08 December Sunday

ഡൽഹി കോടതി സംഘർഷം: പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്യണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

ഡൽഹി കോടതി സംഘർഷം,  ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ
തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു.  ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് (റിട്ട)എസ്‌ പി ഗാർഗിനാണ് അന്വേഷണചുമതല. ആറാഴ്‌ചയ്‌ക്കകം അന്വേഷണം പൂർത്തിയാക്കണം. സിബിഐ ഡയറക്ടർ അന്വേഷണത്തിന്‌ ആവശ്യമായ സഹായങ്ങൾ നൽകണം. ഇന്റലിജൻസ്‌ ബ്യൂറോ, വിജിലൻസ്‌ എന്നീ കേന്ദ്ര ഏജൻസികളും അന്വേഷണത്തെ സഹായിക്കണം. സംഭവത്തിൽ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും ജില്ലാ ബാർ അസോസിയേഷനുകൾക്കും കോടതി നോട്ടീസ് അയച്ചു. 

സംഘർഷത്തിൽ സ്വമേധയാ കേസെടുത്ത ചീഫ്ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച്  ഞായറാഴ്‌ച പ്രത്യേക സിറ്റിങ്ങിലാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.  കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. എത്രയുംവേഗം കേസ്‌ രജിസ്റ്റർ ചെയ്യണം. പരിക്കേറ്റ എല്ലാ അഭിഭാഷകരുടെയും മൊഴി പൊലീസ്‌ രേഖപ്പെടുത്തണം.

സംഭവത്തിൽ നീതിപൂർവ അന്വേഷണം പൊലീസിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ കോടതിയിൽ ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജ്, പരിക്കേറ്റ അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരാതികളിൽ  നാലു കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top