18 July Thursday

നാഥനില്ലാതെ ദിശതെറ്റി, ഗതിമുട്ടി കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019


ന്യൂഡൽഹി
നാഥനില്ലാതെ ദിശതെറ്റി അലയുന്ന അവസ്ഥയിലാണ് പത്ത‌ുദിവസമായി രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർടിയായ കോൺഗ്രസ‌്. ചാനൽചർച്ചകളിൽ പാർടിവക്താക്കൾക്ക‌് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ പാര്‍ടിയുടെ നവമാധ്യമങ്ങൾ കൈകാര്യംചെയ്യുന്ന ദിവ്യ സ‌്പന്ദനയും ചിരാഗ‌് പട‌്നായിക്കും ട്വിറ്റർ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

പകരക്കാരനെ കണ്ടെത്താന്‍  ഒരുമാസത്തെ സാവകാശം നല്‍കിയെങ്കിലും ഒരു ചർച്ചയും കോൺഗ്രസിൽ ആരംഭിച്ചിട്ടില്ല. രാഹുൽ മനസ്സ‌് മാറ്റുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാര്‍ടി അധ്യക്ഷനില്ലാതെ ഇത്രനാൾ തുടരുന്നത‌് ഇതാദ്യം.

അമേഠിയിൽ  തോറ്റതാണ‌് രാഹുലിനെ മാനസികമായി തകർത്തത‌്. അമേഠിയിൽനിന്ന‌് വയനാട്ടിലേക്ക‌് ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണം ഉത്തരേന്ത്യയിലെ കോൺഗ്രസിന്റെ പൂർണമായ തകർച്ചയ‌്ക്ക‌് വഴിയൊരുക്കിയെന്ന വിലയിരുത്തലുമുണ്ട‌്. എൻസിപി അടക്കമുള്ള ഘടകകക്ഷികൾ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനോട‌് വിയോജിച്ചിരുന്നു. എന്നാൽ, എ കെ ആന്റണിയുടെയും മറ്റും സമ്മർദത്തിന‌ു വഴങ്ങി രാഹുൽ വയനാട്ടിലേക്ക‌് എത്തുകയായിരുന്നു. കോൺഗ്രസിന‌് വലിയ തിരിച്ചടിക്ക‌് കാരണമായ ഈ തീരുമാനം തന്റെ നേതൃപരമായ പിഴവായിക്കൂടി വിലയിരുത്തിയാണ‌് അധ്യക്ഷപദവി രാഹുല്‍ വേണ്ടെന്നുവയ്ക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ രാഹുൽ വയനാട‌് സന്ദർശനത്തിനായി എത്തുന്നുണ്ട‌്. മണ്ഡലത്തില്‍  സ്വീകരണമൊരുക്കി രാഹുലിന്റെ മനസ്സ‌് മാറ്റാമെന്ന പ്രതീക്ഷ കേരളത്തിലെ നേതാക്കൾക്കുണ്ട‌്. ചില ദേശീയമാധ്യമങ്ങളും ഈ വിധത്തിൽ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട‌്.

2014ലെ തെരഞ്ഞെടുപ്പ‌് തോൽവിക്ക‌ുശേഷം കോൺഗ്രസ‌് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രാജിപ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രവർത്തക സമിതി യോഗം ഇത‌് തള്ളിയതോടെ വിഷയം അവസാനിക്കുകയാണുണ്ടായത‌്.

മെയ‌് 24ന‌് ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ ഉയര്‍ന്ന രാഹുലിന്റെ രാജിപ്രഖ്യാപനം പതിവ‌് പല്ലവിയായാണ് നേതാക്കള്‍ വിലയിരുത്തിയത്. രാജിചർച്ച അവിടംകൊണ്ട‌് അവസാനിക്കുമെന്ന‌് പ്രതീക്ഷിച്ച എ കെ  ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അമ്പരപ്പിച്ചുകൊണ്ട‌് യോഗത്തിൽനിന്ന‌് രാഹുൽ ഇറങ്ങിപ്പോയി.

എൻസിപി അധ്യക്ഷൻ ശരത‌് പവാർ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുമായി രാഹുൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ‌്ച നടത്തി. രാജി തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇവരോടും ആവർത്തിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top