌ലു എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

കാൺപുർ ഡിവിഷനിലെ ആറ്‌ ജില്ല അടച്ചിട്ട്‌ പൊലീസ്‌ നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്‌ അക്രമികൾ കൊല്ലപ്പെട്ടു. വികാസിന്റെ അമ്മാവൻ പ്രേംപ്രകാശ്‌ പാണ്ഡെയും സഹായി അതുൽ ദുബേയും അറസ്റ്റിലായെന്ന്‌ പൊലീസ്‌ പറഞ്ഞു. ബിജെപി നേതാവും മുൻ സഹമന്ത്രിയുമായ‌ സന്തോഷ്‌ ശുക്ലയെ പൊലീസ്‌ സ്‌റ്റേഷനുള്ളിൽ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയാണ്‌ വികാസ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top